അഹമ്മദാബാദ്: ലോകകപ്പിൽ ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യാ-പാകിസ്താന്‍ ക്ലാസിക് പോരാട്ടം ഇന്ന് അഹ്മദാബാദില്‍. പരിക്കില്‍നിന്നു മുക്തനായി ശുഭ്മൻ ഗിൽ ഇന്ന് ടീമില്‍ തിരിച്ചെത്തുമെന്നാണ് സൂചന. ആദ്യ രണ്ടു മത്സരങ്ങളിലെ മികച്ച വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇരുടീമുകളും. ഹോം ഗ്രൗണ്ട്, 1,32,000ലധികം വരുന്ന കാണികളുടെ പിന്തുണ, പാകിസ്താനെതിരായ ഏകപക്ഷീയമായ ഏഴു വിജയങ്ങളുടെ റെക്കോർഡ്, ഏകദിന റാങ്കിങ്ങിൽ ഒന്നാമതതെത്തിയ സമീപകാല ഫോം. ഇന്ത്യൻ ടീമിന് അനുകൂല ഘടകങ്ങൾ നിരവധിയാണ്. ഏറ്റവുമൊടുവിൽ ഇന്നിങ്സ് ഓപ്പൺ ചെയ്യാൻ ശുഭ്മൻ ഗിൽ തിരിച്ചെത്തുമെന്ന സന്തോഷ വാർത്തയും.

ഗിൽ തിരിച്ചെത്തിയാല്‍ സൂര്യകുമാറിനൊപ്പം ഇഷാൻ കിഷനും പുറത്തിരിക്കേണ്ടിവരും. ഫോമിലില്ലാത്ത മുഹമ്മദ് സിറാജിനു പകരം മുഹമ്മദ് ഷമി എത്താനുമിടയുണ്ട്. ഷർദുൽ താക്കൂർ തുടരാനാണു സാധ്യത.
മറുവശത്ത് പാകിസ്താനും ആത്മവിശ്വാസം നൽകുന്ന ഘടകങ്ങളുണ്ട്. ഏകദിന റാങ്കിങ്ങിൽ ഒരു റേറ്റിങ് പോയിന്‍റ് വ്യത്യാസത്തിൽ രണ്ടാമതുണ്ട് അവർ. മുഹമ്മദ് റിസ്‍വാന്‍റെ ഫോമും ഇന്ത്യക്കെതിരെ എപ്പോഴും മികച്ച പ്രകടനം പുറത്തെടുക്കാറുള്ള ഷഹീൻഷാ അഫ്രീദി അടക്കമുള്ള പേസര്‍മാരും പാകിസ്താനു മുതൽകൂട്ടാണ്. സ്വന്തം കാണികളുടെ അഭാവത്തെ മറികടന്നു വേണം അവർക്ക് കളിക്കാൻ.
പഴുതടച്ച സുരക്ഷാ സംവിധാനങ്ങളാണ് അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലും പരിസരത്തും ഒരുക്കിയിരിക്കുന്നത്. എൻ.എസ്.ജി കമാൻഡോസ് ഉള്‍പ്പെടെ 11,000 സേനാംഗങ്ങളെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.

