Crime

പാലം പണിനടക്കുന്ന സ്ഥലത്തുനിന്ന് കോൺക്രീറ്റിന് ഉപയോഗിക്കുന്ന ഇരുമ്പുകമ്പികളും മറ്റും മോഷ്ടിച്ച മൂന്നുപേരെ പോലീസ് രാത്രികാല പട്രോളിംഗ് സംഘം പിടികൂടി

കൊടുമൺ ചന്ദനപ്പള്ളി പാലം പണിനടക്കുന്ന സ്ഥലത്തുനിന്ന് കോൺക്രീറ്റിന് ഉപയോഗിക്കുന്ന ഇരുമ്പുകമ്പികളും മറ്റും മോഷ്ടിച്ച മൂന്നുപേരെ പോലീസ് രാത്രികാല പട്രോളിംഗ് സംഘം പിടികൂടി. കോന്നി പയ്യനാമൺ കിഴക്കേചരുവിൽ ബിജു.കെ (46), കൊല്ലം പത്തനാപുരം പിറവന്തൂർ പൂവൻ മുന്നൂർ ശ്യാംകുമാർ (31), കോന്നി പ്രമാടം വെള്ളപ്പാറ പുത്തൻവിളയിൽ ഗോപേഷ് കുമാർ (41) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ബുധനാഴ്ച് വെളുപ്പിനെ 1.20ന് മണിക്ക് കൊടുമൺ പോലീസ് രാത്രികാല പട്രോളിങ് നടത്തിവരവേ ചന്ദനപ്പള്ളി വലിയപ്പള്ളി കഴിഞ്ഞ് പാലത്തിനടുത്ത് എത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്.

കെ എൽ 80 – 1965 നമ്പറുള്ള പിക്ക് അപ്പ്‌ വാനിൽ പ്രതികൾ ഇരുമ്പുകമ്പികളും മറ്റും കയറ്റിക്കൊണ്ടിരിക്കവേയാണ് പോലീസ് എത്തിയത്. പോലീസ് ജീപ്പ് കണ്ട ഉടൻ ഇവർ വാഹനത്തിൽ കയറി ചന്ദനപ്പള്ളി കൂടൽ റോഡില്‍ അതിവേഗം കടന്നു. തുടർന്ന് നെടുമൺകാവ് റോഡിലൂടെ പാഞ്ഞ പിക്ക് അപ്പ് വാഹനത്തെ എസ് സിപിഓ സക്കറിയായും ഡ്രൈവർ സിപിഓ രാജേഷും അടങ്ങിയ കൊടുമൺ പോലീസ് സംഘം പിന്തുടർന്നു. ഇതിനിടെ വയർലെസ്സിലൂടെ  കൺട്രോൾ റൂമിലും കൂടൽ മൊബൈൽ സംഘത്തെയും വിവരം അറിയിച്ചു. 1.40 ന് കൂടൽ പോലീസ് സ്റ്റേഷൻ അതിർത്തിയിൽപ്പെട്ട മുറിഞ്ഞകൽ മരുതിക്കാല എന്ന സ്ഥലത്തുവച്ച് പിന്തുടർന്നെത്തിയ കൊടുമൺ പോലീസ് സംഘം വാഹനം തടഞ്ഞു. രണ്ടുപേർ വാഹനത്തിൽ നിന്നിറങ്ങി ഓടി രക്ഷപ്പെട്ടു. ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

 

ചോദ്യം ചെയ്തപ്പോൾ, മറ്റു രണ്ടു പ്രതികളുമായി ചേർന്ന് പാലം കോൺക്രീറ്റ് ചെയ്യാൻ വേണ്ടി ഇറക്കിയിട്ട ഇരുമ്പുകമ്പികളും മറ്റും മോഷ്ടിച്ച് വാഹനത്തിൽ കയറ്റുകയായിരുന്നെന്ന് സമ്മതിച്ചു. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തു. എടിഎം കാർഡ്, രണ്ട് മൊബൈൽ ഫോണുകൾ എന്നിവയുൾപ്പെടെ വാഹനം പിടിച്ചെടുത്തു. ഓടിപ്പോയവർ വാനിന്റെ താക്കോൽ കൊണ്ടുപോയതിനാൽ കൂടലിൽ നിന്നും ക്രയിൻ വരുത്തി പിക്ക് അപ്പ്‌ കൊടുമൺ സ്റ്റേഷനിൽ പോലീസ് എത്തിക്കുകയായിരുന്നു. ഒന്നാം പ്രതിയെ വാഹനം തടഞ്ഞു പിടികൂടുമ്പോഴേക്കും കൂടൽ, കോന്നി എന്നിവിടങ്ങളിലെ പോലീസ് പട്രോൾ സംഘങ്ങൾ സ്ഥലത്ത് എത്തി.

വെളുപ്പിന് 4.10 ന് സ്റ്റേഷനിൽ എത്തിയ പോലീസ് സംഘം, ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐപിഎസിന്റെ നിർദേശപ്രകാരം കൊടുമൺ പോലീസ് ഇൻസ്‌പെക്ടർ മഹേഷ്‌ കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം വ്യാപിപ്പിച്ചു. എസ്ഐ അനൂപ് ചന്ദ്രനും, സംഘവും മറ്റൊരു പ്രതിയായ ഗോപേഷ് കുമാറിന്റെ പ്രമാടത്തുള്ള വീട്ടിലും പരിസരങ്ങളിലും മറ്റും നടത്തിയ തെരച്ചിലിനെ തുടർന്ന് ചന്ദനപ്പള്ളി ഭാഗത്തുനിന്നും രണ്ടും മൂന്നും പ്രതികളെ പിടികൂടുകയായിരുന്നു. രണ്ടാം പ്രതി ശ്യാം കുമാറാണ് പിക്ക് അപ്പ്‌ ഓടിച്ചത്. അന്വേഷണ സംഘത്തിൽ എസ്ഐ അനിൽ കുമാർ, എഎസ്ഐ സന്തോഷ്‌, എസ് സിപിഓ സക്കറിയ, സിപിഓ മാരായ രാജേഷ്, ബിജു, പ്രദീപ്, ശ്രീജിത്ത്‌, ശരത് എന്നിവരാണുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top