നെയ്യാറ്റിൻകര ആറാലുംമൂട്ടിൽ യുവാവിനെ നാലംഗ അക്രമി സംഘം വീടു കയറി ആക്രമിച്ച് വെട്ടിപ്പരിക്കേൽപ്പിച്ചു. ആറാലുംമൂട് സ്വദേശി സുനിലിനാണ് തലയ്ക്ക് വെട്ടേറ്റത്. പരിക്കേറ്റ സുനിലിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോത്തൻകോട് വീടുകയറി യുവാവിനെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് നെയ്യാറ്റിൻകരയിലും ഗുണ്ടാ ആക്രമണം ഉണ്ടായിരിക്കുന്നത്.

ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട തർക്കമാണ് കയ്യാങ്കളിയിലേക്കും വെട്ടിപരിക്കേൽപ്പിക്കലിലേക്കും കലാശിച്ചതെന്നാണ് വിവരം. കുട്ടികളുടെ മുന്നിൽ വെച്ചാണ് സുനിലിനെ മർദ്ദിച്ചതും വെട്ടിയതും. രഞ്ജിത്ത്, അഭിലാഷ് എന്നിങ്ങനെയുള്ള രണ്ടുപേരാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക വിവരം. ഇവരെ കൂടാതെ മറ്റു രണ്ടു പേരും കൂടി സംഘത്തിൽ ഉണ്ടായിരുന്നതായും വിവരം ലഭിക്കുന്നുണ്ട്.
പരിക്കേറ്റ സുനിലും അക്രമിസംഘവും തമ്മിൽ നേരത്തെ ഒരു മരണ വീട്ടിൽ വച്ച് തർക്കം നടന്നിരുന്നു. നേരത്തെ ഉണ്ടായ വാക്ക് തർക്കത്തിന് പിന്നാലെ ചെറിയതോതിൽ സംഘർഷം നിലനിന്നിരുന്നു. ഇതിന് പകരം വീട്ടാനാണ് അക്രമികൾ കഴിഞ്ഞ ദിവസം സുനിലിനെ വീടുകയറി ആക്രമിച്ചതെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.
സുനിലിൻ്റെ പരിക്ക് ഗുരുതരമല്ല. ഇയാളുടെ തലയ്ക്ക് 12 തുന്നലുകൾ ഇട്ടിട്ടുണ്ട്. അതേസമയം, സുനിലിനും പ്രതികൾക്കെതിരെ നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിൽ ഒന്നിലധികം കേസുകളും നിലനിൽക്കുന്നുണ്ട്. ഇരുകൂട്ടർക്കും ക്രിമിനൽ പശ്ചാത്തലമുള്ളതായി പോലീസ് പറഞ്ഞു. ആക്രമണം നടന്നത് സംബന്ധിച്ച് അന്വേഷണം നടക്കുന്നതായും കൂടുതൽ വിവരങ്ങൾ പിന്നീട് ലഭ്യമാക്കുമെന്നും നെയ്യാറ്റിൻകര പോലീസ് അറിയിച്ചു.

