India

സ്റ്റാലിനെ വിടാതെ ആദായനികുതി വകുപ്പ്; പരിശോധന മൂന്നാം ദിവസവും തുടരുന്നു

ചെന്നൈ: തമിഴ്നാട്ടിൽ വിവിധ ഇടങ്ങളിൽ ആദായനികുതി വകുപ്പ് നടത്തുന്ന പരിശോധന മൂന്നാം ദിവസവും തുടരുന്നു. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് ബെനാമി നിക്ഷേപം ആരോപിക്കപ്പെടുന്ന പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ ജി സ്ക്വയർ റിലേഷൻസിന്റെ വിവിധ ഓഫീസുകളിലാണ് പരിശോധന നടക്കുന്നത്. കൂടാതെ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍റെ വിശ്വസ്ഥനായ അണ്ണാ നഗർ എംഎൽഎ എം.കെ.മോഹന്‍റെ വീട്ടിൽ ഇന്നും പരിശോധന നടക്കുന്നുണ്ട്.

ചെന്നൈ, ട്രിച്ചി, കോയമ്പത്തൂർ അടക്കം വിവിധ തമിഴ്നാട് നഗരങ്ങളിലെ ജി സ്ക്വയറിന്‍റെ ഓഫീസുകളിലും ബന്ധപ്പെട്ടവരുടെ വീടുകളിലുമായി 50 ഇടങ്ങളിലായിരുന്നു ഇന്നലെ റെയ്ഡ്. സ്റ്റാലിൻ കുടുംബത്തിനും ഉന്നത ഡിഎംകെ നേതാക്കൾക്കും ഈ കമ്പനിയിൽ നിക്ഷേപമുണ്ടെന്ന തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈയുടെ ആരോപണത്തിന് പിന്നാലെ ആയിരുന്നു സംഭവം.

മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍റെ മകനും കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിനും സ്റ്റാലിന്‍റെ മരുമകൻ ശബരീശനും കഴിഞ്ഞ വർഷം വരവിൽ കൂടുതൽ സ്വത്ത് സമ്പാദിച്ചുവെന്നും അണ്ണാമലൈ നേരത്തെ ആരോപിച്ചിരുന്നു. ധനമന്ത്രി പളനിവേൽ ത്യാഗരാജൻ ഇത് സംബന്ധിച്ച് പറയുന്നതായി അവകാശപ്പെടുന്ന ടെലഫോൺ സംഭാഷണവും അണ്ണാമലൈ പുറത്തുവിട്ടിരുന്നു. ധനമന്ത്രിയും ഒരു മാധ്യമപ്രവർത്തകനും തമ്മിലുള്ള സംഭാഷണമാണ് ഇതെന്നാണ് അണ്ണാമലൈയുടെ അവകാശവാദം. ഡിഎംകെ ഫയൽസ് എന്ന പേരിൽ മുഖ്യമന്ത്രി സ്റ്റാലിനടക്കം ഡിഎംകെ നേതാക്കൾക്കെതിരെ നിരവധി അഴിമതി ആരോപണങ്ങളാണ് അണ്ണാമലൈ ഉന്നയിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top