Health

കോവിഡ് : ഇടുക്കി ജില്ലയില്‍ നിയന്ത്രണ മാര്‍ഗ്ഗരേഖ പുറപ്പെടുവിച്ചു

 

ഇടുക്കി ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിററ്റി ചെയര്‍പേഴ്സണ്‍ ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ് നിയന്ത്രണ മാര്‍ഗ്ഗരേഖ പുറപ്പെടുവിച്ചു. ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുക; കൂട്ടം കൂടുന്നത് ഒഴിവാക്കുക ആഘോഷങ്ങള്‍, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ ആളുകളുടെ എണ്ണം പരമാവധി കുറക്കുകഎല്ലാവരും നിര്‍ബന്ധമായും എന്‍ 95 മാസ്‌കോ ഡബിള്‍ മാസ്‌കോ ധരിക്കുക. കൃത്യമായി സാമൂഹിക അകലം പാലിക്കുക ഇടക്കിടെ കൈകള്‍ സാനിറ്റൈസ് ചെയ്യുക. അനാവശ്യ യാത്രകള്‍ ഒഴിവാക്കുക. കോവിഡ് വാക്സിനേഷന്‍ എത്രയും പെട്ടന്ന് സ്വീകരിക്കുക.

പ്രായമായവര്‍, പാലിയേറ്റീവ് രോഗികള്‍ ഗുരുതര രോഗം ബാധിച്ചവര്‍ എന്നിവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക. സ്വയം പ്രതിരോധമാണ്് കോവിഡ് തടയുന്നതിനുള്ള ഉത്തമ മാര്‍ഗമെന്നും മാര്‍ഗ്ഗ വിശദമാക്കുന്നു.
കോവിഡ് വൈറസിന്റെ വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയില്‍ പ്രതിദിന കോവിഡ്-19 പോസിറ്റീവ് കേസുകളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും വര്‍ദ്ധിക്കുന്നതിന്റെയും ആശുപത്രികളില്‍ അഡിമിറ്റ് ആകുന്നവരുടെ എണ്ണത്തിലെ വര്‍ദ്ധനവിന്റെയും അടിസ്ഥാനത്തില്‍, ജില്ലയില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ക്ക് പുറമെ താഴെപ്പറയുന്ന നിയന്ത്രണങ്ങള്‍ കൂടി ഇടുക്കി ജില്ലയില്‍ ഏര്‍പ്പെടുത്തി.

 

നിലവിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് ജനുവരി 23, 30 (ഞായറാഴ്ച) തീയതികളില്‍ അവശ്യ സര്‍വീസുകള്‍ മാത്രമേ അനുവദിക്കുകയുള്ളൂ. സര്‍ക്കാര്‍/സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന രണ്ടു വയസ്സിനു താഴെ പ്രായമുള്ള കുട്ടികളുള്ള അമ്മമാര്‍, ക്യാന്‍സര്‍ രോഗികള്‍, തീവ്ര രോഗബാധിതര്‍ എന്നിവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലി ചെയ്യാന്‍ സര്‍ക്കാര്‍ ഡോക്ടറുടെ (അലോപ്പതി) സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ അനുവദിക്കും. ജില്ലയിലെ വ്യാപാരസ്ഥാപനങ്ങള്‍, മാളുകള്‍, പാര്‍ക്കുകള്‍ എന്നിവിടങ്ങളില്‍ ആള്‍ക്കൂട്ടം നിരോധിച്ചു. ആള്‍ക്കൂട്ടം ഉണ്ടാവുന്നില്ല എന്നും, ആളുകള്‍ കോവിഡ് മാനദണ്ഡം കൃത്യമായി പാലിക്കുന്നു എന്നും സ്ഥാപന ഉടമ ഉറപ്പുവരുത്തേണ്ടതാണ്. സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ ഇത് പരിശോധിക്കും.

