Kerala

കൗൺസിലിങ്ങിനിടെ ചിരിച്ചതിന് പാസ്റ്റർ മർദിച്ചെന്ന് പരാതി; യുവതിയെ പറഞ്ഞയച്ച എസ്ഐക്ക് സസ്പെൻഷൻ

അടിമാലി: വീട്ടുവഴക്ക് സംബന്ധിച്ച പരാതിയുമായെത്തിയ പാസ്റ്ററുടെ അടുത്തേക്കു യുവതിയെ പറഞ്ഞയയ്ക്കുകയും പാസ്റ്റർ യുവതിയെ മർദിക്കുകയും ചെയ്ത സംഭവത്തിൽ എസ്ഐക്കു സസ്പെൻഷൻ. വെള്ളത്തൂവൽ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഏബ്രഹാം ഐസക്കിനെയാണു ജില്ലാ പൊലീസ് മേധാവി വി.യു.കുര്യാക്കോസ് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ പാസ്റ്റർക്കും ഭാര്യക്കുമെതിരെ പോലീസ് കേസെടുത്തു. എട്ടു മാസം മുൻപാണ് വെള്ളത്തൂവൽ സ്റ്റേഷനിൽ ഭർത്താവിനെതിരെ പരാതിയുമായി യുവതിയെത്തിയത്.

ഭർത്താവിനു കൗൺസലിങ് നടത്തി പ്രശ്നപരിഹാരത്തിന് എസ്ഐ ശ്രമിച്ചെങ്കിലും വീണ്ടും വീട്ടുവഴക്കുണ്ടായി. ഇതോടെ എസ്ഐ യുവതിയെ അടിമാലി പൂഞ്ഞാറുകണ്ടത്തെ പാസ്റ്ററുടെ വീട്ടിൽ കൗൺസലിങ്ങിന് അയച്ചു. കൗൺസലിങ്ങിനിടെ ചിരിച്ചതിന് യുവതിയെ പാസ്റ്റർ മർദിച്ചെന്നാണു പരാതി. ഇടുക്കി വനിതാ സ്റ്റേഷനിൽ കഴിഞ്ഞ 18നു യുവതി പരാതി നൽകി.

ഇതോടെ ആദ്യ പരാതിയിൽ എസ്ഐയെടുത്ത നടപടികളെപ്പറ്റി അന്വേഷിക്കാൻ ജില്ലാ പൊലീസ് മേധാവി ഇടുക്കി ഡിവൈഎസ്പിക്കു നിർദേശം നൽകി. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എസ്ഐയെ സസ്പെൻഡ് ചെയ്തത്. വർഷങ്ങളായി അറിയുന്ന കുടുംബമാണെന്നും അവരെ സഹായിക്കാനും നല്ല ഉദ്ദേശ്യത്തോടെയുമാണു പാസ്റ്ററുടെ അടുത്ത് എത്തിച്ചതെന്നും എസ്ഐ പറഞ്ഞു. സംഭവം നടന്ന് മാസങ്ങൾക്കു ശേഷം യുവതി പരാതിയുമായെത്തിയതു ദുരൂഹമാണെന്നും എസ്ഐ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top