കുറഞ്ഞ ചെലവിൽ സംസ്ഥാനത്തെ വിനോദസഞ്ചാരകേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള കെ.എസ്.ആർ.ടി.സി.യുടെ ടൂറിസം സർവീസുകൾ വൻ വരുമാനനേട്ടത്തിലേക്ക്.2021 നവംബർ ഒന്നുമുതലാണ് ടിക്കറ്റേതര വരുമാനം എന്ന ലക്ഷ്യത്തിൽ കെ.എസ്.ആർ.ടി.സി.യുടെ ബജറ്റ് ടൂറിസം സെൽ നിലവിൽ വരുന്നത്. നവംബർ ഒന്നുമുതൽ ഡിസംബർ 31 വരെയുള്ള 61 ദിവസത്തിനിടയിൽ 64 ടൂറിസം സർവീസുകളാണ് ഓപ്പറേറ്റ് ചെയ്തത്. വരുമാനം ഒരുകോടി നാലുലക്ഷം രൂപ. വിവിധ ഡിപ്പോകളിൽനിന്നായി 48 വാരാന്ത്യ ട്രിപ്പുകളും രണ്ട് തീർഥാടനയാത്രകളും 14 സ്പെഷ്യൽ പാക്കേജുകളുമാണ് ഇതുവരെ ഓപ്പറേറ്റ് ചെയ്തത്. 18,869 സഞ്ചാരികളാണ് ഈ സേവനം പ്രയോജനപ്പെടുത്തിയത്.

ടൂറിസം സർവീസുകളിൽ കെ.എസ്.ആർ.ടി.സി.ക്ക് ഏറ്റവുമധികം വരുമാനം നേടിക്കൊടുത്തത് മലക്കപ്പാറ സർവീസുകളാണ്. വിവിധ ഡിപ്പോകളിൽ നിന്നായി ആഴ്ചയിൽ 16 ബസാണ് മലക്കപ്പാറയ്ക്ക് നിറഞ്ഞ സീറ്റിൽ യാത്രചെയ്യുന്നത്. ഇതുകൂടാതെ, സ്ത്രീകൾക്ക് മാത്രമായി എട്ട് പ്രത്യേക സർവീസുകളും ഓപ്പറേറ്റ് ചെയ്തു. നിലവിൽ ചാലക്കുടി, ഹരിപ്പാട്, തിരുവല്ല, ആലപ്പുഴ, കുളത്തുപ്പുഴ, പാല, കോട്ടയം, മലപ്പുറം, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, മാള, മാവേലിക്കര, നിലമ്പൂർ എന്നിവിടങ്ങളിൽനിന്നാണ് വാരാന്ത്യ സർവീസുകൾ പുറപ്പെടുന്നത്.
മലപ്പുറം-മൂന്നാർ സർവീസാണ് വരുമാനത്തിൽ തൊട്ടുപിന്നിലുള്ളത്. ഒരു ലോഫ്ലോർ ബസടക്കം മൂന്നുവണ്ടികളാണ് ഈ റൂട്ടിൽ ആഴ്ചയിലൊരിക്കൽ സർവീസ് നടത്തുന്നത്. കോതമംഗലം-മൂന്നാർ ജങ്കിൾ സഫാരി സർവീസാണ് വരുമാനത്തിൽ മൂന്നാംസ്ഥാനത്തുള്ളത്. പാലക്കാട്-നെല്ലിയാമ്പതി, ആലപ്പുഴ-വാഗമൺ എന്നീ സർവീസുകളിൽനിന്ന് മികച്ച വരുമാനം കോർപ്പറേഷന് ലഭിക്കുന്നുണ്ട്.

