വത്തിക്കാന്‍ സിറ്റി: ഇസ്രയേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കനത്ത ഉപരോധത്തില്‍പ്പെട്ട് ഗാസയില്‍ കുടുങ്ങിക്കിടക്കുന്നവരെ സഹായിക്കാന്‍ മാനുഷിക ഇടനാഴി തുറക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളെ മോചിപ്പിക്കണമെന്നും അദ്ദേഹം ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചു.

കുട്ടികളും രോഗികളും പ്രായമായവരും സ്ത്രീകളും ഉള്‍പ്പെടെയുള്ള സാധാരണ പൗരന്മാര്‍ സംഘര്‍ഷത്തിന്റെ ഇരകളാകരുതെന്ന് മാര്‍പാപ്പ പറഞ്ഞു. ഗാസയില്‍ എല്ലാറ്റിനും മേലെ, മാനുഷികാവകാശങ്ങള്‍ മാനിക്കപ്പെടണം. അവിടത്തെ മുഴുവന്‍ ജനങ്ങളെയും സഹായിക്കാന്‍ ഒരു മാനുഷിക ഇടനാഴി ഉറപ്പാക്കുന്നത് അടിയന്തരവും അത്യാവശ്യവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനകംതന്നെ നിരവധി പേര്‍ മരിച്ചു. വിശുദ്ധ ഭൂമിയിലോ യുൈ്രകനിലോ മറ്റെവിടെയെങ്കിലുമോ ഇനിയും നിരപരാധികളുടെ ചോര പൊടിയരുത്. യുദ്ധങ്ങള്‍ എപ്പോഴും പരാജയമാണ്. യുദ്ധം, വിദ്വേഷം, തീവ്രവാദം എന്നിവയ്ക്കെതിരേ ലോകമെമ്പാടുമുള്ള വിശ്വാസികളോട് പ്രാര്‍ഥിക്കാനും മാര്‍പാപ്പ ആവശ്യപ്പെട്ടു.

