Kerala

സഹകരണ ബാങ്കിലെ വായ്പ തീർക്കാൻ സഹായിക്കാമെന്നു വാഗ്ദാനം; കൊടകര കുഴൽപ്പണക്കേസ് പ്രതികൾ പണം തട്ടിയതായി പരാതി

തൃശൂര്‍: കൊടകര കുഴൽപ്പണക്കേസ് പ്രതികൾ സഹകരണ ബാങ്കിലെ വായ്പ തീർക്കാൻ സഹായിക്കാമെന്നു വാഗ്ദാനം നൽകി പണം തട്ടിയതായി പരാതി. കൊടകര കേസിലെ പ്രതികളായ രഞ്ജിത്തും മാർട്ടിനും ചേർന്ന് 17.5 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ആരോപണമുള്ളത്. കൊടുങ്ങല്ലൂർ സ്വദേശിനിയാണ് പൊലീസിൽ പരാതി നൽകിയത്.

രണ്ട് സഹകരണ ബാങ്കുകളിലായുള്ള 87 ലക്ഷം രൂപയുടെ ബാധ്യത തീർക്കാൻ സഹായം വാഗ്ദാനം ചെയ്താണ് രോഹിത്ത്, രാഹുൽ എന്നിങ്ങനെ പരിചയപ്പെടുത്തിയ യുവാക്കൾ കൊടുങ്ങല്ലൂർ സ്വദേശിനിയെ സമീപിക്കുന്നത്. ആറു ശതമാനം പലിശനിരക്കുള്ള മറ്റൊരു ബാങ്കിലേക്ക് വായ്പ മാറ്റാമെന്നായിരുന്നു വാഗ്ദാനം. മറ്റൊരു ബാങ്കിൽ കരാറെഴുതാൻ മുദ്രപത്രം വാങ്ങാനെന്ന് തെറ്റിദ്ധരിപ്പിച്ച് വിവിധ തവണകളിലായി 17 ലക്ഷം രൂപ ഇവർ വാങ്ങിയെടുത്തു.

രണ്ടു മാസം കഴിഞ്ഞിട്ടും വായ്പ ലഭിക്കാതിരുന്നതു സംശയമുണര്‍ത്തി. ഇതോടെയാണ് വ്യാജ പേരുകളിലാണ് ഇവർ തങ്ങളെ സമീപിച്ചതെന്ന് കൊടുങ്ങല്ലൂർ സ്വദേശിനിക്ക് മനസ്സിലാകുന്നത്. കൊടകര കുഴൽപ്പണ കേസിലെ പ്രതിയായ രഞ്ജിത്തായിരുന്നു വായ്പ ഇടനിലക്കാരനായി എത്തിയതെന്ന് ഇവർ പിന്നീട് തിരിച്ചറിഞ്ഞു. രഞ്ജിത്തിനൊപ്പം ഉണ്ടായിരുന്നത് കൊടകര കേസിലെ തന്നെ പ്രതിയായ മാർട്ടിനായിരുന്നുവെന്നും പരാതിക്കാരി പറയുന്നു.

പ്രശാന്ത് എന്നയാളുടെ അക്കൗണ്ട് വഴിയാണ് ഏഴര ലക്ഷം രൂപ കൈമാറിയത്. സ്വർണം പണയപ്പെടുത്തിയും കടം വാങ്ങിയും സംഘടിപ്പിച്ച പത്ത് ലക്ഷം രൂപ നേരിട്ടും നൽകി. വഞ്ചിക്കപ്പെട്ടെന്ന് മനസിലായതോടെ പണം തിരികെ നൽകാൻ ഇവർ ആവശ്യപ്പെട്ടിരുന്നു. തിരികെ നൽകാമെന്ന ഉറപ്പും പാലിക്കാതായതോടെയാണ് കൊടുങ്ങല്ലൂർ സ്വദേശിനി ഇരിങ്ങാലക്കുട പൊലീസിൽ പരാതി നൽകിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top