ശൂരനാട്: പെട്രോൾ പമ്പ് നടത്തിപ്പിൽ പങ്കാളിയാക്കാമെന്നു വിശ്വസിപ്പിച്ച് പണംവാങ്ങി വഞ്ചിച്ചതിനെത്തുടർന്ന് 63 കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. രണ്ടാംകുറ്റി മാർക്കറ്റിനുസമീപം പ്രഗതി നഗർ – 26 ൽ സതീശൻ പിള്ളയാണ് ജീവനൊടുക്കിയത്. പോരുവഴി കമ്പലടി ചിറയിൽ ജങ്ഷനുസമീപം ചിറയിൽ വടക്കതിൽവീട്ടിൽ നവാസ് (43) ആണ് കിളികൊല്ലൂർ പോലീസിന്റെ പിടിയിലായത്. നവാസ് കാരണമാണ് ആത്മഹത്യ ചെയ്യുന്നതെന്ന് കുറിപ്പ് എഴുതിവെച്ചശേഷമാണ് സതീശൻ പിള്ള തൂങ്ങിമരിച്ചത്. നവാസ് ഭരണിക്കാവ് സിനിമാപറമ്പിൽ നടത്തിവരുന്ന പെട്രോൾ പമ്പിന്റെ ആവശ്യങ്ങളിലേക്ക് സതീശൻ പിള്ളയിൽനിന്ന് 15.5 ലക്ഷം രൂപ വാങ്ങിയിരുന്നു. പെട്രോൾ പമ്പിന്റെ നടത്തിപ്പിൽ പങ്കാളിയാക്കാമെന്നു വിശ്വസിപ്പിച്ചതിനെത്തുടർന്നാണ് സതീശൻ പിള്ള ബാങ്ക് വായ്പയെടുത്ത് തുക നൽകിയത്.

എന്നാൽ സതീശൻ പിള്ള അറിയാതെ നവാസ് പമ്പ് മറ്റൊരാൾക്ക് നൽകുകയായിരുന്നു. പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ഭീഷണിപ്പെടുത്തി മടക്കി അയച്ചെന്നും പോലീസ് പറയുന്നു. ഇതിനെത്തുടർന്നുണ്ടായ മനോവിഷമത്തിലാണ് സതീശൻ പിള്ള ആത്മഹത്യ ചെയ്തത്. ആത്മഹത്യക്കുറിപ്പ് അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് നവാസ് പിടിയിലായത്. പ്രതിയെ പിടികൂടാൻ പോരുവഴി കമ്പലടിയിലെത്തിയ പോലീസ് സംഘത്തെക്കണ്ട് ഇയാൾ വീട്ടിൽനിന്ന് പിൻവശത്തെ മതിൽചാടി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്തുടർന്നെത്തിയ പോലീസ് സംഘം പ്രതിയെ പിടികൂടിയെങ്കിലും ഇയാളുടെ ബന്ധുക്കളുംമറ്റും ചേർന്ന് പോലീസിനെ സ്ഥലത്ത് തടഞ്ഞു.

ശൂരനാട് ഐ.എസ്.എച്ച്.ഒ ഗിരീഷിന്റെ നേതൃത്വത്തിൽ കൂടുതൽ പോലീസ് എത്തിയതിനെത്തുടർന്നാണ് സംഘർഷത്തിന് അയവുവന്നത്. കിളികൊല്ലൂർ ഇൻസ്പെക്ടർ വിനോദിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ അനീഷ് എ.പി., ജാനസ് പി ബേബി, എ.എസ്.ഐ മാരായ സന്തോഷ്, സുനിൽകുമാർ, പ്രകാശ്ചന്ദ്രൻ, സി.പി.ഒ മാരായ സാജ്, സജു, സുധീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.

