Kerala

പോളിംഗ് കുറഞ്ഞപ്പോൾ അന്ന് കേരളത്തിൽ ഇടത് തരംഗം; ഇത്തവണ ആരെ വീഴ്ത്തും ? മുന്നണികളെല്ലാം ആശങ്കയിൽ

കൊച്ചി: നാല്പത് ദിവസത്തെ ആവേശകരമായ പ്രചാരണത്തിനുശേഷമാണ് കേരളം പോളിങ് ബൂത്തിലേക്ക് എത്തിയത്. എന്നാൽ ആ ആവേശമൊന്നും പോളിങ്ങിൽ കണ്ടില്ല എന്നുവേണം പറയാൻ. ഇത്തവണ സംസ്ഥാനത്ത് പോളിങ് ശതമാനത്തിൽ ഇടിവാണു ഉണ്ടായത്. ഇത് എല്ലാ മുന്നണികളെയും ആശങ്കയിലാക്കിയിട്ടുണ്ട്. ഇനി ആര് വാഴും, ആര് വീഴും എന്നൊക്കെ അറിയണമെങ്കിൽ 38 ദിവസം കാത്തിരിക്കണം. ജൂൺ നാലിനാണ് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നത്.

ഇന്നലെ രാത്രി ഏറെ വൈകിയാണ് പല സ്ഥലങ്ങളിലും പോളിംഗ് അവസാനിച്ചത്. എന്നാൽ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 70.35 ശതമാനമാണ് പോളിങ്. രാത്രി വൈകിയും വടകര ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടന്നിരുന്നു. എങ്കിലും ശതമാനക്കണക്കിൽ വലിയൊരു വ്യത്യാസം ഉണ്ടാവുകയില്ല. കഴിഞ്ഞ തവണ 77.68 ശതമാനം പോളിങ് ഉണ്ടായിരുന്നതാണ് ഇത്തവണ കുറഞ്ഞിരിക്കുന്നത്. വിവിധ കാരണങ്ങൾ പോളിങ് കുറയാൻ ഇടയാക്കിയിട്ടുണ്ടാകാമെങ്കിലും ശക്തമായ മത്സരം നടന്ന വടകര പോലുള്ള മണ്ഡലങ്ങളിൽ പോളിങ് കുറഞ്ഞത് മുന്നണികളെ ആശങ്കയിലാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും അവസാനം പോളിങ് അവസാനിച്ചത് വടകര കുറ്റ്യാടി മണ്ഡലത്തിലെ 141-ാം ബൂത്തിലാണ്. മുടപ്പിലാവില്‍ എല്‍പി സ്‌കൂളിൽ രാത്രി 11.43നാണ് അവസാനത്തെ ആള്‍ വോട്ട് ചെയ്തത്. കഴിഞ്ഞതവണ 82.48 ശതമാനമായിരുന്ന വടകരയിലെ പോളിങ്ങെങ്കിൽ ഇന്നലെയത് 73.36 ആയി കുറഞ്ഞു (അന്തിമ കണക്കിൽ മാറ്റം വന്നേക്കാം). വൻ പ്രചാരണം നടന്നിട്ടും പോളിങ് കുറഞ്ഞത് ഇടത് – വലത് മുന്നണികളെ ഞെട്ടിച്ചിരിക്കുകയാണ്.

2004 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുതലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഏറ്റവും കുറവ് പോളിങ്ങാണ് ഇന്നലെ രേഖപ്പെടുത്തിയത്. 2004 – 71.43 ശതമാനം, 2009 -73.20 ശതമാനം, 2014 – 73.94 ശതമാനം, 2019 – 77.68 എന്നിങ്ങനെയായിരുന്നു സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടിങ് ശതമാനം. ഇതിൽ ഏറ്റവും കുറവ് പോളിങ് നടന്ന 2004ൽ കേരളത്തിൽ ഇടത് തരംഗമായിരുന്നു.

71.43 ശതമാനം വോട്ടിങ് രേഖപ്പെടുത്തിയ 2004ൽ 18 സീറ്റുകളും ഇടതുപക്ഷത്തിനൊപ്പമായിരുന്നു. യുഡിഎഫിന് ലഭിച്ചത് രണ്ടേ രണ്ട് സീറ്റുകൾ മാത്രം. എന്നാൽ 2009ൽ 73.20 ശതമാനം വോട്ട് രേഖപ്പെടുത്തിയപ്പോൾ ഇടതുപക്ഷത്തിന് ലഭിച്ചത് വെറും നാല് സീറ്റുകൾ മാത്രം. യുഡിഎഫ് 16 സീറ്റുകളുമായി തിരിച്ചുവന്നു. 2014ൽ 73.94 ശതമാനം വോട്ടുകൾ പെട്ടിയിലായപ്പോഴും മേൽക്കൈ യുഡിഎഫിന് 12 സീറ്റുകളാണ് അന്ന് കോൺഗ്രസ് നയിച്ച മുന്നണിയ്ക്ക് ലഭിച്ചത്. മുൻവർഷത്തിൽ നിന്ന് നില മെച്ചപ്പെടുത്തിയ എൽഡിഎഫ് എട്ടിടത്തും വിജയിച്ചു. പോളിങ് ശതമാനം 77.68 ഉയർന്ന 2019ൽ 19 സീറ്റുകളും യുഡിഎഫിനായിരുന്നു ലഭിച്ചത്. എൽഡിഎഫ് പാനലിൽ മത്സരിച്ചവരിൽ ജയിച്ചത് ഒരേയൊരാൾ മാത്രം.

മികച്ച മത്സരം നടന്ന വടകര മണ്ഡലത്തിലെ കണക്കുകൾ പരിശോധിച്ചാലും യുഡിഎഫിന് തന്നെയാണ് ആശങ്ക. ഐക്യജനാധിപത്യ മുന്നണി മൂന്നാം തവണയും വിജയം ആവർത്തിച്ച 2019ൽ 82.7 ശതമാനമായിരുന്നു വടകരയിലെ വോട്ടിങ് നില. യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ 84663 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു കഴിഞ്ഞതവണ വിജയിച്ചത്. ഇന്നലെ രാത്രിവരെയുള്ള ഔദ്യോഗിക കണക്കിൽ വടകരയിൽ 73.36 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. മണ്ഡല ചരിത്രം നോക്കുമ്പോൾ പോളിങ് ശതമാനം കുറഞ്ഞാൽ ഇടതിനും കൂടിയാൽ യുഡിഎഫിനുമാണ് ഇവിടെ നേട്ടം. പോളിങ് ശതമാനം കുറഞ്ഞ 2004ൽ (75.83) എൽഡിഎഫ് സ്ഥാനാർഥി പി സതീദേവി വിജയിച്ചത് 1,30,589 വോട്ടുകൾക്കായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top