Kerala

ജനം പ്രാർത്ഥനയുടെ പരമകോടിയിൽ,വാവ സുരേഷ് മലയാളിയുടെ ഹൃദയത്തിലേക്ക് വീണ്ടും കടന്നു വരുന്നു

 

കോട്ടയം :വാവ സുരേഷിന് പാമ്പ് കടി ഏറ്റെന്ന് അറിഞ്ഞത് മുതൽ കോട്ടയം മെഡിക്കൽ കോളേജിലേക്കും,വാവയുടെ ഫേസ് ബുക്ക് പേജിലേക്കും എത്രയും വേഗം സുഖമാവട്ടെ എന്ന പ്രാർത്ഥന ആശംസകളുടെ പ്രവാഹമായിരുന്നു.ഒരു പൊതു പ്രവര്ത്തകന് പോലും ലഭിക്കാതിരുന്ന സ്വീകാര്യതയും ,സ്നേഹവും പിടിച്ചു പറ്റാൻ ഈ ചെറുപ്പക്കാരന് സാധിച്ചിട്ടുള്ളത് മലയാളിയുടെ മനസ്സിൽ പേടിയോടെ കണ്ടിരുന്ന വിഷപ്പാമ്പുകളെ അഥിതിയായി കണ്ട് സ്നേഹിക്കാൻ പഠിപ്പിച്ചതിന്റെ പ്രത്യുപകാരമായിരുന്നു അത്.ഇന്ന് ഒരുമാതിരി പെട്ടവർക്കൊക്കെ അറിയാം വാവയുടെ ഫോൺ നമ്പർ 9387974441 .പാതിരായ്ക്ക് ശേഷവും ആ ഫോണിലേക്കു കൊച്ചു കുട്ടികൾ വരെ വിളിച്ചു ചോദിക്കും അങ്കിളേ ഇതുവരെ ഉറങ്ങിയില്ലേ.അപ്പോഴും ദേഷ്യപ്പെടാതെ മറുപടി ഉണ്ടാവും മറുതലയ്ക്കൽ നിന്നും .അതാണ് ജനകീയനായ വാവ സുരേഷ്.ആരോഗ്യ മന്ത്രി വീണാ ജോർജ് വാവയുടെ ആരോഗ്യ വിവരങ്ങൾ അധികാരികളുമായി ചോദിച്ചറിഞ്ഞു കൊണ്ടിരുന്നതും ആ ജനകീയതയുടെ നേർക്കാഴ്ചയാണ്.

 

പ്രശസ്തരായി കഴിഞ്ഞാൽ ഭൂതകാലങ്ങളെല്ലാം മറന്നു കൊണ്ട് പുതുമയുടെ പിറകെ പോകുന്ന താര  ജാഡകളുടെ പതിവ് വേഷപ്പകർച്ചകളിൽ  നിന്നും വ്യതിരിക്തമായി പഴയ കൂട്ടുകാരന്റെ വഴിയരികിലെ  ലോട്ടറി കട ഉദ്‌ഘാടനത്തിനു വരെ പോകാൻ സന്മനസ് കാണിക്കുന്ന വാവ സുരേഷിന് ഇന്ന് കേരളത്തിലെ ഒട്ടേറെ പ്രശസ്തരുമായി കൂട്ടുകെട്ടും ബന്ധങ്ങളുമൊക്കെയുണ്ടെങ്കിലും അവയൊന്നും സ്വന്ത നേട്ടത്തിനായി വാവ ഉപയോഗിച്ചിട്ടില്ലെന്നതാണ് അദ്ദേഹത്തെ ജന പ്രിയനാക്കുന്നത്.

.പാമ്പുകളെ ഏറ്റവും പേടിയോടെ മാത്രം കണ്ടിരുന്ന കാലത്തുനിന്ന് പാമ്പുകളെ സ്നേഹത്തോടെ നോക്കാൻ മലയാളിയെ പഠിപ്പിച്ചതും പ്രേരിപ്പിച്ചതും വാവ സുരേഷ് എന്ന തിരുവന്തപുരം ശ്രീകാര്യം സ്വദേശി ആയിരുന്നു. വീടിന്റെ പിന്നാമ്പുറത്തുള്ള വീപ്പകളിൽ നിറയെ മൂർഖൻ പാമ്പുകളെ സൂക്ഷിച്ചിരുന്ന ഒരു കാലം വാവയ്ക്കുണ്ടായിരുന്നു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽനിന്നും പിടികൂടിയ വിഷപ്പാമ്പുകളായിരുന്നു അവ. 35 വർഷമായി, സ്വന്തം വാഹനത്തിൽ, എല്ലാ ചെലവും സ്വയം വഹിച്ച്, സംസ്ഥാനത്തിന്റെ ഏതു ഭാഗത്തും ഓടിയെത്തുന്ന സുരേഷ് മലയാളികളുടെ പ്രിയങ്കരനായി മാറിയത് വെറുതെയല്ല. പെട്രോൾ കാശ് പോലും കിട്ടാതെ, കൊടുത്താലും വാങ്ങാൻ നിൽക്കാതെ, ഒരു ചെറുചിരി സമ്മാനിച്ച് വാവ പാമ്പിനെയും ചാക്കിലാക്കി മടങ്ങുന്നത് നോക്കി നിൽക്കാറുണ്ട് കുട്ടികളും മുതിർന്നവരും ഉൾപ്പെടെയുള്ളവർ.

