Kerala

ഒരു കൂറ്റൻ വീട്, ബെൻസ് കാർ, രണ്ട് ഹോട്ടലുകളും ഒരു സൂപ്പർമാർക്കറ്റുമടക്കം ഭാസുരംഗന്റെ സമ്പാദ്യം ഭാസുരം

തിരുവനന്തപുരംകരുവന്നൂരിന് പിന്നാലെ കണ്ടല ബാങ്ക് തട്ടിപ്പും കേരളത്തെ പിടിച്ചുലയ്ക്കുന്നു. 30വർഷം ഭരണസമിതി പ്രസിഡന്റായിരുന്ന സി.പി.ഐ നേതാവ് ഭാസുരാംഗന്റെ നേതൃത്വത്തിലുള്ള ക്രമക്കേടുകളിലൂടെ 101 കോടി ബാങ്കിന് നഷ്ടമുണ്ടായെന്നാണ് സഹകരണ വകുപ്പ് കണ്ടെത്തിയത്. ഈ റിപ്പോർട്ടിന്റെ ചുവടുപിടിച്ച് അന്വേഷണം തുടങ്ങിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 101 കോടി പോയ വഴികൾ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ബാങ്കിന്റെ ശാഖകളിലും ജീവനക്കാരുടെ വസതികളിലുമടക്കം തുടർച്ചയായ ഇ.ഡി മാരത്തോൺ റെയ്ഡുകൾ തുടരുകയാണ്.

ബാങ്കിന്റെ പണം തട്ടിച്ചെടുത്തതിൽ 64 എഫ്.ഐ.ആറുകൾ ഉണ്ടായിട്ടും പോലീസ് കാര്യമായ അന്വേഷണം നടത്താതായപ്പോഴാണ് നിക്ഷേപകർ ഇ.ഡിക്ക് പരാതി നൽകിയത്. ഭാസുരാംഗനു പുറമെ അദ്ദേഹത്തിന്റെ മകനും ഇ.ഡിയുടെ വലയിലാണിപ്പോൾ. കോടികളുടെ അഴിമതിയും ധൂർത്തും ക്രമക്കേടും നടന്ന കണ്ടല ബാങ്കിലെ പ്രസിഡന്റും സി.പി.ഐ മുൻ നേതാവുമായ എൻ.ഭാസുരാംഗനും കുടുംബവും നയിച്ചിരുന്ന ആർഭാട ജീവിതമാണ് ബാങ്കിനുണ്ടായ പ്രതിസന്ധിക്ക് കാരണമെന്ന് പണം നഷ്ടപ്പെട്ട നിക്ഷേപകർ പറയുന്നു. 173കോടി രൂപയാണ് കണ്ടല ബാങ്കിലെ നിക്ഷേപകർക്ക് തിരികെനൽകാനുള്ളത്.

മാറനല്ലൂർ ജംഗ്ഷനടുത്ത് റോഡിനോട് ചേർന്ന് ഭാസുരാംഗന് ഒരു കൂറ്റൻ വീട്, ബെൻസ് കാർ, രണ്ട് ഹോട്ടലുകളും ഒരു സൂപ്പർമാർക്കറ്റുമടക്കം സമ്പാദ്യം. മകന്റെയും ഭാര്യയുടെയും മകളുടെയും ബന്ധുക്കളുടെയും പേരിലെടുത്ത കോടിക്കണക്കിന് രൂപയാണ് കണ്ടല ബാങ്കിന് ഭാസുരാംഗൻ തിരിച്ചടക്കാനുള്ളത്. സാധാരണ കുടുംബത്തിൽ ജനിച്ച ഭാസുരാംഗൻ എൽ.ഐ.സി ഏജന്റായി ജോലിചെയ്യുന്നതിനിടെയാണ് കോൺഗ്രസ് നേതാവായത്. പിന്നീട് കണ്ടല ബാങ്കിന്റെ ഭരണസമിതി അംഗവും പ്രസിഡന്റുമായി.

