Sports

“ആളറിഞ്ഞ് കളിക്കട മോഹന ബഗാനെ…” കൊൽക്കത്തൻ മണ്ണിൽ ബഗാനെ തകർത്ത് കേരളാ ബ്ലാസ്റ്റേഴ്‌സ് വീണ്ടും ഒന്നാം സ്ഥാനത്ത്

കൊൽക്കത്ത:  ഐ എസ് എൽ പത്താം സീസണിൽ കൊൽക്കത്ത വമ്പന്മാരായ മോഹൻ ബാഗാൻ സൂപ്പർ ജയന്റ്സിനെ അവരുടെ തട്ടകത്തിൽ പോയി ബ്ലാസ്റ്റേഴ്‌സ് പ്രഹരം. ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിര താരം ദിമിത്രിയോസ് ഡയമന്തക്കോസിന്റെ ഏക ഗോളിലാണ് ബ്ലാസ്റ്റേഴ്‌സ് വിജയമുറപ്പിച്ചത്.

മുംബൈ സിറ്റിയുമായുള്ള വിജയത്തിന് ശേഷം അതേ ഫോമിൽ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് മത്സരത്തിനിറങ്ങിയത്. പത്താം മിനുട്ടിലാണ് ദിമിത്രിയോസിന്റെ ഗോളിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തിയത്. മൂന്ന് ബാഗാൻ താരങ്ങളെ മറികടന്നാണ് ദിമിത്രിയോസിന്റെ അത്യുഗ്രൻ ഗോൾ നേടിയത്. ബ്ലാസ്റ്റേഴ്സിന്റെ മാന്ത്രികനായ അഡ്രിയാൻ ലൂണയുടെ അഭാവത്തിൽ ദിമിത്രിയോസ് ദയമന്തക്കോസ് പ്രതിരോധം മുതൽ മുന്നേറ്റ നിര വരെ കളം നിറഞ്ഞ് കളിച്ചു.

ആദ്യ പകുതിയിൽ മോഹൻ ബാഗാന് ഒരു ഷോട്ട് പോലും മോഹം മാത്രമായി ബാക്കി നിന്നു. ബ്ലാസ്റ്റേഴ്സിന്റെ സമ്മർദ്ദത്തിൽ പൂർണമായും മോഹൻ ബാഗാൻ പതുങ്ങി പോയി എന്നത് തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്. ഇന്ത്യൻ താരങ്ങളുമായാണ് ഇന്ന് മധ്യനിരയിൽ കേരളാ ബ്ലാസ്റ്റേഴ്ഴ്സ് ഇന്ന് കളിക്കളത്തിലിറങ്ങിയത്. നാല് താരങ്ങളിൽ മൂന്ന് താരങ്ങളും മലയാളികൾ ആയിരുന്നു എന്നതാണ് പ്രത്യേകത. ഇരട്ട സഹോദരങ്ങളായ ഐമൻ, അസറും രാഹുൽ കെ പി യുമാണ് മധ്യനിരയിൽ ഇടംപിടിച്ച മലയാളി താരങ്ങൾ.

ഇവാൻ വുക്കോമനോവിച്ചിന്റെ കീഴിൽ മോഹൻ ബഗാനെതിരെ മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് വിജയം നേടാതിരുന്നത് എന്നാൽ ഇന്നത്തെ മത്സരത്തിൽ നേടാനാവാതിരുന്ന വിജയത്തിന്റെ ആ മൂന്ന് പോയിന്റും സ്വന്തമാക്കിയിരിക്കുകയാണ് ഇവാൻ ആശാനും പിള്ളേരും. സീസണിൽ ഏഴ് ഗോളുകൾ നേടി ബ്ലാസ്റ്റേഴ്സിന്റെ ദിമിത്രിയോസ് ഡയമന്തക്കോസാണ് നിലവിലെ ഗോൾഡൻ ബൂട്ട് ജേതാവ്.

രണ്ടാം പകുതിയിൽ മോഹൻ ബാഗാന് സമനില ഗോൾ നേടാൻ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും മോഹൻ ബാഗാന് അതൊരു മോഹം മാത്രമായി നിന്നു. “കൂടുതൽ ഗോളുകൾ നേടാൻ അവസരമുണ്ടായിട്ടും നേടാനാവാത്തത് വിഷമകരമാണ്” എന്ന് പരിശീലകൻ ഇവാൻ വുക്കോമനോവിച്ച് മത്സരശേഷം മാധ്യമങ്ങളോട് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top