കൊച്ചി: ഐ എസ് എൽ 9 ആം സീസണിൽ പ്ലേ ഓഫിലേക്ക് യോഗ്യത നേടി കേരളത്തിന്റെ സ്വന്തം കൊമ്പന്മാർ. ആദ്യമായാണ് തുടർച്ചയായി രണ്ടാം പ്രാവശ്യം ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിലേക്ക് യോഗ്യത നേടുന്നത്.

ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈ സിറ്റി എഫ് സി ഗോവ യെ തോൽപ്പിച്ചതോടെയാണ് കേരളാ ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ് സി യും പ്ലേ ഓഫിലേക്ക് യോഗ്യത നേടിയത്. 31 പോയിന്റുകളുമായി മുംബൈ സിറ്റി എഫ് സി ക്കും ഹൈദരാബാദിനും താഴെയായി മൂന്നാം സ്ഥാനത്താണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ സ്ഥാനം. മൂന്നാം സ്ഥാനം കരസ്ഥമാക്കാൻ വമ്പൻ പോരാട്ടമാണ് എല്ലാ ടീമുകളും നടത്തിക്കൊണ്ടിരിക്കുന്നത്. ലീഗ് ഘട്ടത്തിൽ ഇനി രണ്ട് മത്സരങ്ങൾ ബാക്കി നിൽക്കെയാണ് പ്ലേ ഓഫിലേക്ക് യോഗ്യത നേടിയത്.
ഐ എസ് എൽ 2022-23 സീസണിലെ പുതിയ നിയമപ്രകാരം ആദ്യ ആറ് ടീമുകൾക്ക് പ്ലേ ഓഫിലേക്ക് യോഗ്യത നേടാം. ഇതിൽ ആദ്യ രണ്ട് ടീമുകൾ സെമി ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടും. മൂന്ന് മുതൽ ആറ് സ്ഥാനങ്ങലിലുള്ള ടീമുകൾ നോക്കോട്ട്(knockout) മാച്ച് വഴിയാണ് യോഗ്യത നേടുക.
സീസണിന്റെ മധ്യത്തിൽ തോൽവി അറിയാതെ മുന്നേറിക്കൊണ്ടിരുന്ന ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ നിര താരങ്ങൾക്ക് പരിക്ക് പറ്റിയതോടെ ഒന്ന് പിന്നോട്ട് വലിഞ്ഞിരുന്നു. പ്രതിരോധ നിരയിലെ നേടും തൂണായ മാർകോ ലെസ്‌കോവിച്ചും വലത് വിങ് ബാക്കായ സന്ദീപ് സിങ്ങിനും പരിക്ക് പറ്റിയതോടെയാണ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ തോൽവി അറിയാതെയുള്ള ഉജ്വലമായ കുതിപ്പിന് അവസാനമായത്. അവസാന അഞ്ചു മത്സരങ്ങളിൽ നിന്നും രണ്ട് വിജയവും മൂന്ന് തോൽവിയുമായിരുന്നു ഫലം. ഇത് ടീമിനെയും ആരാധകരെയും വിഷമത്തിലാഴ്ത്തിയെങ്കിലും ഏത് ഘട്ടത്തിലും കൂടെയുണ്ടാവുന്ന മഞ്ഞപ്പട ഈ പ്രാവശ്യവും മത്സരത്തിലെ പതിനൊന്നാമനായി കൂടെ നിന്നിരുന്നു. ബംഗളുരുവിൽ നടന്ന എവേ(away) മത്സത്തിൽ സ്റ്റേഡിയും മഞ്ഞക്കടലായി മാറിയതും ഇതിനുള്ള ഉദ്ദാഹരണമാണ്.
നാളെ കൊൽക്കത്ത വമ്പന്മാരായ എ ടി കെ മോഹൻ ബഗാനെയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് നേരിടാൻ പോകുന്നത്. പരിക്ക് ബേധമായ പ്രതിരോധ നിര താരം മാർകോ ലെസ്‌കോവിച്ച് നാളെ ആദ്യ ഇലവനിൽ ഉണ്ടാവുമെന്നാണ് പരിശീലകൻ ഇവാൻ വുക്കോമനോവിച്ച് വാർത്താ സമ്മേളനത്തിൽ സൂചിപ്പിച്ചത്. എന്നാൽ 4 മഞ്ഞ കാർഡുകളുമായി മധ്യ നിരയിലെ കരുത്താ അഡ്രിയാൻ ലൂണക്ക് നാളെ കളിക്കളത്തിൽ ഇറങ്ങാൻ സാധിക്കില്ല. 44 മത്സരങ്ങൾക്ക് ശേഷമാണ് ലൂണ ഇല്ലാതെ കേരളാ ബ്ലാസ്റ്റേഴ്‌സ് നാളെ കളി മെനയാൻ പോകുന്നത്. പരിശീലകൻ ഇവാൻ വുക്കോമനോവിച്ചിനെ സംബന്ധിച്ചോളം ഇത് വലിയ പരീക്ഷണം തന്നെയാണ്.
ഇരു ടീമുകളും മൂന്നാം സ്ഥാനം ഉറപ്പാക്കാൻ വേണ്ടിയുള്ള പോരാട്ടമാണ് നാളെ നടക്കാൻ പോകുന്നത്. 28 പോയിന്റുകളുമായി അഞ്ചാം സ്ഥാനത്താണ് എ ടി കെ മോഹൻ ബഗാന്റെ സ്ഥാനം. ഇരു ടീമുകൾ തമ്മിൽ കൊമ്പ് കോർക്കുമ്പോൾ ഇന്ത്യൻ എൽ ക്ലാസ്സിക്കോ എന്നാണ് ഇന്ത്യൻ ഫുടബോൾ പ്രേമികൾ മത്സരത്തെ വിശേഷിപ്പിക്കുന്നത്. നാളത്തെ മത്സരം വിജയിക്കും എന്ന് തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ വിശ്വാസം.

