Kerala

സഹപാഠിയായ വിദ്യാര്‍ത്ഥിനിയെ കാമുകന്‍ കഴുത്തറത്തുകൊന്ന കേസില്‍ പാലാ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു: എളുപ്പത്തിൽ കൊല്ലാൻ പ്രതി യൂട്യൂബ് സെർച്ച് ചെയ്തത് 50 തവണ

പാലാ സെന്റ് തോമസ് കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്ന നിഥിനാമോളെ കഴിഞ്ഞ ഒക്ടോബർ 1-ന്പട്ടാപ്പകല്‍ കഴുത്തറത്തുകൊന്ന കേസില്‍ സഹപാഠി അഭിഷേക് ബൈജുവിനെതിരെയാണ് പോലീസ് പാലാ ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 


നിഥിനാമോള്‍ മുന്‍കാമുകനുമായി വീണ്ടും അടുത്തുവെന്ന് സംശയം തോന്നിയ അഭിഷേക് ബൈജു ഒരാഴ്ച ആസൂത്രണം ചെയ്ത് ക്രൂരമായ  കൊലപാതകം നടത്തുകയായിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. നിഥിനാമോളുടെ മുന്‍ കാമുകന്‍ ഉള്‍പ്പെടെ 80 സാക്ഷികളാണ് ഈ കേസിലുള്ളത്. ഫോറന്‍സിക് വിദഗ്ധരുടെ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെ 48 രേഖകളും അനുബന്ധമായി കുറ്റപത്രത്തോടൊപ്പം ഹാജരാക്കിയിട്ടുണ്ട്. 
നാടിനെ നടുക്കിയ അരുംകൊലയിൽ പാലാ പോലീസ് ഊർജ്ജിതമായ അന്വേഷണമാണ് നടത്തിയത്.സംഭവവുമായി ബന്ധപ്പെട്ട് നൂറിൽപ്പരം പേരിൽ നിന്നും വിശദമായ മൊഴിയെടുത്ത പോലീസ് ഇതിൽ 80 പേരെ സാക്ഷികളാക്കി.



ക്രൂരകൃത്യത്തിന്   ഒരാഴ്ച മുമ്പുതന്നെ പെട്ടെന്ന് ഒരാളെ കൊലപ്പെടുത്തുന്ന വിധം ഉള്‍പ്പെടെയുള്ള കാര്യങ്ങൾ  യൂട്യൂബിലും ഗൂഗിളിലുമൊക്കെ സേര്‍ച്ച് ചെയ്ത് അഭിഷേക് ബൈജു മനസ്സിലാക്കിയിരുന്നതായി കുറ്റപത്രത്തില്‍ പറയുന്നു. ഏത് ഞരമ്പ് മുറിച്ചാല്‍ പെട്ടെന്ന് മരണം സംഭവിക്കുമെന്നും മറ്റും പ്രതി മനസ്സിലാക്കിയിരുന്നു. കൃത്യം നിര്‍വ്വഹിക്കുന്നതിന് മുന്നോടിയായി ഇത്തരത്തിലുള്ള 50ല്‍പരം വീഡിയോകള്‍ പ്രതി കണ്ടിരുന്നു. ചെന്നൈയിൽ നടന്ന ഒരു പ്രണയക്കൊലയുടെ വിശദാംശങ്ങള്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്നത് പല തവണ അഭിഷേക് ബൈജു കണ്ടു. കൃത്യം നിർവ്വഹിക്കാൻ പുതിയ ബ്ലേഡും മറ്റും വാങ്ങി. 

പാലാ ഡി.വൈ.എസ്.പി. ഷാജു ജോസിന്റെ മേല്‍നോട്ടത്തിൽ പാലാ സി.ഐ.കെ.പി. ടോംസൺ ആയിരുന്നൂ അന്വേഷണ ഉദ്യോഗസ്ഥൻ. സംഭവം നടന്ന് അഞ്ച് ദിവസത്തിനുള്ളില്‍ തന്നെ കൊലപാതകത്തിലേക്ക് നയിച്ച മുഴുവന്‍ കാര്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ കൃത്യമായി മനസ്സിലാക്കി. തെളിവെടുപ്പിനു ശേഷം ആദ്യം റിമാൻഡ് ചെയ്ത പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി നിർണ്ണായക തെളിവുകൾ കൂടി പോലീസ് ശേഖരിച്ചു.

പാലാ എസ്.ഐ. എം.ഡി. അഭിലാഷ്, എ.എസ്.ഐ. ഷാജിമോന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top