കൊച്ചി: ആക്രമണം തടയാൻ എത്തിയ പോലീസിന് വെട്ടേറ്റ സംഭവത്തിൽ പ്രതി അറസ്റ്റിൽ. സംഭവത്തിൽ മഞ്ഞുമ്മൽ സ്വദേശിയും മുൻ എസ്ഐയുമായ പോൾ ഫ്രാൻസിസിനെ ഏലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം ഏലൂർ സ്റ്റേഷനിലെ എഎസ്ഐ സുനിൽ കുമാറിനാണ് ആക്രമണത്തിൽ വെട്ടേറ്റത്. ഇദ്ദേഹത്തിന്റെ ഇടതു കൈയ്ക്ക് സാരമായി പരുക്കേറ്റു. അച്ഛനെതിരെ മകൾ പറഞ്ഞ പരാതി അന്വേഷിക്കാനെത്തിയ പോലീസ് സംഘത്തിന് നേരെയായിരുന്നു മുൻ എസ്ഐയുടെ മിന്നലാക്രമണം.

വീട്ടിലെ മുറിയിൽ ആയിരുന്ന പ്രതി പെട്ടെന്ന് മുറിതുറന്ന് പൊലീസുകാരെ ആക്രമിക്കുകയിയരുന്നു. ഒരു ഉദ്യോഗസ്ഥനെ തള്ളിയിച്ച് കത്തികൊണ്ട് കുത്താൻ പ്രതി ശ്രമിച്ചപ്പോൾ തടയാൻ ശ്രമിച്ച എഎസ്ഐ സുനിൽ കുമാറിന് ഇടത് കൈയ്യിൽ ആഴത്തിൽ വെട്ടേൽക്കുകയായിരുന്നു.

ഇന്ന് ഉച്ചയോടെയാണ് മകൾ സ്റ്റേഷനിൽ വിളിച്ച് പോലീസ് സഹായം ആവശ്യപ്പെട്ടത്. അച്ചൻ മദ്യമിച്ച് ബഹളമുണ്ടാക്കുകയാണെന്നും മുറിയിൽ കയറി വാതിൽ അടച്ച് ആത്മഹത്യ ഭീഷണി മുഴക്കുന്നുവെന്നുമായിരുന്നു പരാതി. ഇത് അന്വഷിക്കാനായിരുന്നു ഏലൂർ ഇൻസ്പെക്ചറുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തിയത്. പൊലീസുകാരെ ആക്രമിച്ച പ്രതിയെ ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്.

