അങ്കമാലിയിൽ ബൈക്ക് ഇടിച്ച് വീഴ്ത്തിയ കെഎസ്ആർടിസി ബസ് അപകടവിവരമറിഞ്ഞിട്ടും നിർത്താതെ പോയതായി പരാതി. അങ്കമാലി കിടങ്ങൂർ സ്വദേശികളായ ബൈക്ക് യാത്രക്കാർ ബിനു അഗസ്റ്റിനും റ്റിജോയ്ക്കുമാണ് അപകടത്തിൽ പരിക്കേറ്റത്. ദേശീയപാതയിൽ നിന്ന് എം സി റോഡിലേക്ക് തിരിയുന്നതിനിടെ ഇവരുടെ ബൈക്കിൽ കെഎസ്ആർടിസി ഇടിയ്ക്കുകയായിരുന്നു.

നാട്ടുകാർ ഓടിക്കൂടി പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതിനിടെ കെഎസ്ആർടിസി യാത്ര തുടർന്നെന്നാണ് നാട്ടുകാരുടെ പരാതി. ഇക്കാര്യം സമീപത്തെ സിസിടിവി ദൃശ്യങ്ങളിലും വ്യക്തമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അങ്കമാലി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.