 

മാളുകള്‍, കല്യാണ ഹാളുകള്‍, പാര്‍ക്കുകള്‍ മറ്റ് സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവടങ്ങളില്‍ സാനിറ്റൈസര്‍ ഉപയോഗം, സാമൂഹിക അകലം ഉള്‍പ്പെടെയുള്ള എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിക്കുന്നു എന്നുള്ള കാര്യം ഉറപ്പാക്കുന്നത് സ്ഥാപന ഉടമയുടെ ഉത്തരവാദിത്വമായിരിക്കും.
ഒന്‍പതാം ക്ലാസ് വരെയുള്ള ക്ലാസുകള്‍ ജനുവരി 21 മുതല്‍ രണ്ടാഴ്ച്ചത്തേക്ക് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മാത്രം നടത്തണം. എന്നാല്‍ തെറാപ്പി അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്പെഷ്യല്‍ സ്‌കൂളുകള്‍ക്ക് ഇത് ബാധകമായിരിക്കില്ല. രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, മത-സാമുദായിക, പൊതു പരിപാടികള്‍ ഉള്‍പ്പെടെ യാതൊരുവിധ കൂടിച്ചേരലുകളും അനുവദിക്കില്ല. മതപരമായ ആരാധനകള്‍ ഓണ്‍ലൈനായി മാത്രം നടത്തേണ്ടതാണ്. വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കുകയുള്ളൂ. ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ആൾക്കൂട്ടം ഉണ്ടാകാൻ പാടില്ലാത്തതും ആളുകൾ കോവിഡ് മാനദണ്ഡം കൃത്യമായി പാലിക്കണ്ടതുമാണ്.

 

നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നതിനായി ജില്ലാ പോലീസ് മേധാവി, സബ് ഡിവിഷണല്‍ മജിസ്ട്രേറ്റുമാര്‍, ഇന്‍സിഡന്റ് കമാന്‍ഡര്‍മാര്‍, സെക്ടറല്‍ മഡിസ്ട്രേറ്റുമാര്‍ എന്നിവരെ ചുമതലപ്പെടുത്തി.
ഞായറാഴ്ചകളില്‍ അനുവദിച്ചിട്ടുള്ള അവശ്യസേവനങ്ങള്‍/പ്രവര്‍ത്തനങ്ങള്‍
സ്ഥാപന മേധാവി നിര്‍ദ്ദേശിച്ചാല്‍, അടിയന്തര സേവനങ്ങളും അവശ്യ സേവനങ്ങളും, കോവിഡ്-19 നിയന്ത്രണങ്ങള്‍ കൈകാര്യം ചെയ്യുന്നതുമായ എല്ലാ സംസ്ഥാന, കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളും, സ്വയംഭരണ സ്ഥാപനങ്ങളും, കോര്‍പ്പറേഷനുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയവും പ്രവര്‍ത്തിക്കാം. ഇവയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവരുടെ ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം.

 

അടിയന്തിര സേവനങ്ങളും അത്യാവശ്യ സര്‍വീസുകളും കൈകാര്യം ചെയ്യുന്നതും 24 മണിക്കൂറും പ്രവര്‍ത്തിക്കേണ്ടതുമായ വ്യവസായങ്ങള്‍, കമ്പനികള്‍, സ്ഥാപനങ്ങള്‍ എന്നിവക്ക് പ്രവര്‍ത്തിക്കാം. ഈ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് സ്ഥാപനങ്ങളുടെ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം.
ടെലികോം, ഇന്റര്‍നെറ്റ് സേവനത്തില്‍ ഏര്‍പെട്ടിരിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് സ്ഥാപനങ്ങളുടെ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം. ഐ.ടി കമ്പനികളില്‍ അത്യാവശ്യ ജീവനക്കാര്‍ മാത്രം ഓഫീസില്‍ എത്തി ജോലി ചെയ്യേണ്ടതാണ്.
രോഗികള്‍ അവരുടെ സഹായികള്‍, വാക്‌സിനേഷന്‍ എടുക്കാനുള്ള ആളുകള്‍, അടിയന്തിര കാര്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നവര്‍ എന്നിവര്‍ക്ക് ആശുപത്രിയില്‍ നിന്നുള്ള രേഖകളോ, വാക്‌സിനേഷന്‍ വിവരങ്ങളോ കാണിച്ച് യാത്ര ചെയ്യാം.

