നെയ്യാറ്റിൻകര :ആറാലുംമൂട്ടില്‍ കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ഗുണ്ടാക്രമണത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു. ആറാലുംമൂട് ചെറിയകോണം ചാനല്‍കര വീട്ടില്‍ ഷാജഹാനാണ്(48) തലയില്‍ വെട്ടേറ്റത്. മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളാണ് അയല്‍വാസികള്‍ തമ്മിലുള്ള കൈയേറ്റത്തിലും വീട് കയറി ആക്രമണത്തിലും കലാശിച്ചത്. ഗുണ്ട ഡാന്‍സര്‍ വിഷ്ണുവും കൂട്ടാളി സയ്യദും ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.

ഷാജഹാന് തലയില്‍ വെട്ടേറ്റതിന് പുറമെ ശരീരമാസകലം മര്‍ദ്ദനമേറ്റതിന്റെ പാടുകളുമുണ്ട്. ബന്ധുക്കള്‍ ചേര്‍ന്ന് ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച് ചികിത്സ തേടിയശേഷം കഴിഞ്ഞ ദിവസമാണ് നെയ്യാറ്റിന്‍കര പോലീസിന് പരാതി നല്‍കിയത്. ഷാജഹാന്റെ തലയില്‍ 16 തുന്നലിട്ടു. വധശ്രമത്തിന് കേസെടുത്ത നെയ്യാറ്റിന്‍കര പോലീസ് ഒളിവില്‍ പോയ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പറഞ്ഞു.

