Kerala

ലോകസഭ തെരഞ്ഞെടുപ്പ്; കോട്ടകൾ പിടിച്ചടക്കാൻ ജനകീയ മുഖങ്ങളെ രം​ഗത്തിറക്കാൻ സിപിഎം; കെ കെ ശൈലജയും കെ രാധാകൃഷ്ണനും മത്സര രം​ഗത്തേക്ക്?

തിരുവനന്തപുരം: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വൻ തിരിച്ചടി നേരിട്ട സിപിഎം അത് മറികടക്കാനുള്ള നീക്കത്തിലാണ്. ഇത്തവണ ജനകീയ സ്ഥാനാർഥികളെ രംഗത്തിറക്കാനാണ് ആലോചന. 20 ലോക്‌സഭാ സീറ്റിൽ 19 എണ്ണത്തിലും പരാജയമാണ് നേരിട്ടത്. ഇത്തവണ അത്രയും വലിയ തിരിച്ചടി പ്രതീക്ഷിക്കുന്നില്ല. എന്നിരുന്നാലും കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ക്ഷീണം മാറ്റാൻ ജനകീയ മുഖങ്ങളെ തന്നെ ഇറക്കാമെന്നാണ് പാർട്ടി വിലയിരുത്തൽ. പലരുടെയും പേരുകൾ ഉയർന്നു കേൾക്കുന്നുണ്ട്. കെ.കെ ശൈലജയുടേയും കെ രാധാകൃഷ്ണന്റെയുമെല്ലാം പേരുകൾ സ്ഥാനാർഥി പട്ടികയിൽ ചിലത് മാത്രം.

കണ്ണൂർ മണ്ഡലത്തിൽ കെ.കെ ശൈലജ മത്സരിക്കുമെന്നതാണ് ഇതിൽ പ്രധാനപ്പെട്ടത്. ശൈലജ ടീച്ചറുടെ ജനപ്രീതി വോട്ടായി മാറിയാൽ നിലവിൽ യു.ഡി.എഫിന്റെ കയ്യിലുള്ള സീറ്റ് വലിയ വിയർപ്പൊഴുക്കാതെ കിട്ടുമെന്നാണ് പാർട്ടിയുടെ കണക്ക് കൂട്ടൽ. വടകരയിലും ടീച്ചറുടെ പേര് പറഞ്ഞ് കേൾക്കുന്നുണ്ട്. പാർട്ടി കോട്ടയായി വിലയിരുത്തപ്പെട്ടിരുന്ന ആലത്തൂരിൽ യു.ഡി.എഫ് കഴിഞ്ഞ തവണ അട്ടിമറി വിജയം നേടിയിരിന്നു. ആ സീറ്റ് തിരിച്ചുപിടിക്കാൻ മന്ത്രി കെ. രാധാകൃഷ്ണനെ മത്സരിപ്പിക്കണമെന്ന ആഗ്രഹം പാർട്ടി നേതൃത്വത്തിലെ ചിലർക്കുണ്ട്. എന്നാൽ കെ. രാധാകൃഷ്ണൻ അനുകൂലമായി പ്രതികരിക്കാൻ സാധ്യതയില്ല.

ആലത്തൂർ പോലെ ഉറച്ച സീറ്റ് ആയിരുന്ന കാസർകോടും കഴിഞ്ഞ തവണ കൈവിട്ടു. ഈ മണ്ഡലം തിരിച്ചുപിടിക്കാൻ മുൻ എം.എൽ.എയും സംസ്ഥാന കമ്മിറ്റി അംഗവുമായി ടി.വി രാജേഷിനെയാണ് പാർട്ടി ആലോചിക്കുന്നത്. എന്നാൽ മുസ്‌ലിം ന്യൂനപക്ഷവോട്ടുകൾ കാര്യമായിട്ടുള്ള മണ്ഡലത്തിൽ രാജേഷ് മത്സരിച്ചാൽ ഷുക്കൂർ കേസ് പ്രതിപക്ഷം ഉയർത്തുമോ എന്ന ആശങ്ക പാർട്ടിക്കുള്ളിലുണ്ട്. വി.പി.പി മുസ്തഫയുടെ പേരും പരിഗണനയിലുണ്ട്. കോഴിക്കോട് വസീഫ്, ആലപ്പുഴയിൽ ആരിഫ്, പത്തനംതിട്ടയിൽ തോമസ് ഐസക്, പൊന്നാനിയിൽ കെ.ടി ജലീൽ, കൊല്ലത്ത് ചിന്ത ജെറോം എന്നിങ്ങനെയും സാധ്യതകൾ പാർട്ടി പരിഗണിക്കുന്നുണ്ട്. സി.പി.ഐ സ്ഥാനാർഥി നിർണയത്തെ സംബന്ധിച്ചും അനൗപചാരിക ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരത്ത് ബിനോയ് വിശ്വവും, തൃശ്ശൂരിൽ വി.എസ് സുനിൽ കുമാറും മത്സരിക്കുമെന്നാണ് സൂചന.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top