ശബരിമല : അയ്യപ്പന് 18,000 നാളികേരം ഉപയോഗിച്ച് നെയ്യഭിഷേകത്തിനൊരുങ്ങി ശബരിമല.
ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിലൊരു നെയ്യഭിഷേക വഴിപാട് ശബരിമലയിൽ നടക്കുന്നത്. നാളെ പുലർച്ചെയാണ് നെയ്യഭിഷേകം നടക്കുക. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി വ്യവസായി വിഷ്ണു ശരൺ ഭട്ടാണ് നെയ്യഭിഷേകം വഴിപാടായി നേർന്നത്.




18,001 നെയ്‌തേങ്ങയുടെ അഭിഷേകമാണ് നേർന്നിരിക്കുന്നത്. എന്നാൽ 20,000ത്തോളം നാളികേരം അഭിഷേകത്തിനായി തയ്യാറാക്കിയിട്ടുണ്ട്. ചടങ്ങിനായി 18 ലക്ഷം രൂപയും ദേവസ്വത്തിന് ലഭിച്ചു. 2280 കിലോ നെയ്യും 7.5 ടൺ നാളികേരവുമാണ് അഭിഷേകത്തിനായി ഉപയോഗിക്കുന്നത്. 10 ശാന്തിക്കാർ ചേർന്ന് നിറച്ച നെയ്‌തേങ്ങകൾ ഇന്നലെ ശ്രീലകത്തിന് സമീപത്തുള്ള നടയിൽ എത്തിച്ചു.
ആദ്യ നെയ് തേങ്ങ ഉടച്ച് നെയ്യഭിഷേക ഒരുക്കത്തിന് തുടക്കം കുറിച്ചത് സുഹൃത്തും കിളിമാനൂർ സ്വദേശിയുമായ ഉണ്ണികൃഷ്ണൻ പോറ്റിയാണ്. ആദ്യമായാണ് ഒരു ഭക്തൻ ഇത്രയും അളവിൽ നാളികേരം നെയ് നിറച്ച് അയ്യപ്പന് അഭിഷേകം ചെയ്യുന്നതെന്ന് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ കൃഷ്ണ കുമാര വാര്യർ പറഞ്ഞു. ഡിസംബർ 31നാണ് നെയ് തേങ്ങ നിറക്കൽ ചടങ്ങുകൾ പമ്പയിൽ തുടങ്ങിയത്.
പമ്പയിൽ നിന്നും നെയ് നിറച്ച നാളികേരം ഇന്നലെ മുതൽ സന്നിധാനത്തേയ്‌ക്ക് ട്രാക്ടറിലാണ് എത്തിച്ചത്.വർഷങ്ങളായി ദർശനം നടത്തുന്ന ഭക്തൻ, അയ്യപ്പാനുഗ്രഹത്താൽ ആഗ്രഹിച്ച കാര്യം സാധിച്ചതിനുള്ള വഴിപാടായാണ് നെയ്യ് അഭിഷേകം നേർന്നത്. 18 പടികളേയും മലകളേയും സങ്കൽപ്പിച്ചാണ് 18,000 നാളികേരത്തിന്റെ നെയ്യഭിഷേകം.

