Kerala

അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിൽ; നിരീക്ഷണം ശക്തമാക്കി വനംവകുപ്പ്

നാ​ഗർകോവിൽ; അരിക്കൊമ്പന്‍ കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്ക് കടന്നതായി വിവരം. ഇന്നലെ രാത്രിയോടെയാണ് 15 കിലോമീറ്ററോളം സഞ്ചരിച്ച അരിക്കൊമ്പൻ കന്യാകുമാരി വനാതിർത്തിയിലേക്ക് കടന്നത്. അരിക്കൊമ്പന്റെ റേഡിയോ കോളർ സി​ഗ്നലുകൾ ലഭിച്ചതായി തമിഴ്നാട് വനംവകുപ്പ് വ്യക്തമാക്കി. സിഗ്നൽ ലഭിച്ചതിനെത്തുടർന്ന് കന്യാകുമാരി വനാതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി.

അരിക്കൊമ്പൻ ആരോ​ഗ്യവാനാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അപ്പര്‍ കോതയാര്‍ മുത്തുകുഴി വനമേഖലയില്‍ തമിഴ്‌നാട് വനംവകുപ്പ് അരിക്കൊമ്പനെ തുറന്നു വിട്ടത്.

കോതയാര്‍ ഡാമിനു സമീപത്തു തന്നെയായിരുന്നു ആദ്യ ദിവസങ്ങളിൽ നിലയുറപ്പിച്ചിരുന്നത്. എന്നാൽ ഇന്നലെയോടെ 15 കിലോമീറ്റർ ദൂരമാണ് അരിക്കൊമ്പൻ സഞ്ചരിച്ചത്. ഇതോടെയാണ് അരിക്കൊമ്പൻ പൂർണ ആരോ​ഗ്യവാനാണെന്ന് വിലയിരുത്തുന്നത്.

15 പേർ അടങ്ങുന്ന സംഘം മൂന്ന് ഷിഫ്റ്റുകളായി കോതയാർ വനാതിർത്തിയിൽ നിരീക്ഷണം നടത്തുന്നതായി കന്യാകുമാരി ഡി.എഫ്.ഒ. ഇളയരാജ അറിയിച്ചു. കന്യാകുമാരി വനമേഖലയിൽ അരിക്കൊമ്പൻ എത്തുകയാണങ്കിൽ ജനവാസമേഖലയിൽ എത്താനുള്ള സാധ്യത ഏറെയാണ്. ഇതുമായി ബന്ധപ്പെട്ട് കന്യാകുമാരി ജില്ലയിലെ ആദിവാസികൾ ഉൾപ്പെടെ വിവിധ സംഘടനാ പ്രതിനിധികൾ നേരത്തെ ആശങ്ക അറിയിച്ചിരുന്നു.

അതിർത്തി പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കിയതിനൊപ്പം, അതിർത്തി പ്രദേശത്ത് ആന എത്തുകയാണെങ്കിൽ ഉൾക്കാട്ടിലേക്കു കടത്തിവിടാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുള്ളതായി ഡി.എഫ്‌.ഒ. അറിയിച്ചു. അംബാസമുദ്രം, കളക്കട്, കന്യാകുമാരി മേഖലകളിലെ 60 വനംവകുപ്പ് ഉദ്യോഗസ്ഥർ അരിക്കൊമ്പനെ നിരീക്ഷിക്കുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top