Kerala

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി ഭരണം പിടിക്കും; പ്രകാശ് ജാവഡേക്കര്‍

കൊച്ചി: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി ഭരണം പിടിക്കുമെന്ന് പാര്‍ട്ടി പ്രഭാരിയും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവഡേക്കര്‍. 2024ല്‍ ലോക്‌സഭയില്‍ കേരളത്തില്‍നിന്ന് ചുരുങ്ങിയത് അഞ്ച് അംഗങ്ങളെങ്കിലും ഉണ്ടാവുമെന്നും ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ ജാവഡേക്കര്‍ പറഞ്ഞു.

2024ലായിരിക്കും കേരളത്തില്‍ ബിജെപിയുടെ സമയം തെളിയുന്നത്. 2019ല്‍ കേരളീയര്‍ കരുതിയത് മോദി ഒറ്റത്തവണത്തേക്കുള്ള പ്രതിഭാസമാണെന്നാണ്. ഇപ്പോള്‍ അവര്‍ക്കറിയാം, മോദി ഇവിടെത്തന്നെയുണ്ടാവും. കേരളത്തില്‍ ആരോടും ചോദിച്ചുനോക്കൂ, മോദി തന്നെജയിക്കും എന്ന് അവര്‍ പറയും. രാജ്യത്തിനു മുഴുവന്‍ ആ വിശ്വാസമുണ്ട്. കേരളത്തിലും അതിന് അനുസരിച്ച് വോട്ടിങ് രീതി മാറുമെന്ന് ജാവഡേക്കര്‍ പറഞ്ഞു.

ശബരിമല വിഷയത്തില്‍ കമ്യൂണിസ്റ്റുകളോടുള്ള ജനരോഷമാണ് കഴിഞ്ഞ തവണ യുഡിഎഫിന് 19 സീറ്റ് കിട്ടാന്‍ കാരണമായത്. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവുമെന്നു ജനങ്ങള്‍ കരുതിയതും അവര്‍ക്കു സഹായകമായി. 2019 ഓടെ ആളുകള്‍ക്കു മനസ്സിലായി, മോദി ഇവിടെതന്നെ കാണും. മോദിയുടെയും കേന്ദ സര്‍ക്കാരിന്റെയും ഭരണനേട്ടങ്ങളെക്കുറിച്ച് അവര്‍ക്കു ബോധ്യമുണ്ട്. അതുകൊണ്ടുതന്നെ 2024ല്‍ സീന്‍ വേറെയാണ്.

പതിനഞ്ചു ശതമാനത്തോളം വോട്ടാണ് ഇപ്പോള്‍ കേരളത്തില്‍ ബിജെപിക്കു കിട്ടുന്നത്. അത് 25 ആക്കിയാലേ ജയം നേടാനാവൂവെന്ന് ജാവഡേക്കര്‍ പറഞ്ഞു. 2012ല്‍ മണിപ്പൂരില്‍ മൂന്നു ശതമാനമായിരുന്നു ബിജെപിയുടെ വോട്ടു വിഹിതം. 2017ല്‍ അത് 33 ശതമാനമായി. അധികാരം പിടിക്കുകയും ചെയ്തു. 2022ല്‍ ഭരണം നിലനിര്‍ത്താനും പാര്‍ട്ടിക്കായി. കേരളത്തില്‍ ഇപ്പോള്‍തന്നെ 15 ശതമാനം വോട്ടുണ്ടല്ലോയെന്ന് ജാവഡേക്കര്‍ ചൂണ്ടിക്കാട്ടി.

ന്യൂനപക്ഷങ്ങള്‍ ബിജെപിക്കു വോട്ടു ചെയ്യില്ലെന്നത് എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും പ്രചാരണമാണ്. മോദി തങ്ങള്‍ക്കു വേണ്ടി എന്തൊക്കെ ചെയ്‌തെന്ന് ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്‍ക്കും അറിയാം. ഒരു എംപി പോലും ഇല്ലാതിരുന്നിട്ടും മോദി കേരളത്തിനു വേണ്ടി എന്തൊക്കെ ചെയ്‌തെന്നും അവര്‍ക്കറിയാം. ഏക ഭാരതം, ശ്രേഷ്ഠ ഭാരതം എന്നതാണ് ബിജെപിയുടെ മുദ്രാവാക്യമെന്ന് ജാവഡേക്കര്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top