കാസർകോട്: ഭിക്ഷാടന മാഫിയ പിടിമുറുക്കിയെന്ന സൂചനയെ തുടര്‍ന്ന് കാഞ്ഞങ്ങാട്ട് പോലീസ് നടത്തിയ പരിശോധനയ്ക്കിടെ കസ്റ്റഡിയിലെടുത്ത രണ്ടുകുട്ടികളേയും ഇവരുടെ മാതാവെന്ന് അവകാശപ്പെട്ട സ്ത്രീയ്ക്കും ഡി.എന്‍.എ പരിശോധന നടത്തും. കഴിഞ്ഞ ദിവസമാണ് കാഞ്ഞങ്ങാട് കോട്ടച്ചേരി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് എട്ടും പതിനെട്ടും വയസുള്ള രണ്ട് കുട്ടികളെ ഭിക്ഷാടനം നടത്തുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ഹോസ്ദുര്‍ഗ് പോലീസ് കസ്റ്റഡിയിലെടുത്തത്. കുട്ടികളെ പരവനടുക്കം മഹിളാ മന്ദിരത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരെ ഭിക്ഷാടനത്തിന് അയച്ച തമിഴ്നാട് സ്വദേശി മല്ലിക (38) യേയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തന്റെ മക്കളാണെന്നാണ് മല്ലിക പോലീസിന് നല്‍കിയ മൊഴി. തനിക്ക് ഒന്‍പതുമക്കളുണ്ടെന്നും ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇവരെയെല്ലാം ഭിക്ഷാടനത്തിന് ഇറക്കുന്നുണ്ടെന്ന സംശയവും പോലീസിനുണ്ട്. ഇതുസംബന്ധിച്ച് വ്യക്തത ലഭിക്കാനാണ് മൂന്നുപേരെയും ഡി.എന്‍.എ പരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചതെന്ന് ഡി.വൈ.എസ്.പി ഡോ.വി ബാലകൃഷ്ണന്‍ പറഞ്ഞു.

വീണ്ടും സജീവമായി ഭിക്ഷാടനമാഫിയ
കൊവിഡിനെ തുടര്‍ന്ന് ഇടക്കാലത്ത് നിലച്ചിരുന്ന ബാലഭിക്ഷാടനം സജീവമായ സാഹചര്യത്തിലാണ് പോലീസ് ഇടപെടല്‍. ചില്‍ഡ്രന്‍ ആന്‍ഡ് പോലീസ് പദ്ധതിപ്രകാരമാണ് കുട്ടികളെ രക്ഷപ്പെടുത്തുന്നത്. കാസര്‍കോട് ജില്ലയില്‍ നേരത്തെ ആറു കുട്ടികളെ രക്ഷപ്പെടുത്തിയതായും ഡി.വൈ.എസ്.പി പറഞ്ഞു. കുട്ടികള്‍ ഭിക്ഷാടകരായി എത്തുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇവര്‍ക്ക് പിന്നില്‍ മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് സംശയമുണ്ട്. ഇത് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് ഡോ.വി.ബാലകൃഷ്ണന്‍ (കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി)

