Health

 ഒമിക്രോണിന്‍റെ ഏറ്റവും പുതിയ വകഭേദം ഒമിക്രോണിനേക്കാള്‍ വേഗത്തില്‍ പടരുന്നുവെന്ന് പഠനങ്ങള്‍

ന്യൂയോർക്ക്:   ഒമിക്രോണിന്‍റെ ഏറ്റവും പുതിയ വകഭേദം ഒമിക്രോണിനേക്കാള്‍ വേഗത്തില്‍ പടരുന്നുവെന്ന് പഠനങ്ങള്‍. മാത്രമല്ല തീവ്രത കുറഞ്ഞ അണുബാധകള്‍ക്ക് ഭാവിയിലെ രോഗബാധയില്‍ നിന്ന് സംരക്ഷണം നല്‍കാനാകില്ലെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. ലോകത്താകമാനം അതിരൂക്ഷമായി വ്യാപനം തുടരുന്ന ഒമിക്രോണ്‍ മഹാമാരി അവസാനിക്കുന്നതിന്‍റെ സൂചനയാണെന്ന പ്രതീക്ഷയാണ് ഇതോടെ അസ്തമിക്കുന്നത്. ഒമിക്രോണ്‍ ബാധിതരില്‍ ആന്റിബോഡികള്‍ നിര്‍വീര്യമാകുന്നത് രോഗത്തിന്റെ തീവ്രതയെ സൂചിപ്പിക്കുന്നുവെന്ന് സാന്‍ഫ്രാന്‍സിസ്കോയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകര്‍ വെളിപ്പെടുത്തുന്നു.

വാക്സിന്‍ സ്വീകരിച്ചവരില്‍ ഒമിക്രോണ്‍ രോഗം തീവ്രമാകുന്നില്ലെങ്കിലും ഭാവിയിലെ രോഗബാധ പ്രതികൂലമായി ബാധിക്കാമെന്നും ഗവേഷകര്‍ സൂചിപ്പിക്കുന്നു. ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നവരില്‍ മൂന്നില്‍ ഒരാള്‍ക്ക് മാത്രം സ്വാഭാവികമായി രോഗബാധയേല്‍ക്കാന്‍ സാദ്ധ്യതയുള്ളതായും പഠനത്തില്‍ വ്യക്തമാക്കുന്നു. ഭാവിയിലെ രോഗബാധയില്‍ നിന്ന് രക്ഷനേടാന്‍ ബൂസ്റ്റര്‍ ഡോസുകള്‍ നിരന്തരമായി സ്വീകരിക്കേണ്ടതുണ്ടെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി.

 

ഒമിക്രോണിന്‍റെ രണ്ടാം തലമുറ യഥാര്‍ത്ഥ വൈറസിനേക്കാള്‍ രോഗവ്യാപന തോത് കൂടിയവയാണെന്ന് മറ്റൊരു പഠനം വെളിപ്പെടുത്തുന്നു. ഒമിക്രോണ്‍ രോഗബാധയേറ്റ രോഗികളേക്കാള്‍ ബി എ.2 വകഭേദം ബാധിച്ച രോഗികള്‍ വേഗത്തില്‍ രോഗം പടര്‍ത്തുമെന്നാണ് പഠനത്തില്‍ വ്യക്തമാക്കുന്നത്. വാക്സിന്‍ സ്വീകരിക്കാത്തവരില്‍ അപകടസാദ്ധ്യത ഏറെയാണെന്നും ഗവേഷകര്‍ പറഞ്ഞു. ലോകമെമ്പാടും ഏറ്റവും ശക്തമായി തുടരുന്നത് ബി എ.1 വകഭേദമാണെങ്കിലും സമീപകാലത്തായി ഇന്ത്യ, ദക്ഷിണാഫ്രിക്ക, യുകെ, ഡെന്‍മാര്‍ക്ക് എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ബി എ.2 വര്‍ദ്ധിക്കുന്നതായി കഴിഞ്ഞ മാസം ലോകാരോഗ്യ സംഘടന വെളിപ്പെടുത്തിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top