Crime

കണ്ണൂരിലെ ഹോം സ്‌റ്റേ റിസോർട്ട് ഉടമയുടെ മരണം; യൂത്ത് കോൺ​ഗ്രസ് ജില്ല ഭാരവാഹി ഉൾപ്പെടെ രണ്ടുപേർ കസ്റ്റഡിയിൽ

കണ്ണൂര്‍: കണ്ണൂരില്‍ ഹോം സ്‌റ്റേ റിസോര്‍ട്ട് ഉടമ വെടിയേറ്റു മരിച്ച സംഭവത്തില്‍ ദുരൂഹത. കാഞ്ഞിരക്കൊല്ലിയിലെ പരത്തനാല്‍ ബെന്നി (55) ആണ് വെടിയേറ്റു മരിച്ചത്. സംഭവത്തില്‍ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവെങ്കിലും കൂടുതൽ വിവരങ്ങൾ ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ലെന്നാണ് വിവരം.

ശനിയാഴ്ച്ച പുലര്‍ച്ചെ ഒരുമണിയോടെ പയ്യാവൂര്‍ സ്റ്റേഷന്‍ പരിധിയില്‍ പെട്ട കാഞ്ഞിരക്കൊല്ലി ശശിപ്പാറയുടെ മുകളില്‍ ഏലപ്പാറയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.ജനവാസകേന്ദ്രത്തില്‍ നിന്നും 200 മീറ്റര്‍ അകലെ വനമേഖലയോട് ചേര്‍ന്നു കിടക്കുന്ന സ്വകാര്യവ്യക്തികളുടെ ഭൂമിയിലാണ് ബെന്നി വെടിയേറ്റു മരിച്ചത്. ശനിയാഴ്ച്ച പുലര്‍ച്ചെ ഒന്നരയോടെ ലൈസന്‍സ് ഇല്ലാത്ത തോക്കില്‍ നിന്നാണ് വെടി പൊട്ടിയത്. സംഭവം നടക്കുമ്പോള്‍ പ്രദേശവാസികളായ രണ്ട് പേര്‍ ബെന്നിയോടൊപ്പം ഉണ്ടായിരുന്നു. താഴെ വീണ തോക്ക് എടുക്കുന്നതിനിടയില്‍ തോക്കില്‍ നിന്ന് വെടി പൊട്ടുകയായിരുന്നുവെന്നാണ് കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ പോലീസിന് നല്‍കിയ മൊഴി.

ബെന്നിയും കൂടെ ഉണ്ടായിരുന്ന രണ്ട് പേരും ചേര്‍ന്ന് പ്രദേശത്ത് കപ്പ കൃഷി ചെയ്തിരുന്നു. ഈ മേഖലയില്‍ വന്യമൃഗ ശല്യം രൂക്ഷമാണ്. കര്‍ഷകര്‍ രാത്രിയില്‍ കാവലിരുന്നാണ് കാര്‍ഷിക വിളകള്‍ സംരക്ഷിക്കുന്നത്. ബെന്നിയുടെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തിന് കാരണമായ തോക്ക്. കസേരയില്‍ തോക്കുമായി കാവലിലിരിക്കുകയായിരുന്ന ബെന്നി ഉറക്കം തൂങ്ങുന്നതിനിടയില്‍ തോക്ക് താഴെ വീണു. ഇത് കുനിഞ്ഞ് എടുക്കുന്നതിനിടയിലാണ് അബന്ധത്തില്‍ വെടി പൊട്ടിയത്.

ഈ സമയം മറ്റ് രണ്ട് പേര്‍ തറയില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. വെടിശബ്ദം കേട്ട് ഞെട്ടി ഉണര്‍ന്ന ഇവര്‍ പരിക്കേറ്റ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന ബെന്നിയെയാണ് കണ്ടത്. ഉടന്‍ തന്നെ പയ്യാവൂരിലുള്ള ആശുപത്രയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതേതുടര്‍ന്ന് കൂടെയുള്ള രണ്ട് പേര്‍ പയ്യാവൂര്‍ പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി സംഭവിച്ചത് പറയുകയായിരുന്നു. സ്റ്റേഷനില്‍ ഹാജരായ മറ്റ് രണ്ട് പേര്‍ പോലീസ് കസ്റ്റഡിയിലാണുളളത്. ഇതില്‍ ഒരാള്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാഭാരവാഹികൂടിയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top