Kerala

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; കടുത്ത നടപടി വേണമെന്ന് സിപിഐ സംസ്ഥാന നേതൃത്വം

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മുന്‍ ബാങ്ക് പ്രസിഡന്‍റും സിപിഐ നേതാവുമായ എന്‍. ഭാസുരാംഗനെതിരെ സിപിഐ അച്ചടക്ക നടപടി സ്വീകരിച്ചേക്കും. ഭാസുരാംഗനെതിരെ കടുത്ത നടപടി വേണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ നിര്‍ദേശം. അച്ചടക്ക നടപടി സംബന്ധിച്ച കാര്യം ഇന്ന് ചേരുന്ന ജില്ല എക്സിക്യൂട്ടീവ് ചര്‍ച്ച ചെയ്യും. ഇതുവരെയും ഭാസുരാംഗനെതിരെ യാതൊരു നടപടിയും സ്വീകരിക്കാത്ത പാര്‍ട്ടി ഇഡിയുടെ ഇടപെടലോടെയാണ് നടപടി സംബന്ധിച്ച ചര്‍ച്ചക്ക് ഒരുങ്ങുന്നത്.

അതേസമയം, കണ്ടല ബാങ്കിലെ ഇ.ഡി പരിശോധന 24 മണിക്കൂർ പിന്നിട്ടു. ഭാസുരംഗന്‍റെ കണ്ടലയിലെ വീട്ടിലും ഇഡി പരിശോധന തുടരുകയാണ്. ഇതിനിടെ, തിരുവനന്തപുരം കണ്ടല സർവീസ് സഹകരണ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ് മെന്‍റ് ഡയറക്ടറേറ്റിന്‍റെ ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന്എൻ.ഭാസുരാംഗനെൃ വിദഗ്ധ ചികിത്സയ്ക്കായി കിംസ് ആശുപത്രിയിലേക്ക് മാറ്റി. 100 കോടിയിലേറെ രൂപയുടെ നിക്ഷേപ തട്ടിപ്പ് ആരോപണം നേരിടുന്ന കണ്ടല സർവീസ് സഹകരണ ബാങ്കിലും ഭാസുരാംഗന്റെയും മുൻ സെക്രട്ടറിമാരുടേയും വീടുകളിലും അടക്കം ഇന്നലെ പുലർച്ചെ അഞ്ച് മണിയോടെ ആയിരുന്നു കേന്ദ്ര സേനയുടെ അകമ്പടിയോടെ ഇ.ഡി സംഘം എത്തിയത്. ബാങ്കിലെ നിക്ഷേപങ്ങൾ, വായ്പകൾ ഉൾപ്പെടെയുള്ള ഇടപാട് രേഖകൾ ഇഡി സംഘം പരിശോധിച്ചു. ഭാസുരാംഗന്റെ പൂജപ്പുരയിലെ വീട്ടിൽ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് മാറനല്ലൂരിലെ വീട്ടിൽ എത്തിച്ച് പരിശോധന നടത്തിയത്. ഇതിനിടെയാണ് ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

പൂജപ്പുരയിലെ വീട്ടിലെ പരിശോധന പൂര്‍ത്തിയായതിന് പിന്നാലെയാണ് ഇന്നലെ രാത്രിയോടെ ഇഡി ഉദ്യോഗസ്ഥര്‍ ഭാസുരാംഗനുമായി കണ്ടലയിലെ വീട്ടിലേക്ക് പോയത്. ഭാസുരാംഗന്‍ കണ്ടലയിലെ വീട്ടിൽ നിന്നും ആറു മാസം മുമ്പ് താമസം മാറിയിരുന്നു. ഇഡി ഉദ്യോഗസ്ഥര്‍ രാവിലെ മുതല്‍ ഇവിടെ ഉണ്ടെങ്കിലും തുറന്ന് പരിശോധിക്കാൻ കഴിഞ്ഞിരുന്നില്ല. സംശയനിവാരണത്തിനായാണോ രേഖകള്‍ ശേഖരിക്കാനാണോ ഭാസുരാംഗനെ വാഹാനത്തില്‍ കണ്ടലയിലെ വീട്ടിലേക്ക് കൊണ്ടുപോയതെന്ന് ഇഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടില്ല. അതേസമയം ബാങ്കിലെ പരിശോധന രാത്രി വൈകിയും തുടര്‍ന്നു.കരുവന്നൂരിന് പിന്നാലെയാണ് കണ്ടല സര്‍വ്വീസ് സഹകരണ ക്രമക്കേടിലും ഇഡി ഇടപെടലുണ്ടായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top