കൊച്ചി സീറോ മലബാര്‍ സഭ കുര്‍ബാന ഏകീകരണ വിഷയത്തില്‍ പ്രതിഷേധവുമായി വൈദികര്‍. എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികര്‍ ബിഷപ്പ് ആന്റണി കരിയിലിനെ സന്ദര്‍ശിച്ചു. കുര്‍ബാന ക്രമ ഏകീകരണത്തില്‍ വത്തിക്കാന്‍ കത്തയച്ച പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. ഇടവക അടിസ്ഥാനത്തില്‍ ഇളവ് വേണമെന്ന ആവശ്യത്തിലാണ് പ്രതിഷേധിക്കുന്ന വൈദികര്‍. ജനാഭിമുഖ കുര്‍ബാന നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് വീണ്ടും വത്തിക്കാന് കത്തയക്കണമെന്ന് വൈദികര്‍ ആവശ്യപ്പെട്ടു.

കുര്‍ബാന ക്രമ ഏകീകരണത്തില്‍ ഒരു രൂപതയ്ക്ക് മാത്രം ഇളവ് നല്‍കാനാകില്ലെന്ന് വ്യക്തമാക്കി ഇന്നലെ വത്തിക്കാന്‍, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കും എറണാകുളം-അങ്കമാലി അതിരൂപതാ മെത്രാപൊലീത്തന്‍ വികാരി ബിഷപ്പ് ആന്റണി കരിയിലിനും കത്തയച്ചിരുന്നു. സിനഡ് തീരുമാനം നടപ്പാക്കേണ്ടതില്ലെന്ന ഉത്തരവ് തിരുത്താന്‍ ബിഷപ്പ് കരിയിലിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് വൈദികര്‍ കൂടിക്കാഴ്ച നടത്തുന്നത്. കുര്‍ബാന ക്രമ ഏകീകരണത്തില്‍ ഇടവക തലത്തില്‍ ഇളവ് വേണമെന്ന ആവശ്യത്തിലാണ് വൈദികര്‍.
കുര്‍ബാന ഏകീകരണം നടപ്പാക്കുന്നതില്‍ നിന്ന് ഇടവകകളെ പിന്‍തിരിപ്പിക്കരുതെന്ന് നിര്‍ദ്ദേശമുണ്ടെന്ന് സഭാ നേതൃത്വം അറിയിച്ചു. പൗരസ്ത്യ തിരുസംഘം ഇത് സംബന്ധിച്ച് കര്‍ദ്ദിനാളിനും ബിഷപ്പ് ആന്റണി കരിയിലിനും കത്തയച്ചു. കാനന്‍ നിയമത്തിലെ 1538 വകുപ്പ് ബിഷപ്പ് കരിയില്‍ ദുര്‍വ്യാഖ്യാനം ചെയ്തുവെന്ന് വത്തിക്കാന്‍ വിമര്‍ശിച്ചു.