പാമ്പുപിടിത്തത്തിന്റെ തുടക്കക്കാലത്ത് പാമ്പിനെ കയ്യിൽ പിടിച്ച് ‘ഷോ’ നടത്താൻ വാവ തുനിഞ്ഞിരുന്നു; ശരിയാണ്. പക്ഷേ, ഇപ്പോൾ വാവ അങ്ങനെയൊരു സാഹസത്തിന് മുതിരാറില്ല. പാമ്പിനെ കാണാൻ സ്വാഭാവികമായും പ്രദേശത്തുള്ള നാട്ടുകാർ ഓടിക്കൂടും. അത് പേടി കലർന്ന ഒരു കൗതുകം കൊണ്ടാണ്. പാമ്പ് വാവയുെട നിയന്ത്രണത്തിലായി എന്ന് ഉറപ്പായിക്കഴിയുമ്പോഴാണ് കാഴ്ചക്കാരുടെ ‘പത്തി’ പൊങ്ങുന്നത്; അവരിൽ ധൈര്യം നുരയുന്നത്. എന്നാൽ പിന്നെ പാമ്പിനെ ഒന്ന് കണ്ടാൽ കൊള്ളാമെന്നാകും നാട്ടുകാർക്ക്. പ്രത്യേകിച്ച് കുട്ടികൾ. അവരുടെ നിർബന്ധത്തിന് വഴങ്ങിയാണ് പലപ്പോഴും അടുത്ത കാലത്തായി സുരേഷ് പാമ്പുകളെ കാണിച്ചു കൊടുക്കാറുള്ളത്.

കോട്ടയം ജില്ലയിലെ അംഗീകൃത പാമ്പ് പിടുത്തക്കാർ :ഇവരുമായി ബന്ധപ്പെടുക 

കോട്ടയത്ത് പാമ്പ് കടിയേൽക്കുന്നതിന് മുൻപ് അത്തരം ഒരു ‘ഷോ’ ഉണ്ടായതായും വിവരമില്ല. പാമ്പിനെ കാണാൻ തടിച്ചു കൂടിയവർ സ്വാഭാവികമായും മൊബൈൽ ഫോണുമായി ചുറ്റും നിരന്നു. പാമ്പിനെ ചാക്കിൽ കയറ്റാനുള്ള ശ്രമം മൂന്നു തവണ പരാജയപ്പെട്ടതിനു പിന്നാലെ അപ്രതീക്ഷിതമായി കടി സുരേഷിന്റെ വലതു കാലിൽ ഏൽക്കുകയും ചെയ്തു. വനം വകുപ്പിന്റെ നിയന്ത്രണങ്ങളും ‘സർപ്പ’ ആപ്ളിക്കേഷനുമെല്ലാം വരുന്നതിനു മുൻപ് പാമ്പുമായി ബന്ധപ്പെട്ട ഒരുപാട് തെറ്റിദ്ധാരണകൾ മലയാളികളിൽനിന്ന് അകറ്റാൻ സ്വന്തം ജീവിതം ഉഴിഞ്ഞു വച്ച ആളാണ് വാവ സുരേഷ്.

