Kerala

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന് ഒരുനിലപാട് മാത്രമെന്ന് ജോസ് കെ മാണി എം.പി

കേരള ജനതയ്ക്ക് സുരക്ഷ, തമിഴ്‌നാടിന് വെള്ളം എന്നതാണ് കേരളത്തിന്റെ നിലപാട്. മുന്നറിയിപ്പില്ലാതെ ഡാം തുറക്കുന്നതിനെതിരെ ശക്തമായി പ്രതിഷേധിക്കും. വിഷയത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചുവെന്നും ജോസ് കെ മാണി എംപി ഡല്‍ഹിയില്‍ പറഞ്ഞു.

‘മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാന തലത്തില്‍ ചെയ്യാവുന്നത് ചെയ്യുകയാണ് ആദ്യത്തെ ഘട്ടം. പക്ഷേ അതിനുകഴിയുന്നില്ലെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെട്ട് പരിഹാരം കണ്ടേപറ്റൂ’. എംപി വ്യക്തമാക്കി. അതേസമയം വിഷയത്തില്‍ തമിഴ്‌നാട് അനാവശ്യ പിടിവാശി തുടരുകയാണെന്ന് ഡീന്‍ കുര്യാക്കോസ് എംപി കുറ്റപ്പെടുത്തി. തമിഴ്‌നാടിന്റേത് കേരള ജനതയെ പീഡിപ്പിക്കുന്ന തരത്തിലുള്ള നിലപാടാണ്. തമിഴ്‌നാട് മനുഷ്യത്വരഹിതമായി പെരുമാറുന്നു. കേരളത്തിലെ മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെടുന്നില്ലെന്നും ഡീന്‍ കുര്യാക്കോസ് എംപി വിമര്‍ശിച്ചു.

മുല്ലപ്പെരിയാര്‍ ഡാം മുന്നറിയിപ്പില്ലാതെ തുറക്കുന്ന വിഷയം കേരളം ഇന്ന് തന്നെ സുപ്രിംകോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നാണ് സൂചന. രാത്രികാലങ്ങളില്‍ മുല്ലപ്പെരിയാര്‍ ഡാം മുന്നറിയിപ്പില്ലാതെ തുറക്കുന്ന തമിഴ്‌നാട് നിലപാടിനെതിരെ പ്രതിഷേധം ശക്തമാണ്. കേരളത്തില്‍ നിന്നുള്ള എംപി മാര്‍ പാര്‍ലമെന്റില്‍ ഇന്ന് ധരണ നടത്തും. പാര്‍ലമെന്റ് കവാടത്തില്‍ രാവിലെ പത്ത് മണിമുതലാണ് ധര്‍ണ. തമിഴ്നാടിന്റെ ഏകപക്ഷീയ നടപടികള്‍ തടയാന്‍ പ്രധാനമന്ത്രി ഇടപെടണമെന്നാണ് കേരളത്തിന്റെ ആവശ്യം.

മുന്നറിയിപ്പില്ലാതെ ഡാം തുറക്കുന്നതിലുള്ള സംസ്ഥാനത്തിന്റെ ആശങ്ക മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും നേരത്തെ തന്നെ തമിഴ്‌നാടിനെ അറിയിച്ചതാണ്. എന്നാല്‍ തമിഴ്‌നാട് ഈ രീതി തുടര്‍ന്നു. അതുകൊണ്ട് തന്നെ നിയമപരമായി വിഷയത്തെ സമീപിക്കാനാണ് കേരളം ആലോചിക്കുന്നത്. ഡാം തുറക്കുന്നതില്‍ സംസ്ഥാനത്തിന് എതിര്‍പ്പില്ല. പക്ഷേ, കൃത്യമായ മുന്നറിയിപ്പില്ലാതെ രാത്രികാലങ്ങളില്‍ ഡാം തുറന്നുവിടുന്നത് ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിക്കുന്നുണ്ട്. പരസ്പര സഹകരണത്തോടെ പോയില്ലെങ്കില്‍ ഭവിഷ്യത്തുണ്ടാവുമെന്ന ആശങ്കയും കേരളം പങ്കുവെക്കുന്നു.

ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് മുന്നറിയിപ്പ് നല്‍കാതെ തമിഴ്നാട് മുല്ലപ്പെരിയാറിന്റെ 9 ഷട്ടറുകള്‍ തുറന്നത്. സെക്കന്‍ഡില്‍ 12000 ഘനയടിയിലധികം വെള്ളം പുറത്തേക്ക് ഒഴുക്കിയതോടെ ആദ്യ മിനിറ്റുകളില്‍ തന്നെ നിരവധി വീടുകളില്‍ വെള്ളം കയറി. നടപടിയില്‍ നാട്ടുകാരും പ്രതിഷേധത്തിലാണ്. ഈ വര്‍ഷം മുല്ലപ്പെരിയാറില്‍ നിന്ന് ഒഴുക്കിവിടുന്ന ഏറ്റവും ഉയര്‍ന്ന വെള്ളത്തിന്റെ അളവാണ് ഇന്നത്തേത്. 8000 ഘനയടി വെള്ളമായിരുന്നു ഈ സീസണില്‍ നേരത്തെ ഏറ്റവും കൂടുതലായി തുറന്നുവിട്ടത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top