കൊച്ചി :സുവിശേഷകന് എം.വൈ യോഹന്നാന് അന്തരിച്ചു പ്രമുഖ സുവിശേഷകനും ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ് പ്രസിഡന്റുമായ പ്രഫ.എം.വൈ യോഹന്നാന് (84) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെതുടര്‍ന്നു ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മെഡിക്കല്‍ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന അഗപ്പെ ഡയഗ്നോസ്റ്റിക് ചെയര്‍മാനായ പ്രഫ.എം.വൈ യോഹന്നാന്, കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് റിട്ട.പ്രിന്‍സിപ്പലാണ്. 100ല്‍പരം സുവിശേഷ പുസ്തകങ്ങളുടെ ഗ്രന്ഥകര്‍ത്താവു കൂടിയാണ്.

കോലഞ്ചേരിയിലെ കടയിരുപ്പില്‍ ഇടത്തരം കാര്‍ഷിക കുടുംബത്തിലാണ് പ്രഫ.എം.വൈ യോഹന്നാന് ജനിച്ചത്. സ്വകാര്യ വിദ്യാര്‍ഥിയായി പഠനം നടത്തി ബിരുദവും ബിരുദാനന്തര ബിരുദവും നേടി. പിന്നീട് യൂണിവേഴ്സിറ്റി റാങ്കോടെ ബിഎഡ് പൂര്‍ത്തിയാക്കി.1964ല്‍ സെന്റ് പീറ്റേഴ്സ് കോളജില്‍ അധ്യാപകനായി ചേര്‍ന്നു. 33 വര്‍ഷം ഇതേ കോളജില്‍ അധ്യാപകനായി ജോലി ചെയ്തു. 1995ല്‍ പ്രിന്‍സിപ്പലായി നിയമിതനായി. രണ്ടുവര്‍ഷത്തിനുശേഷം വിരമിച്ചു. ‘സ്വമേധയാ സുവിശേഷ സംഘം’ എന്ന മിഷനറി സംഘത്തിലെ സജീവ അംഗമായിരുന്നു. പതിനേഴാം വയസ്സുമുതല്‍ സുവിശേഷപ്രഘോഷണ രംഗത്തു സജീവമായി. സംസ്കാരം പിന്നീട്.