 

ദീര്‍ഘദൂര ബസ് സര്‍വീസുകള്‍ അനുവദിക്കും. വിമാനത്താവളങ്ങള്‍, ബസ് ടെര്‍മിനലുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവയില്‍ നിന്നും യാത്രക്കാരെ കൊണ്ടുപോകുന്ന പൊതു ഗതാഗതം, ചരക്ക് വാഹനങ്ങള്‍, സ്വകാര്യ വാഹനങ്ങള്‍, ടാക്സികള്‍ (ക്യാബുകള്‍ ഉള്‍പ്പെടെ) എന്നിവ അനുവദിക്കും. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ടിക്കറ്റ്/യാത്ര രേഖകള്‍ കയ്യില്‍ കരുതി മാത്രമേ യാത്ര അനുവദിക്കൂ.
ഭക്ഷണം, പലചരക്ക് സാധനങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, പാല്‍, കള്ള്, മല്‍സ്യം, ഇറച്ചി, മീന്‍ എന്നിവ വില്‍ക്കുന്ന വ്യാപാരസ്ഥാനങ്ങള്‍ക്ക് രാവിലെ 7 മണി മുതല്‍ രാത്രി 9 മണി വരെ പ്രവര്‍ത്തിക്കാം. അവശ്യ സാധനങ്ങളുടെ ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കേണ്ടതാണ്. ഹോട്ടലുകള്‍, ബേക്കറികള്‍ എന്നിവ ഓണ്‍ലൈന്‍, ടേക്ക് എവേ വിതരണം മാത്രമായി രാവിലെ 7 മണി മുതല്‍ രാത്രി ഒന്‍പത് വരെ പ്രവര്‍ത്തിക്കാം. കല്യാണം, മരണം എന്നീ ചടങ്ങുകളില്‍ പരമാവധി 20 പേര് മാത്രം പങ്കെടുക്കേണ്ടതും കോവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കേണ്ടതുമാണ്.

 

ഇ-കൊമേഴ്‌സ്, കൊറിയര്‍ കമ്പനികള്‍ക്ക് ഹോം ഡെലിവെറിക്കായി രാവിലെ 7 മണി മുതല്‍ രാത്രി 9 മണി വരെ വരെ പ്രവര്‍ത്തിക്കാം.
സി.എന്‍.ജി/എല്‍.എന്‍.ജി/എല്‍.പി.ജി വിതരണം, മത്സര പരീക്ഷകള്‍, മത്സരാര്‍ത്ഥികളുടെയും പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യാത്രകള്‍ എന്നിവ അഡ്മിറ്റ് കാര്‍ഡ്/ഐഡന്റിറ്റി കാര്‍ഡ്/ഹാള്‍ ടിക്കറ്റ് എന്നിവയുടെ അടിസ്ഥാനത്തില്‍ അനുവദിക്കും.
ഡിസ്പെന്‍സറികള്‍/ മെഡിക്കല്‍ സ്റ്റോറുകള്‍/ ആശുപത്രികള്‍/മെഡിക്കല്‍ ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍/നഴ്സിംഗ് ഹോമുകള്‍/ ആംബുലന്‍സുകള്‍ എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങളും ജീവനക്കാരുടെ യാത്രകളും അനുവദിക്കും.

 

പ്രിന്റ് /ഇലക്ട്രോണിക് /ദൃശ്യ/സാമൂഹിക മാധ്യമങ്ങള്‍ എന്നിവയ്ക്കും, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും, വാഹനങ്ങളുടെ അടിയന്തിര അറ്റകുറ്റപ്പണികള്‍ ചെയുന്ന വര്‍ക്ക് ഷോപ്പുകള്‍ക്കും മാനദണ്ഡം പാലിച്ച് പ്രവര്‍ത്തിക്കാം.മുൻകൂട്ടി നിശ്ചയിച്ചിരുന്ന വിനോദ സഞ്ചാരികൾക്ക് സ്റ്റേ വൗച്ചർ രേഖകൾ കൈവശമുണ്ടെങ്കിൽ കാർ / ടാക്സി -ൽ യാത്ര അനുവദിക്കുന്നതും ഹോട്ടൽ / റിസോർട്ട് – ൽ താമസിക്കാവുന്നതുമാണ്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top