കോൺഗ്രസ് നേതൃത്വവുമായി പിണങ്ങി ഒരു സംഘം അണികളുമായി സി.പി.ഐയിലേക്ക് ചേക്കേറി. പതിറ്റാണ്ടുകളായി കോൺഗ്രസ് ഭരണത്തിലായിരുന്ന ബാങ്ക് തുടർന്നു നടന്ന തിരഞ്ഞെടുപ്പിൽ സി.പി.ഐ ഭാസുരാംഗന്റെ നേതൃത്വത്തിൽ ഭരണം പിടിച്ചു. ഇതോടെ പാർട്ടിയിൽ വലിയ സ്ഥാനം ഭാസുരാംഗന് ലഭിച്ചു. തുടർന്ന് നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സി.പി.ഐ ടിക്കറ്റിൽ മത്സരിച്ച് ജയിച്ച് രണ്ടരവർഷം പഞ്ചായത്ത് പ്രസിഡന്റുമായി . മാറനെല്ലൂർ ജംഗ്ഷനിൽ ഭാസുരാംഗന്റെ മകന് കഫേ ഷോപ്പും ഒരു സൂപ്പർ മാർക്കറ്റുമുണ്ടായിരുന്നു. പിന്നീട് പൂജപ്പുര പരീക്ഷ ഭവന് മുന്നിൽ മറ്റൊരു കഫേ ഷോപ്പു തുടങ്ങി. അടുത്തിടെ മറ്റൊരു വീടും വാങ്ങി.

കണ്ടല സർവീസ് സഹകരണ ബാങ്കിൽ പ്രസിഡന്റ് എൻ.ഭാസുരാംഗന്റെ നേതൃത്വത്തിൽ നടന്ന കോടികളുടെ വെട്ടിപ്പ് പുറത്തുവന്നതിന് പിന്നിൽ സി.പി.ഐ കാട്ടാക്കട മണ്ഡലം കമ്മിറ്റിയിലെ ചേരിപ്പോരെന്നാണ് സംസാരം. മണ്ഡലത്തിലെ പ്രബലനായ നേതാവും ബാങ്ക് പ്രസിഡന്റ് ഭാസുരാംഗനുമായി ഉണ്ടായ ശത്രുതയാണ് സഹകരണ വകുപ്പിന്റെ അന്വേഷണത്തിലേക്ക് നയിച്ചത്. ഇതോടെ ബാങ്കിൽ നടന്ന ക്രമേക്കേടുകൾ ഒന്നൊന്നായി പുറത്തുവരികയായിരുന്നു. എന്നാൽ അപ്പോഴൊന്നും അതിനെ ഗൗരവമായി എടുക്കാൻ പാർട്ടി നേതൃത്വം തയ്യാറായിരുന്നില്ല. ഇ.ഡി പിടിമുറിക്കിയപ്പോഴാണ് ഭാസുരാംഗനെ പുറത്താക്കിയത്.

മുപ്പത് വർഷം കണ്ടല ബാങ്ക് പ്രസിഡന്റായിരുന്ന ഭാസുരാംഗന്റെ നേതൃത്വത്തിൽ നടത്തിയ സാമ്പത്തിക ക്രമക്കേടുകളും കള്ളപ്പണ, ബിനാമി ഇടപാടുകളുമാണ് ഇ.ഡി അന്വേഷിക്കുന്നത്. മതിയായ ഈടില്ലാതെ കോടികൾ വായ്പ നൽകിയതും ഒരേ ഈടുപയോഗിച്ച് കുടുംബാംഗങ്ങൾക്കടക്കം പല വായ്പകൾ നൽകിയുമടക്കം നടത്തിയ തട്ടിപ്പുകളിൽ ബാങ്കിന് 101കോടി നഷ്ടമുണ്ടായെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. തട്ടിപ്പിനെക്കുറിച്ച് 64എഫ്.ഐ.ആറുകളുണ്ടായിട്ടും പൊലീസ് കാര്യമായി അന്വേഷിച്ചില്ല.

സൗഭാഗ്യനിക്ഷേപം, നിത്യനിധി, നിക്ഷേപം ഇരട്ടിയാക്കൽ പദ്ധതികളിലൂടെ ക്രമക്കേട് നടത്തിയെന്നാണ് ഇ.ഡിക്കുള്ള വിവരം. തട്ടിച്ചെടുത്ത പണംകൊണ്ട് ഹോട്ടലുകളും സൂപ്പർമാർക്കറ്റുകളും വീടുകളുമുണ്ടാക്കിയതും ബെൻസ് വാങ്ങിയതും അന്വേഷിക്കുന്നു. കുടുംബാംഗങ്ങളുടെ പേരിലുള്ള നിക്ഷേപത്തിന്റെ രേഖകളും ഇ.ഡി ശേഖരിച്ചിട്ടുണ്ട്. കണ്ടല ബാങ്കിൽ നിന്ന് തട്ടിച്ചെടുത്ത പണം ഭാസുരാംഗൻ, കുടുംബാഗംങ്ങൾ, മുൻ ഭരണസമിതി അംഗങ്ങൾ എന്നിവരിൽ നിന്ന് തിരിച്ചുപിടിക്കണമെന്നാണ് സഹകരണ ജോയിന്റ് രജിസ്ട്രാറുടെ ശുപാർശ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top