Kerala

കേരള സർക്കാർ കടത്തിലാണ്, അരിക്കൊമ്പനെ മാറ്റാൻ സാബു പണം കൊ‌ടുക്കാമോ; രാഷ്ട്രീയം മാത്രമല്ലല്ലോ ബിസിനസുമില്ലേ! അരിക്കൊമ്പൻ വിഷയത്തിൽ കിറ്റക്കസ് സാബുവിനെതിരെ രൂക്ഷ വിമർശനവുമായി ഹൈകോടതി, ഹർജി തള്ളി

കൊച്ചി: അരിക്കൊമ്പന് സുരക്ഷയും ചികിത്സയും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ട്വന്റി ട്വന്റി് ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. സംസ്ഥാന സർക്കാറും കേന്ദ്ര സർക്കാറും ഹർജിയെ എതിർത്തു. ആന ഒരു സംസ്ഥാനത്തിന്റെ ഭാഗമെന്ന് പറയാനാവില്ലെന്ന് കേരളം കോടതിയെ അറിയിച്ചു. അരിക്കൊമ്പന് സംരക്ഷണമൊരുക്കുക, കേരളത്തിലേക്ക് കൊണ്ട് വരിക, ആനയ്ക്ക് ചികിത്സ ലഭ്യമാക്കുക തുടങ്ങി മൂന്ന് ആവശ്യങ്ങളാണ് സാബു മുന്നോട്ടുവെച്ചത്. എന്ത് കൊണ്ട് ഇടപെടണമെന്ന് വിശദീകരിക്കാൻ ഹർജിക്കാരന് കഴിഞ്ഞിട്ടില്ല ഹൈക്കോടതിയിൽ നിന്നും വിമർശനം. ആനയെ കേരളത്തിലേക്ക് കൊണ്ട് വരണമെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്നും ഹർജിയുടെ സത്യസന്ധത സംശയിക്കുന്നുവെന്നും കോടതി തുറന്നടിച്ചു.

ആന നിലവിൽ തമിഴ്നാടിന്റെ ഭാഗത്താണുളളത്. ഉൾവനത്തിലേക്ക് ആനയെ അയക്കണമെന്നാണ് തമിഴ്നാട് പറയുന്നത്. തമിഴ്നാട് വനം വകുപ്പ് ആനയെ എന്തെങ്കിലും തരത്തിൽ ഉപദ്രവിച്ചതായി തെളിവില്ല. ആനയെ സംരക്ഷിക്കാമെന്നും അവർ അറിയിച്ചിട്ടുണ്ട്. ആ സ്ഥിതിക്ക് പിന്നെ എന്തിനാണ് ആനയെ തിരികെ കൊണ്ട് വരണമെന്ന് നിങ്ങൾ പറയുന്നതെന്നും കോടതി ചോദിച്ചു.

കേരള സർക്കാർ കടബാധ്യതയിലാണ്. അരിക്കൊമ്പൻ ദൗത്യത്തിനായി സർക്കാർ ചെലവഴിച്ചത് 80 ലക്ഷം രൂപയാണ്. സാബു ആണെങ്കിൽ ബിസിനസിൽ മികച്ച് നിൽക്കുന്നു. തമിഴ്നാട് സർക്കാർ ആനയെ മാറ്റാൻ തയ്യാറായാൽ എല്ലാ ചിലവും സാബു വഹിക്കുമോയെന്ന് ആരാഞ്ഞ കോടതി, സാബുവിന് മുഴുവൻ ചിലവും വഹിക്കാമല്ലോ, രാഷ്ട്രീയ പാർട്ടി നേതാവ് കൂടിയല്ലേയെന്നും പരിഹസിച്ചു.

പൊതുതാത്പര്യ ഹർജികളിൽ പൊതുതാത്പര്യം ഉണ്ടാകണം. അരിക്കൊമ്പൻ ഹർജിയിൽ അതുണ്ടോ? ജീവിതത്തിൽ എന്നെങ്കിലും ഉൾക്കാട്ടിൽ പോയ അനുഭവം ഉണ്ടോയെന്നും സാബു എം ജേക്കബിനോട് കോടതി ആരാഞ്ഞു. ഹർജിക്കാരൻ രാഷ്ട്രീയ പാർട്ടി നേതാവാണ്. ആ ഉത്തരവാദിത്തത്തോട് കൂടി പെരുമാറണം. അരിക്കൊമ്പനെ കാടുകയറ്റാമെന്ന ഉത്തരവാദിത്തം തമിഴ്നാട് സർക്കാർ ഏറ്റെടുക്കുകയാണ് ചെയ്തത്. കേരളത്തിൽ രജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാർട്ടിയുടെ നേതാവിന് തമിഴ് നാട്ടിലെ വിഷയത്തിൽ എന്ത് കാര്യമെന്ന ചോദ്യമുയർത്തിയ ഹൈക്കോടതി തമിഴ്നാട്ടിൽ നടക്കുന്ന കാര്യങ്ങളിൽ പരാതി ഉണ്ടെങ്കിൽ മദ്രാസ് ഹൈക്കോടതിയെ സമീപിക്കണമെന്നും നിർദ്ദേശിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top