കോട്ടയം: പാലാ: പാലാ ജനറൽ ആശുപത്രിയിലെ കോവിഡ് വാർഡിൽ ഉള്ള മുപ്പതോളം വരുന്ന രോഗികൾക്കും, കുട്ടിരിപ്പുകാർക്കും ഉപയോഗിക്കാനുണ്ടായിരുന്ന ഏക ആശ്രയമായിരുന്ന ശുചി മുറിയിലെ വെള്ളക്കെട്ട് അധികൃതർ ഇടപെട്ട് ശരിയാക്കി. ഇന്നലെയാണ് ഇത് സംബന്ധിച്ച് കോട്ടയം മീഡിയയിൽ വാർത്ത വന്നത്.



കഴിഞ്ഞ രണ്ട് ദിവസമായി കോവിഡ് വാർഡിലെ മുപ്പതോളം പേർ ശുചി മുറിയിൽ നിറഞ്ഞ വെള്ളക്കെട്ടിലൂടെയാണ് പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിച്ചു കൊണ്ടിരുന്നത്. ഇക്കാര്യമാണ് കോട്ടയം മീഡിയ വാർത്തയിലൂടെ സമൂഹത്തിലെത്തിച്ചത്.
ഉടനെ തന്നെ സ്ഥലം എം.എൽ.എ മാണി സി കാപ്പൻ ഈ പ്രശ്ത്തെ കുറിച്ച് അന്വേഷിക്കുകയും, അധികാരികളുമായി ബന്ധപ്പെടുകയും ചെയ്തു. അത് പോലെ പാലാ നഗരസഭാ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറേക്കരയും പ്രശ്നത്തിൽ ഇടപെടുകയും വെള്ളക്കെട്ട് പരിഹരിക്കാൻ അധികൃതർക്ക് നിർദ്ദേശം നൽകുകയും ചെയ്തു.
അതുപോലെ തന്നെ കോട്ടയം മീഡിയാ ചൂണ്ടിക്കാട്ടിയ മറ്റൊരു വിഷയമായ കോവിഡ് വാർഡിലെ ഭക്ഷണത്തിൻ്റെ നിലവാരത്തകർച്ച പരിഹരിക്കാൻ സത്വര നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മാണി സി കാപ്പനും, ആൻ്റോ ജോസ് പടിഞ്ഞാറേക്കരയും കോട്ടയം മീഡിയായെ അറിയിച്ചു. ക്രിസ്മസ് ദിനത്തിൽ പോലും തരം താണ ഭക്ഷണമാണ് നൽകിയിരുന്നത് എന്നുള്ളത് വിശദമായി തന്നെ കോട്ടയം മീഡിയാ നൽകിയിരുന്നു. ഉച്ചക്കുള്ള ഊണിൽ ഒഴിച്ചുകൂട്ടിനുള്ള തവിട്ട് കളറിലുള്ള വെള്ളത്തിൽ പരിപ്പ് പൊങ്ങി കിടക്കുന്നതിനാൽ സാമ്പാറാണെന്നും ,പിറ്റേ ദിവസം നൽകിയ മഞ്ഞ വെള്ളത്തിൽ പുളിപ്പുള്ളതിനാൽ രസമാണെന്നും അനുമാനിച്ചാണ് കോവിഡ് രോഗികൾ ഇതുപയോഗിച്ചുകൊണ്ടിരുന്നത്.
പാലായിലെ അടിയന്തിര പ്രാധാന്യമുള്ള പ്രസ്തുത വിഷയം ഉയർത്തി കൊണ്ട് വന്ന കോട്ടയം മീഡിയായുടെ സാമുഹൃ പ്രതിബദ്ധതയെ മാണി സി കാപ്പനും, ആൻ്റോ ജോസ് പടിഞ്ഞാറേക്കരയും അഭിനന്ദിക്കുകയും ചെയ്തു.