കോട്ടയം ജില്ലയിലെ അംഗീകൃത പാമ്പ് പിടുത്തക്കാർ :ഇവരുമായി ബന്ധപ്പെടുക 

പാമ്പിന് ചെവി കേൾക്കില്ല, പാമ്പാട്ടികളുടെ മകുടി ഊതൽ പാമ്പുകൾ കേൾക്കുന്നില്ല, വെളുത്തുള്ളി അരച്ച് പറമ്പിൽ ഒഴിച്ചതുകൊണ്ട് പാമ്പ് വരാതിരിക്കില്ല തുടങ്ങി ഈ ഇഴജന്തുവുമായി ബന്ധപ്പെട്ട ഒട്ടേറെ അന്ധവിശ്വാസങ്ങൾ മലയാളികൾക്കിടയിൽനിന്ന് മാറ്റിയെടുക്കുന്നതിന് വാവ പ്രയത്നിച്ചിട്ടുണ്ട്. പാമ്പിനെ അക്രമി ആയിട്ടല്ല, പ്രദേശത്തെ ‘അതിഥി’ എന്നു മാത്രമേ വാവ സുരേഷ് വിശേഷിപ്പിക്കാറുള്ളൂ. അനുവാദമില്ലാതെ അകത്തു വരുന്ന അതിഥിയെ അതിന്റെ യഥാർഥ വാസ സ്ഥലത്തേക്ക്, കാട്ടിലേക്ക്, എത്തിക്കുക മാത്രമാണ് താൻ ചെയ്യുന്നത് എന്നും വാവ പറയും.

 

പാമ്പിനെ കയ്യിലെടുത്തു കഴിഞ്ഞാൽ ചുറ്റുവട്ടത്തുള്ളവരോട് മുന്നിൽനിന്ന് മാറി നിൽക്കാനാണ് വാവ ആവശ്യപ്പെടാറുള്ളത്. അനക്കം ഉണ്ടാവാതിരിക്കാൻ വേണ്ടിയാണിത്. കാരണം കേൾവിശക്തി ഇല്ലാത്ത പാമ്പുകൾ മുന്നിലുള്ള അനക്കം മാത്രമാണ് കാണുന്നതെന്ന് വാവ എപ്പോഴും പറയും. അതിന്റെ ശ്രദ്ധ മാറുമ്പോൾ ചിലപ്പോൾ അപ്രതീക്ഷിത കടി കിട്ടിയേക്കാം. അങ്ങനെ മുന്നൂറിലേറെ തവണ പാമ്പ് കടിയേറ്റിട്ടുണ്ട് വാവയ്ക്ക്. മെഡിക്കൽ കോളജിലെ അതിതീവ്ര പരിചരണ വിഭാഗത്തിൽ ബോധമറ്റ് കിടക്കുന്നതൊന്നും വാവയ്ക്ക് പുതുമയല്ല. മലയാളികളുടെ പ്രാർഥനയ്ക്കൊപ്പം വാവയും ഉയിർത്തെഴുന്നേറ്റു വരികയാണ് പതിവ്.

ഏറ്റവും ഒടുവിൽ 2020 ഫെബ്രുവരിയിലാണ് വാവയ്ക്ക് അണലിയുടെ കടിയേറ്റത്. ശംഖുവരയനെയാണ് ഏറ്റവും സൂക്ഷിക്കണ്ടത് എന്ന് വാവ പറയും. കാരണം ആഴത്തിലുള്ള മുറിവുകളോ വലിയ വേദനയോ ഒന്നും ഉണ്ടാവില്ല. വിഷം ഉള്ളിലെത്തി കാഴ്ച മറയുമ്പോഴായിരിക്കും കടിയേറ്റത് അറിയുന്നത് തന്നെ. കേരളത്തെ ഞെട്ടിച്ച ഉത്ര വധക്കേസിൽ പൊലീസിനും പ്രോസിക്യൂഷനും തുണയായതും വാവ സുരേഷിന്റെ അനുഭവ പരിചയം തന്നെയാണ്. പാമ്പിന്റെ സ്വാഭാവികമായ കടി ഇത്ര ആഴത്തിൽ ശരീരത്തിൽ പതിയില്ലെന്ന സംശയം പ്രകടിപ്പിച്ചത് വാവ ആയിരുന്നു. അത് ശരിയാവുകയും ചെയ്തു. ഇന്ന് വീണ്ടും ഉത്ര വധക്കേസ് ചർച്ചയായിരിക്കുമ്പോഴാണ് വാവയും ആശുപത്രിയിലാവുന്നത്.

വനം വകുപ്പിന്റെ ‘സർപ്പ’ മൊബൈൽ ആപ്ലിക്കേഷനും എല്ലാ ജില്ലകളിലുമുള്ള പരിശീലന കേന്ദ്രങ്ങളും വന്നതിനു ശേഷം പാമ്പ് പിടിത്തക്കാരുടെ എണ്ണം വർധിച്ചിട്ടുണ്ട്. അതിനെല്ലാം മുമ്പ് 9387974441 എന്ന മൊബൈൽ ഫോണിന്റെ മറുതലയ്ക്കൽ, ഏതു പാതിരാത്രിയും ‘ദാ… ഞാൻ എത്തി..’ എന്ന മറുപടിയുമായി ഉണ്ടായിരുന്നത് വാവ മാത്രമാണ്. സ്കൂൾ റജിസ്റ്ററിൽ വെറും സുരേഷ് ആയിരുന്നയാൾക്ക് നാട്ടുകാർ സ്നേഹത്തോടെ ‘വാവ’ എന്ന വിളിപ്പേരും ചേർത്തു കൊടുത്തത് വെറുതെയല്ല.

