ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഡ്രൈവറെ ആക്രമിച്ച കേസിലെ പ്രതിയെ ഈസ്റ്റ് പോലീസ് അറസ്റ്റു ചെയ്തു. പള്ളിമുക്ക് തെക്കേവിള സീനാമൻസിലിൽ അനസ് (32) ആണ് പിടിയിലായത്. കൊല്ലം വനിതാ പോലീസ് സ്റ്റേഷനിലെ ഡ്രൈവർ മണികണ്ഠനെയാണ് ആക്രമിച്ചത്. വ്യാഴാഴ്ചയാണ് സംഭവം. വനിതാ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറായ ഹയറുന്നിസയുമായി പോലീസ് ജീപ്പിൽ പെട്രോളിങ് ഡ്യൂട്ടി നടത്തുന്നതിനിടെ കൊല്ലം എസ്.എൻ.കോളേജ് ജങ്ഷനിൽ വെച്ച് അനസ് ജീപ്പിനെ ഓവർടേക്ക് ചെയ്ത് അസഭ്യം പറഞ്ഞു. തുടർന്ന് കൊച്ചുപ്ലാമൂട്ടിൽ വെച്ച് വീണ്ടും ജീപ്പിനെ ഓവർടേക്ക് ചെയ്ത് അസഭ്യം പറയുകയും മുഖത്തടിക്കുകയും ചെയ്തു. ഹയറുന്നിസ കൊല്ലം കൺട്രോൾ റൂമിൽ വിവരമറിയിച്ചതനുസരിച്ചെത്തിയ പോലീസാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.


