തിരുവനന്തപുരം ∙ ഇടതുപാളയം വിട്ടു കോൺഗ്രസിലേക്കു മടങ്ങിയ ചെറിയാൻ ഫിലിപ്പിന്റെ യുട്യൂബ് ചാനലിലെ ആദ്യ പരിപാടിയിൽ തന്നെ മുഖ്യമന്ത്രിക്കും എൽഡിഎഫ് സർക്കാരിനും പരിഹാസവും വിമർശനവും. കോവിഡ് നിരക്കിലും മരണനിരക്കിലും ഒന്നാം റാങ്ക് നേടിയ കേരളം കാക്കത്തൂവൽ അണിഞ്ഞിരിക്കുകയാണെന്നു ചെറിയാൻ പരിഹസിച്ചു.

ഭക്ഷണക്കിറ്റും സാമൂഹിക പെൻഷനും സമൂഹ അടുക്കളയും പോലുള്ള ദാനധർമാദികൾക്കു വേണ്ടി ഖജനാവ് തുറന്നുവച്ച അന്നദാതാവായ പൊന്നുതമ്പുരാനായി മുഖ്യമന്ത്രിയെ അന്നു വൈതാളികൾ വാഴ്ത്തി. ആരോഗ്യമന്ത്രി ടീച്ചറമ്മയ്ക്കു കിട്ടിയ പുരസ്കാരങ്ങളുടെ കൂമ്പാരം എൽഡിഎഫ് പ്രചാരണ ആയുധമാക്കി. കേരളത്തിൽ ഇടതുപക്ഷത്തിന്റെ തുടർഭരണത്തിനു മുഖ്യകാരണം കോവിഡും സർക്കാർ ഉണ്ടാക്കിയ രക്ഷാപരിവേഷവുമാണ്. ഇപ്പോൾ എല്ലാം കീഴ്‌മേൽ മറിഞ്ഞു.
കോവിഡ് കാലത്ത് ജനം മുഖംമൂടി വച്ചപ്പോൾ, സ്ഥിരമായി പൊയ്മുഖങ്ങൾ അണിയുന്ന ഭരണപുംഗവന്മാരെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ലെന്നും ചെറിയാൻ ഫിലിപ്പ് പറയുന്നു. ഒരു പതിറ്റാണ്ടോളം ഇടതു രാഷ്ട്രീയത്തോടു ചേർന്നു നിന്നു ടിവി ചാനലിൽ അവതരിപ്പിച്ച ‘ചെറിയാൻ ഫിലിപ്പ് പ്രതികരിക്കുന്നു’ എന്ന പരിപാടിയാണ് അതേ പേരിൽ പുനരവതരിച്ചിരിക്കുന്നത്.

