കൊച്ചി: തന്റെ മരണാനന്തര ചടങ്ങുകള്‍ക്കു മതപരമായ ഒന്നും വേണ്ടെന്ന് പി ടി തോമസിന്റെ അന്ത്യാഭിലാഷം.
മൃതദേഹം രവിപുരം പൊതു ശ്മശാനത്തില്‍ ദഹിപ്പിക്കണം. മൃതദേഹത്തില്‍ റീത്ത് വയ്ക്കരുതെന്നും പി ടി നിര്‍ദേശിച്ചിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു. ഇക്കാര്യം നവംബർ 22 ന് ഒരു കുറിപ്പായി അദ്ദേഹം രേഖപ്പെടുത്തുകയും ചെയ്തു. ഇതനുസരിച്ച് സംസ്‌കാര ചടങ്ങുകളില്‍ മാറ്റം വരുത്തി. പി ടി യുടെ ആഗ്രഹ പ്രകാരമായിരിക്കും സംസ്‌കാര ചടങ്ങുകൾ നടക്കുക.

രവിപുരം പൊതു ശ്മശാനത്തില്‍ ദഹിപ്പിച്ച ശേഷം ചിതാഭസ്മത്തില്‍ ഒരു ഭാഗം ഉപ്പുതോട് പള്ളിയിലെ അമ്മയുടെ കല്ലറയില്‍ നിക്ഷേപിക്കണമെന്നും പിടി തോമസ് പറഞ്ഞിരുന്നു.
പൊതു ദര്‍ശന സമയത്ത് വയലാറിന്റെ ‘ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം’ എന്ന പാട്ട് ചെറിയ ശബ്ദത്തില്‍ കേള്‍പ്പിക്കണമെന്ന അഭിലാഷവും പി ടി തോമസ് പങ്കുവച്ചിരുന്നു.
ഇന്നു രാവിലെ 10.15നാണ് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ പി ടി അന്തരിച്ചത്. 70 വയസ്സായിരുന്നു. അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു പി ടി തോമസ്.

