Kerala

പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ എംകെ പ്രസാദ് കോവിഡ് ബാധിച്ച് മരിച്ചു

കൊച്ചി :പരിസ്ഥിതി പ്രവർത്തകനും ശാസ്ത്ര സാഹിത്യ പരിഷത്ത് നേതാവുമായിരുന്ന പ്രൊഫ എംകെ പ്രസാദ് അന്തരിച്ചു. എറണാകുളത്ത് വെച്ചാണ് മരണം സംഭവിച്ചത്. കൊവിഡ് ബാധിതനായി വെന്റിലേറ്ററിൽ കഴിയുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. പ്രകൃതി സംരക്ഷണത്തിന്റെയും സുസ്ഥിര വികസനത്തിന്റെയും അറിയപ്പെടുന്ന പ്രഭാഷകനും, പ്രകൃതി സ്നേഹിയുമായിരുന്നു. കേരളത്തിലെ പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനങ്ങളുടെ തുടക്കക്കാരിൽ ഒരാളായിരുന്നു.

Ad

സസ്യശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം 30 വർഷത്തോളം വിദ്യാഭ്യാസ രംഗത്ത് ഉയർന്ന നിലകളിൽ പ്രവർത്തിച്ചു. കോഴിക്കോട് സർവകലാശാല പ്രോ വിസിയായും മഹാരാജാസ് കോളേജ് പ്രിൻസിപ്പലായും പ്രവർത്തിച്ചിട്ടുണ്ട്. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിനൊപ്പം സേവ് സൈലന്റ് വാലി പ്രചാരണത്തിന്റെ നേതൃ നിരയിൽ പ്രവർത്തിച്ചു.  പാലക്കാട് ജില്ലയിലെ മുണ്ടൂരിൽ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഐആർടിസിയുടെ നിർമ്മാണത്തിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അറിയപ്പെടുന്ന ഗ്രന്ഥകാരനാണ്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചും സൈലന്റ് വാലി ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്ടുമായി ബന്ധപ്പെട്ടുമടക്കം നിരവധി രചനകൾ അദ്ദേഹത്തിന്റെതായുണ്ട്.

 

വീട്ടാവശ്യങ്ങൾക്കുള്ള ഊർജ്ജത്തിന് പരമ്പരാഗത സ്രോതസുകളെ ആശ്രയിക്കണമെന്ന വാദക്കാരനായിരുന്നു. ഐക്യരാഷ്ട്ര സഭയുടെ മില്ലേനിയം എക്കോസിസ്റ്റം അസസ്മെന്റ് ബോർഡിൽ അഞ്ച് വർഷത്തിലധികം പ്രവർത്തിച്ചിട്ടുണ്ട്. വേൾഡ് വൈഡ് ഫണ്ട് ഓഫ് നേച്ചറിലെ പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമായിരുന്നു. വയനാട്ടിലെ എംഎസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിലെ പ്രോഗ്രാം അഡ്വൈസറി കമ്മിറ്റി ചെയർപേഴ്സനായിരുന്നു. കൂടാതെ ഗവർണമെന്റ് കൗൺസിലിന്റെ സെന്റർ ഓഫ് എൻവയൺമെന്റ് എജുക്കേഷനിലും കേരള സംസ്ഥാന ബയോഡൈവേഴ്സിറ്റി ബോർഡിലും അംഗമായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top