രാജ്യത്തെ ജയിലുകളിൽ ജാമ്യം ലഭിക്കാതെ കഴിയുന്ന വിചാരണ തടവുകാരുടെ എണ്ണമേറുന്നു. കഴിഞ്ഞ എട്ട് വർഷത്തിനിടെ ഹൈക്കോടതികളിൽ എത്തുന്ന ജാമ്യാപേക്ഷയിൽ 35 ശതമാനം വർധനയാണ് ഉണ്ടായത്. ജില്ലാ കോടതികൾ പതിവായി ജാമ്യാപേക്ഷകൾ നിരസിക്കുന്നതോടെയാണ് തടവുകാര്‍ ഹൈക്കോടതിയെ സമീപിക്കുന്നത്. വിചാരണ നീണ്ടുപോകുന്ന തടവുകാര്‍ക്ക് ജാമ്യം വൈകുന്നത് ഗുരുതരമായ കൃത്യവിലോപമാണെന്ന് സുപ്രീംകോടതി പലതവണ നിരീക്ഷിച്ച കാര്യമാണെങ്കിലും അതെല്ലാം ലംഘിച്ചാണ് ഇത്തരമൊരു പ്രവണത കണ്ട് വരുന്നത്. ഇന്ത്യൻ ജയിലുകളിലെ വിചാരണത്തടവുകാരുടെ അനുപാതം 2019-ൽ 68 ശതമാനത്തിൽ നിന്ന് 2021-ൽ 77 ശതമാനമായി ഉയർന്നു.

ജാമ്യം എന്നത് ഒരു സാധാരണ നിയമ നടപടി മാത്രമല്ല. ഇത് നിരപരാധിത്വത്തിന്റെ സാധ്യത എന്ന തത്വം ഉയർത്തിപ്പിടിക്കുകയും ജയിലുകളിലെ തിരക്ക് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. എന്നാൽ ജാമ്യപേക്ഷകളുടെ എണ്ണം വർധിക്കുന്നത് പരിഗണിക്കുമ്പോൾ നീതിന്യായ വ്യവസ്ഥയിലെ വ്യവസ്ഥാപരമായ പിഴവുകളാണ് വെളിപ്പെടുന്നത് എന്ന് പറയേണ്ടി വരും. രാജ്യം ദീർഘകാലമായി അനുഭവിക്കുന്ന ഒരു പ്രശ്നത്തിലേക്ക് കൂടിയാണ് ഇത് വെളിച്ചം വീശുന്നത്. ഇതിനകം തന്നെ കാര്യമായ കേസുകൾ കെട്ടിക്കിടക്കുന്ന ഹൈക്കോടതികളിലും സുപ്രീംകോടതിയിലും ജാമ്യഹർജികൾ കുമിഞ്ഞ് കൂടുന്നത് ജുഡീഷ്യറിക്കുമേല്‍ നിലവിലുള്ള സമ്മര്‍ദ്ദം വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്.

