ബെംഗളൂരു: കാവേരി നദീ ജലം തമിഴ്നാടിന് വിട്ടുകൊടുക്കുന്നതിനെതിരെ കര്‍ഷക സംഘടനകളും കന്നട അനുകൂല സംഘടനകളും ബെംഗളൂരുവില്‍ ബന്ദിന് ആഹ്വാനം ചെയ്തു. സെപ്തംബര്‍ 26നാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. തമിഴ്നാടിനു 15 ദിവസത്തേക്കു 5000 ക്യുസെക് വീതം അധിക ജലം വിട്ടു നൽകണമെന്ന കാവേരി ജല മാനേജ്മെന്റ് അതോറിറ്റിയുടെ ഉത്തരവിൽ ഇടപെടാൻ കഴിയില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇതോടെ ജലം നൽകാൻ മന്ത്രി സഭ തിരുമാനിച്ചു. നിയമ വിദഗ്ധരുമായി കൂടിയാലോചന നടത്തിയതിനു ശേഷമാണ് പ്രഖ്യാപനം. ഇതിനെതിരെയാണ് ഇപ്പോൾ കർഷക, കന്നഡ അനുകൂല സംഘടനകളുടെ പ്രതിഷേധം.

അതിനിടെ ജലം വിട്ടു നൽകാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് കർഷക, കന്നഡ അനുകൂല സംഘടനകൾ ബെംഗളൂരു നഗരത്തിൽ 26ന് ബന്ദിന് ആഹ്വാനം ചെയ്തു. പതിനഞ്ചോളം സംഘടനകൾ പ്രഖ്യാപിച്ചിട്ടുള്ള ബന്ദിനോടനുബന്ധിച്ച് വൻ പ്രതിഷേധ റാലിയും സംഘടിപ്പിക്കും. സ്കൂളുകളും കോളജും ഐടി കമ്പനികളും അവധി ദിവസമായി പ്രഖ്യാപിച്ച് ബന്ദിനോടു സഹകരിക്കണമെന്നു കർഷക സംഘടനാ നേതാവ് കുറുബുറു ശാന്തകുമാർ ആവശ്യപ്പെട്ടു.
ഇന്നലെ മണ്ഡ്യയിൽ ജില്ലാ ഫാർമേഴ്സ് വെൽഫെയർ കമ്മിറ്റി ആഹ്വാനം ചെയ്ത ബന്ദ് ബെംഗളൂരു–മൈസൂരു എക്സ്പ്രസ്‌വേയിലെ ഗതാഗതത്തെ ബാധിച്ചില്ലെങ്കിലും ഗ്രാമീണ റോഡുകളിലും മറ്റും ഗതാഗതം തടസ്സപ്പെട്ടു. കടകമ്പോളങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞു കിടന്നു.
ശ്രീരംഗപട്ടണ, മണ്ഡ്യ, മദ്ദൂർ, മലവള്ളി എന്നിവിടങ്ങളിൽ പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചു. സംസ്ഥാനത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ സിദ്ധരാമയ്യ സർക്കാർ വീഴ്ച വരുത്തിയതായി ആരോപിച്ച് ബിജെപിയും രംഗത്തെത്തി. ബെംഗളൂരു– മൈസൂരു ബാങ്ക് സർക്കിളിൽ റോഡ് ഉപരോധിച്ച മുൻ മുഖ്യമന്ത്രിമാരായ ബി.എസ്. യെഡിയൂരപ്പയെയും ബസവരാജ് ബൊമ്മെയെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. വിഷയം ചർച്ച ചെയ്യാൻ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കണമെന്നു ജനതാദൾ എസ് നിയമസഭാ കക്ഷി നേതാവ് എച്ച്.ഡി. കുമാരസ്വാമി ആവശ്യപ്പെട്ടു. മൈസൂരു, ചാമരാജ്നഗര, രാമനഗര എന്നിവിടങ്ങളിലും പ്രതിഷേധം നടന്നു.