 

വാവയുടെ പാമ്പുപിടിത്ത രീതികളെ കുറിച്ച് ഒട്ടേറെ വിമർശനങ്ങൾ ഉയരുന്നുണ്ട് ഈയിടെയായി. ശാസ്ത്രീയമായ രീതിയിൽ അല്ല വാവ പാമ്പിനെ പിടിക്കുന്നതെന്നും പാമ്പിനെ ദ്രോഹിക്കുന്നതുമായുമുള്ള പരാതികൾ ഹൈക്കോടതി വരെ എത്തി നിൽക്കുന്നു. ഇര വിഴുങ്ങിക്കിടന്ന പെരുമ്പാമ്പിന്റെ വയറ്റിൽനിന്ന് ഭക്ഷണം പിഴിഞ്ഞെടുത്തു എന്നു വരെ ഹൈക്കോടതിയിൽ പരാതി എത്തിയിട്ടുണ്ട്. ഇതിനൊന്നും വാവ പക്ഷേ പ്രതികരിക്കാൻ പോയിട്ടില്ല.

 

ഇന്നത്തെ രീതിയിലുള്ള ആധുനിക പരിശീലനവും പാമ്പ് പിടിത്ത ഉപകരണങ്ങളും കേരളത്തിൽ എത്തുന്നതിനു മുൻപ് പതിനൊന്നാം വയസ്സിൽ വയൽ വരമ്പിൽ കണ്ട ചെറിയ മൂർഖൻ കുഞ്ഞിനെ കുപ്പിയിലാക്കി പാഠ പുസ്തകത്തിനിടയിൽ ഒളിപ്പിച്ചു തുടങ്ങിയ ആളാണ് വാവ. കറുത്ത ചാക്കിൽ പൊതിഞ്ഞ പിവിസി പൈപ്പും അറ്റം വളഞ്ഞ വടിയുമൊന്നും വാവ ഉപയോഗിച്ചിട്ടില്ല. കൈകൾകൊണ്ടു തന്നെയാണ് പാമ്പ് പിടിത്തം. ഇനിയെങ്കിലും ഇത്തരം രീതികൾ അവസാനിപ്പിച്ച് സ്വന്തം സുരക്ഷ കൂടി കണക്കിലെടുത്ത് ആധുനിക രീതികളിലേക്ക് വാവ മാറും എന്ന പ്രതീക്ഷയാണ് നാട്ടുകാർക്കും സുഹൃത്തുക്കൾക്കും. കാരണം വാവയെ നാട്ടുകാർക്ക് ആവശ്യമാണ്. മിണ്ടാപ്രാണികൾക്ക് അത്യാവശ്യമാണ്.

 

കഴിഞ്ഞ 11 തവണയും വെന്റിലേറ്ററിൽനിന്ന് എഴുന്നേറ്റു വന്നതു പോലെ ഇത്തവണയും വാവ തിരിച്ചു വരും എന്ന പ്രതീക്ഷ തന്നെയാണ് എല്ലാവർക്കും. വാവ സുരേഷിന്റെ എല്ലാ ഫെയ്സ്ബുക്ക് പോസ്റ്റുകളും അവസാനിക്കുന്നത് ഇങ്ങനെയാണ് – ‘ലോകമെമ്പാടുമുള്ള എന്നെ സ്നേഹിക്കുന്ന സഹോദരീ സഹോദരന്മാർക്കും ഗുരുജനങ്ങൾക്കും എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും ഉണ്ടാകട്ടെ. ലോകാ സമസ്താ സുഖിനോ ഭവന്തു… ’ അങ്ങനെ പറയുന്ന വാവയ്ക്ക് മറ്റൊരു ദുരിതം ഉണ്ടാകില്ല എന്ന് മലയാളി ഉറച്ചു വിശ്വസിക്കുന്നു.വാവാ സുരേഷ് കോട്ടയം മെഡിക്കൽ കോളേജിന്റെ ഐ സി യു കിടക്കയിൽ നിന്നും എഴുന്നേറ്റു വരിക തന്നെ ചെയ്യും മലയാളിയുടെ മനസിലേക്കും,വീട്ടിലേക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top