Kerala

പ്രവാസി സാമൂഹിക പ്രവർത്തകൻ സനു മഠത്തിൽ അന്തരിച്ചു

റിയാദ്: പ്രവാസി സാമൂഹിക പ്രവർത്തകൻ തിരുവനന്തപുരം കടയ്ക്കൽ അയിരക്കുഴി സ്വദേശി സനു മഠത്തിൽ (48) നിര്യാതനായി. സൗദി കിഴക്കൻ പ്രവിശ്യയിലെ നവയുഗം സാംസ്‍കാരികവേദി കേന്ദ്രകമ്മിറ്റി അംഗവും ദല്ല മേഖല പ്രസിഡന്റും ജീവകാരുണ്യപ്രവർത്തകനുമാണ്. ഹൃദ്യഗതം മൂലമാണ് മരം സംഭവിച്ചത്.

16 വർഷത്തോളമായി ദമ്മാമിൽ പ്രവാസിയായ സനു ദല്ലയിലെ ഒരു ടയർ വർക്സ് കമ്പനിയിൽ ജീവനക്കാരനായിരുന്നു. വെള്ളിയാഴ്ച സുഹൃത്തുക്കളുമൊത്ത് പെരുന്നാൾ ആഘോഷിച്ച ശേഷം പാതിരാത്രിയോടെ തിരികെ റൂമിൽ എത്തി ഉറങ്ങാൻ കിടന്നു. രാവിലെ കട തുറക്കുന്ന സമയമായിട്ടും വരാത്തത് കൊണ്ടു സഹപ്രവർത്തകർ അന്വേഷിച്ചു ചെന്നു വാതിൽ തട്ടിയിട്ടും തുറന്നില്ല. സംശയം തോന്നിയ അവർ സനുവിന്റെ അമ്മാവനായ രാമചന്ദ്രനെ വിവരം അറിയിച്ചു. അവർ എത്തി മുറി തുറന്നു കയറി നോക്കിയപ്പോൾ, കിടക്കയിൽ ചലനമറ്റു കിടക്കുകയായിരുന്നു.

സ്‍പോൺസർ അറിയിച്ചത് അനുസരിച്ചു പൊലീസും ആംബുലൻസും എത്തി, ഡോക്ടർ പരിശോധിച്ചപ്പോഴാണ് മരണം ഹൃദയാഘാതം മൂലമെന്ന് സ്ഥിരീകരിച്ചത്. അയിരക്കുഴി മഠത്തിൽ വീട്ടിൽ പരേതനായ സഹദേവൻ പിള്ളയുടെയും രാധാമണി അമ്മയുടെയും മകനാണ്. മിനിയാണ് സനുവിന്റെ ഭാര്യ. പ്ലസ് ടൂ വിദ്യാർഥിയായ മൃദുൽ മകനാണ്. ദമ്മാം സിറ്റി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നിയമനടപടികൾ നവയുഗം രക്ഷാധികാരി ഷാജി മതിലകത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

പ്രവാസി സംഘടനാരംഗത്ത് നിറഞ്ഞുനിൽക്കുകയായിരുന്ന സനു മഠത്തിലിന്റെ അപ്രതീക്ഷിത വിയോഗം ദമ്മാമിലെ പ്രവാസലോകത്തെ ഞെട്ടിച്ചു. പ്രവാസിയാകുന്നതിന് മുമ്പ് നാട്ടിൽ സി.പി.ഐയുടെ സജീവപ്രവർത്തകനായിരുന്നു. വിദ്യാഭ്യാസകാലത്ത് എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ് എന്നിവയിലൂടെ പ്രവർത്തിച്ചാണ്‌ രാഷ്ട്രീയത്തിൽ എത്തിയത്. ദമ്മാമിലെത്തിയ ശേഷം സി.പി.ഐയുടെ പോഷക സംഘടനയായ നവയുഗത്തിന്റെ ആദ്യകാലം മുതൽ നേതൃത്വനിരയിൽ പ്രവർത്തിച്ചു. സൗദി കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക, സാംസ്ക്കാരിക, ജീവകാരുണ്യ രംഗങ്ങളിൽ സജീവസാന്നിധ്യമായി മാറി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top