India

‘പുൽവാമയിലേത് സുരക്ഷാവീഴ്ച; മിണ്ടരുതെന്ന് പ്രധാനമന്ത്രി നിർദേശിച്ചു’; വെളിപ്പെടുത്തലുമായി മുന്‍ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്

ന്യൂഡല്‍ഹി: പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യു വരിച്ച ഭീകരാക്രമണത്തിലേക്ക് നയിച്ചത് സുരക്ഷാവീഴ്ച തന്നെയെന്ന് മുന്‍ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. സുരക്ഷ കണക്കിലെടുത്ത് ജവാന്മാരെ കൊണ്ടുപോകാന്‍ അഞ്ചുവിമാനങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയില്ല. അന്ന് രാജ്നാഥ് സിങ്ങായിരുന്നു ആഭ്യന്തരമന്ത്രി. ഭീകരാക്രമണത്തിലേക്ക് നയിച്ച സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടിയപ്പോള്‍ നിശബ്ദനായിരിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശിച്ചതെന്നും സത്യപാല്‍ മാലിക് ആരോപിച്ചു. ദി വയറിന് നല്‍കിയ അഭിമുഖത്തിലാണ് സത്യപാല്‍ മാലിക് മോദിക്കെതിരെ തിരിഞ്ഞത്.
വിമാനങ്ങള്‍ നല്‍കാത്തതിന് പുറമേ, സിആര്‍പിഎഫിന്റെ ഇത്രയും വലിയ വാഹനവ്യൂഹം കടന്നുപോകുന്ന റോഡ് സുരക്ഷിതമാക്കിയതുമില്ല. ഈ റോഡിലേക്കെത്തുന്ന ലിങ്ക് റോഡുകളിലും പഴുതടച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.പാകിസ്ഥാനില്‍ നിന്നുള്ള 300 കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ 15 ദിവസം സംസ്ഥാനത്ത് കറങ്ങിയിട്ടും ആരും പരിശോധിക്കാത്തത് ഇന്റലിജന്‍സ് വീഴ്ചയാണ്. ഭീകരാക്രമണത്തിനുശേഷം മോദി വിളിച്ചപ്പോള്‍ ഇക്കാര്യങ്ങളെല്ലാം അറിയിച്ചെങ്കിലും പുറത്തുപറയരുതെന്നാണ് ആവശ്യപ്പെട്ടത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഇതുതന്നെ ആവശ്യപ്പെട്ടതോടെ സംഭവത്തെ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനാണെന്ന് മനസ്സിലായെന്നും മാലിക് പറഞ്ഞു.
കശ്മീര്‍ ഗവര്‍ണറായിരിക്കെ, ഒരു ജലവൈദ്യുതപദ്ധതിക്കും റിലയന്‍സിന്റെ ഇന്‍ഷുറന്‍സ് പദ്ധതിക്കും അനുമതിനല്‍കുന്നതുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് നേതാവ് രാംമാധവ് തന്നെ സന്ദര്‍ശിച്ചെന്നും മാലിക് പറഞ്ഞു. എന്നാല്‍, അവയ്ക്ക് താന്‍ അനുമതി നിഷേധിച്ചു എന്ന് അറിഞ്ഞതോടെ രാം മാധവിന് നിരാശയായെന്നും സത്യപാല്‍ മാലിക് പറഞ്ഞു.
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top