തെന്നിന്ത്യൻ സിനിമാലോകത്തെ ഏറ്റവും മുൻനിരയിൽ നിൽക്കുന്ന നായികമാരിലൊരാളാണ് സാമന്ത റൂത്ത് പ്രഭു. ഇപ്പോഴിതാ നാഗചൈതന്യയുമായി ബന്ധം വേർപെടുത്തിയതിന് ശേഷമുള്ള ജീവിതത്തിൽ തനിക്ക് നിരവധി പ്രശ്നങ്ങളുണ്ടായെന്ന് ഒരഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുകയാണ് സാമന്ത. കഴിഞ്ഞ രണ്ട് വർഷങ്ങളായി നിരവധി വെല്ലുവിളികൾ നേരിട്ടെന്നും സാമന്ത.

വിവാഹ ജീവിതം പരാജയപ്പെട്ടത് തന്റെ ആരോഗ്യത്തെയും ജോലിയെയും ബാധിച്ചു. കഴിഞ്ഞ രണ്ടുവർഷക്കാലം ഒരുപാട് അനുഭവിച്ചു. ആ സമയങ്ങളിൽ ഇതേ അവസ്ഥയിലൂടെ കടന്നുപോയി അതിനെ അതിജീവിച്ചവരെ പറ്റി കൂടുതലറിയാനാണ് ശ്രമിച്ചത്. ഉത്കണ്ഠയെയും ട്രോളിങ്ങുമെല്ലാം അതിജീവിച്ചവരെ പറ്റി കൂടുതൽ മനസ്സിലാക്കാൻ ശ്രമിച്ചു. അവരുടെ കഥകളാണ് എന്നെ രക്ഷപ്പെടുത്തിയത്. അതാണ് തനിക്ക് ബലമായത്. അവർക്ക് പറ്റുമെങ്കിൽ തനിക്കും എല്ലാം അതിജീവിക്കാൻ പറ്റുമെന്ന് തോന്നിയതായി സാമന്ത പറയുന്നു.
എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു താരമായി മാറുക എന്നത് ഭാഗ്യമാണ്. അതുകൊണ്ട് തന്നെ ഉത്തരവാദിത്തവും കാണിക്കണം. സത്യസന്ധരായിരിക്കണം. എത്ര ബ്ലോക്ക്ബസ്റ്റർ സിനിമ ഉണ്ടെന്നോ, എത്ര അവാർഡുകൾ കിട്ടിയെന്നോ അല്ല നോക്കേണ്ടത്. തന്റെ വീഴ്ചകളും വേദനയും പരസ്യമായി പോയെങ്കിലും താനത് കാര്യമാക്കുന്നില്ല. യഥാർഥത്തിൽ ഇതൊക്കെയാണ് തന്നെ ശക്തിപ്പെടുത്തിയതെന്ന് പറയാം. തനിക്കുള്ള വേദനകളെല്ലാം വച്ച് ഞാൻ യുദ്ധം ചെയ്യുകയാണ്. അത് തനിക്ക് വ്യക്തമായി അറിയുകയും ചെയ്യും. സമാനമായ അവസ്ഥയിലൂടെ പോവുന്ന ആളുകൾക്കും അവരുടെ ജീവിതം തുടരാനുള്ള ശക്തിയുണ്ടാവട്ടേയെന്ന് ആശംസിക്കുകയാണെന്നും സാമന്ത പറയുന്നു.

