അമ്പലപ്പുഴയ്ക്കടുത്ത് കരൂരിൽ ആൾത്താമസമില്ലാത്ത വീട്ടിലെ വ്യാജമദ്യനിർമാണകേന്ദ്രത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ ആയിരത്തിലേറെ കുപ്പി വ്യാജമദ്യവും സ്പിരിറ്റും പിടികൂടി. മദ്യംനിറയ്ക്കാനുള്ള പതിനായിരത്തിലേറെ കാലിക്കുപ്പികളും അടപ്പും പാക്കിങ് യന്ത്രവും വീട്ടിൽനിന്നു കണ്ടെത്തി.


വെള്ളിയാഴ്ച വൈകീട്ട് ഏഴുമണിക്കാരംഭിച്ച പരിശോധന രാത്രി വൈകിയും തുടർന്നു. പുറക്കാട് ഗ്രാമപ്പഞ്ചായത്ത് മൂന്നാം വാർഡിൽ കരൂർ കാഞ്ഞൂർമഠം ഭാഗത്താണ് വ്യാജമദ്യനിർമാണകേന്ദ്രം പ്രവർത്തിച്ചിരുന്നത്. ഇതിനുള്ള സ്പിരിറ്റും കണ്ടെടുത്തു. ഒരു പെട്ടിയിൽ പന്ത്രണ്ടെണ്ണം വെച്ച് നിരവധി പെട്ടികളിലാക്കിയാണ് മദ്യം സൂക്ഷിച്ചിരുന്നത്. ആയിരം കുപ്പികളിലായി എണ്ണൂറിലേറെ ലിറ്റർ വ്യാജമദ്യമാണുണ്ടായിരുന്നതെന്നാണ് പ്രാഥമികവിവരം. ബാറുകളിൽ സെക്കൻഡ്‌സ് വിൽപ്പനയ്ക്കുള്ളതാണെന്നാണ് സംശയിക്കുന്നത്. പ്രതികൾക്കുവേണ്ടി പോലീസ് വ്യാപകമായ പരിശോധന തുടങ്ങി.


