തൊടുപുഴ: എതിരാളികളെ എന്നും വാക്കുകളിൽ തീ പുരട്ടി കടന്നാക്രമിച്ച കോൺഗ്രസ് നേതാവാണ് വിട വാങ്ങിയ പി.ടി തോമസ് എം.എൽ.എ.

താൻ എതിർക്കുന്നത് ഏത് വമ്പനായാലും പ്രത്യാഘാതമൊന്നും നോക്കാതെ അവരെ വാക്കുകളിലൂടെ ആക്രമിക്കാൻ മടിയേതും കാണിച്ചിരുന്നില്ല ജനകീയ നായ പി.ടി.തോമസ്.
2006 ലെ തെരെഞ്ഞെടുപ്പിൽ പി.ജെ ജോസഫിനോട് തൊടുപുഴയിൽ പരാജയപ്പെട്ടതും തൻ്റെ ഈ സ്വഭാവ വിശേഷത്തിൻ്റെ അനന്തര ഫലങ്ങളായിരുന്നു. അന്ന് കെ.കരുണാകരൻ്റെ ഭരണത്തിൽ എ ,ഐ ഗ്രൂപ്പുകൾ പരസ്യ പ്രസ്താവനയോടെ കളം നിറഞ്ഞാടിയ കാലം.
കിട്ടുവമ്മാനം കിങ്ങിണിക്കുട്ടനും മുദ്രാവാക്യങ്ങൾ കേരളത്തിൻ്റെ തെരുവോരങ്ങളിൽ മുഴങ്ങി. അന്ന് സോവാദൾ ചെയർമാനും ഐ ഗ്രൂപ്പ് നേതാവും ,മുഖ്യമന്ത്രി കെ കരുണാകരൻ്റെ പുത്രനുമായ കെ.മുരളീധരൻ ഒരു പ്രസ്താവന ചെയ്തു അച്ചടക്കമില്ലാത്തവരെ ഞങ്ങൾക്ക് വിട്ടു തരിക.ഞങ്ങൾ ശരിയാക്കാം. ഇതിന് മറുപടി കെ.പി.സി.സി യോഗത്തിൽ പി.ടി തോമസ് തൻ്റെ സ്വതസിദ്ധ ശൈലിയിൽ തന്നെ കൊടുത്തു. അക്കാലത്തെ പ്രസിദ്ധ ചലച്ചിത്ര ഗാനം കടമെടുത്ത് പി.ടി കരുണാകരൻ്റെ മുഖത്ത് വിരൽ ചൂണ്ടി ചോദിച്ചു. എന്ത് ആനുകൂല്യങ്ങൾ കിട്ടിയാലും താങ്കളുടെ ആൾക്കാർക്കാണല്ലൊ താങ്കൾ കൊടുക്കുന്നത്. അങ്ങയുടെ ബാല ഗോപാലനെ മാത്രം എണ്ണ തേപ്പിച്ചാൽ പോരാ മറ്റ് ബാലഗോപാല മാർക്കും എണ്ണ തേച്ച് കുളിക്കാൻ അങ്ങ് അനുവദിക്കണം.
ഇത് ഐ വിഭാഗത്തെ ഏറെ ചൊടിപ്പിച്ചു. പി.ടിയെ തൊടുപുഴയിൽ നിന്ന് വിജയിപ്പിക്കരുത് എന്ന രഹസ്യ തീരുമാനം കോൺഗ്രസ് ഐ വിഭാഗം കൈക്കൊള്ളുകയും ,ജോസ് കുറ്റിയാനിയെ പോലുള്ള ആൾക്കാർ രാത്രി കാലങ്ങളിൽ വന്ന് പി.ടിക്കെതിരെ ചരടുവലികൾ നടത്തുകയും ചെയ്തു.
ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കരുതെന്ന് രാഷ്ടീയ പാർട്ടികളും ,കത്തോലിക്കാ സഭയുടെ പിൻതുണയുള്ള ഹൈറേഞ്ച് സംരക്ഷണ സമിതിയും പറഞ്ഞപ്പോൾ, ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കണമെന്ന് പറഞ്ഞ ധീരനായ പോരാളി ആയിരുന്നു പി.ടി തോമസ്.ഇതിന് പി.ടിക്ക് കനത്ത വിലയും നൽകേണ്ടി വന്നു. ഹൈറേഞ്ചിലെ പളളി വികാരിമാരുടെ നേതൃത്വത്തിൽ പി.ടി തോമസിൻ്റെ പ്രതീകാത്മക ”ശവസംസ്ക്കാരം നടത്തിയാണ് കത്തോലിക്കാ സഭ പി.ടി യുടെ ഗാഡ്ഗിൽ പ്രീണനത്തെ രൂക്ഷമായി എതിർത്തത്.
മഹാരാജാസ് കോളേജിൽ എസ്.എഫ്.ഐ നേതാവായ സൈമൻ ബ്രിട്ടോക്ക് കുത്തേറ്റപ്പോൾ ഒരു സ്നേഹിതൻ എന്ന നിലയിൽ ആക്രമണം നിർത്തണം നീ സൂക്ഷിക്കണം എന്ന് മുന്നറിയിപ്പ് കൊടുത്ത കെ.എസ്.യു ക്കാരനാണ് പി.ടി. പിന്നീട് കുത്തേറ്റ് തളർന്ന സൈമനെ സന്ദർശിച്ചെങ്കിലും സൈമൻ ബ്രിട്ടോയുടെ നേതൃത്വത്തിലുള്ള എസ്.എഫ്.ഐ ഗുണ്ടായിസത്തെ പലകുറി പി.ടി മാധ്യമങ്ങളിൽ എതിർത്ത് സംസാരിച്ചിരുന്നു.
ഏറ്റവും അവസാനം കിറ്റെക്സ് വ്യവസായിയും ആയുള്ള കൊമ്പ് കോർക്കലിൽ കടമ്പ്രയാർ മലിനപ്പെടുത്തിയുള്ള വ്യവസായ വികസനം നാടിനെതിരാണെന്നുള്ള സന്ദേശമാണ് അദ്ദേഹം സമൂഹത്തിന് നൽകിയത്. കിറ്റെക്സ് കേരളത്തിൽ മുതൽ മുടക്ക് അവസാനിപ്പിച്ചെങ്കിലും പി.ടിയുടെ വിമർശനത്തിൻ്റെ മൂർച്ച കുറഞ്ഞില്ല. ഏറ്റവും അവസാനം ഈ നിയമസഭാ തെരെഞ്ഞെടുപ്പിൽ പി.ടിക്ക് പാർട്ടി ടിക്കറ്റ് നൽകരുതെന്ന് പല മണ്ഡലം കമ്മിറ്റികളും പ്രമേയം പാസാക്കിയെങ്കിലും പി.ടിയെ അല്ലാതെ തൃക്കാക്കരയിൽ നിർദ്ദേശിക്കാൻ കോൺഗ്രസ് പാർട്ടിക്കായില്ല. അത് കേരളമാകെ നീട്ടിയടിച്ച ഇടതുപക്ഷ തരംഗത്തിലും കെ.പി.സി.സി തീരുമാനം ശരിയായിരുന്നെന്ന് ജനം തെളിയിച്ചു കൊടുത്തു.തൃക്കാക്കരയിൽ വരുന്ന ഉപതെരെഞ്ഞെടുപ്പിലും ഈ പി.ടി ഇഫക്ട് നിലനിൽക്കും.ഈ പി.ടി ഇഫക്ടിനെ പ്രയോജനപ്പെടുത്താവുന്ന സ്ഥാനാർത്ഥിയെ കണ്ടെത്തുകയാണ് കോൺഗ്രസിൻ്റെ മുന്നിലുള്ള ശ്രമകരമായ ദൗത്യവും.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയ

