ഇരവിപുരം :വാഹനത്തിനു സൈഡ് കൊടുക്കാത്തതിൽ നടന്ന തർക്കത്തിനൊടുവിൽ യുവാക്കളെ കുത്തിക്കൊല്ലാൻ ശ്രമിച്ച രണ്ടുപേരെ ഇരവിപുരം പോലീസ് പിടികൂടി. താന്നി ലക്ഷ്മീപുരംതോപ്പിൽ സിമിൻ (26), ഇയാളുടെ ബന്ധു മയ്യനാട് കാക്കോട്ടുമൂല ഷാജിഭവനിൽ സാജൻ യേശുദാസ് (36) എന്നിവരാണ് അറസ്റ്റിലായത്.

വാളത്തുംഗൽ സ്വദേശികളായ സെയ്ദലി, ഷംനാദ്, ഷെഫീൻ, നസീം എന്നിവർക്കാണ് പരിക്ക്. താന്നി തീരദേശറോഡിലൂടെ ഇവർ കാറിൽ പോകുമ്പോൾ പിക്കപ്പ് വാനിൽ യാത്രചെയ്ത സിമിനും യേശുദാസും കാറിനു വശംകൊടുത്തില്ല. ഇത് ചോദ്യംചെയ്ത കാർയാത്രക്കാരെയാണ് ഇവർ ആക്രമിച്ചത്. സ്ക്രൂഡ്രൈവർകൊണ്ട് കഴുത്തിനുകുത്തി കൊല്ലാൻ ശ്രമിച്ചതായാണ് കേസ്. ഇൻസ്പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിൽ ഇരവിപുരം പോലീസാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു.


