പനാജി: ഇന്ത്യൻ സൂപ്പർ ലീഗിൽ തുല്യ ശക്തികളായ ഹൈദരാബാദും കേരളാ ബ്ലാസ്റ്റേഴ്സും ഏറ്റുമുട്ടിയപ്പോൾ ജയം ബ്ലാസ്റ്റേഴ്സിന്. ഇന്നത്തെ മത്സരത്തിൽ ലഭിച്ച മൂന്ന് പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് പോയിന്റ് ടേബിളിൽ തലപ്പത്ത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് ജയിച്ചത്. കേരളാ ബ്ലാസ്റ്റേഴ്സിനായി അൽവാരോ വാസ്‌കസാണ് ഗോൾ നേടിയത്.

ആക്രമണങ്ങൾക്ക് പേര് കേട്ട ഹൈദരാബാദ് എഫ് സി ക്ക് ബ്ലാസ്റ്റേഴ്സിന്റെ സമ്മർദ്ദത്തിന് അതിജീവിക്കാൻ സാധിച്ചില്ല എന്ന് ഉറപ്പിച്ച് പറയാം. പതിവ് ഫോർമേഷനിൽ തന്നെ കളിക്കളത്തിൽ ഇറങ്ങിയ ബ്ലാസ്റ്റേഴ്സ് ലൈനപ്പിൽ മാറ്റങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ആദ്യ മിനുട്ട് മുതൽ എതിർ ടീമിന്റെ ഓരോ പിഴവുകളും മുതലാക്കി മുന്നേറിയ ബ്ലാസ്റ്റേഴ്‌സ് ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ട് മുൻപ് 42 ആം മിനുട്ടിലാണ് ഗോൾ നേടിയത്. ബോക്സിലേക്ക് ഉന്നം വെച്ച് ഖബ്ര കൊടുത്ത നീളമേറിയ ത്രോ ബോൾ സഹൽ തലകൊണ്ട് മറിച്ച് വാസ്‌കസിന് കൊടുക്കുകയായിരുന്നു. എതിർ താരത്തിന്റെ തലയിൽ തട്ടി തെറിച്ച പന്ത് സ്വതന്ത്രനായി നിന്ന അൽവാരോ വാസ്‌കസ് അടിച്ച മിന്നും ഷോട്ട് ഹൈദരാബാദ് ഗോൾ വല തുളഞ്ഞ് കയറി.
തുടരെ തുടരെ ആക്രമണങ്ങൾക്ക് ഹൈദരാബാദ് മുതിർന്നെങ്കിലും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധനിര ശക്തമായി പ്രതിരോധിച്ചു.രണ്ടാം പകുതിയിൽ പരിക്കിനെ തുടർന്ന് പ്രതിരോധ നിര താരം ഖബ്രയെ സബ്സ്റ്റിട്യൂട്ട് ചെയ്തത് അൽപ സമയത്തേക്ക് തലവേദന ആയെങ്കെലും ഒരുമയോടെ കളികൾ പുറത്തിറക്കിയ ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദിന് അധികം അവസരങ്ങൾ നൽകിയില്ല. രണ്ടാം പകുതിയുടെ തുടക്കം മുതൽ ഹൈദരാബാദ് വേഗം കളി നീക്കുന്നുണ്ടായിരുന്നു. കബ്രയുടെ അസാന്നിധ്യം മുതലാക്കിയാണ് ഹൈദരാബാദ് മുന്നേറ്റങ്ങൾ നടത്തിയത്.
കളിക്കിടയിൽ ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ ജെസ്സൽ കാർനെയ്‌റോക്ക് സാരമായ പരിക്കേറ്റു.പരിക്ക് എത്രത്തോളം ഭീകരമെന്ന് ഇതുവരെ റിപ്പോർട്ടുകൾ ഒന്നുമില്ല. ഇഞ്ചുറി ടൈമിൽ അൽവാരോ വാസ്‌കസ് എടുത്ത ഫ്രീ കിക്കിൽ ഹൈദരാബാദ് ഗോൾ കീപ്പർ കട്ടിമണിയുടെ കണക്ക് കൂട്ടലുകൾ തെറ്റിച്ച് ഗോൾ ലൈൻ കടന്നെങ്കിലും റഫറി ഗോൾ അനുവദിച്ചില്ല.അവസാന നിമിഷങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് കാളി തണുപ്പിച്ച് പന്തടക്കം കൈക്കലാക്കുകയായിരുന്നു. കളിയുടെ അവസാനം വിസിൽ മുഴങ്ങുമ്പോൾ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനക്കാർ ആരെന്ന ചോദ്യത്തിന് ഒരേ ഒരു ഉത്തരം കേരളാ ബ്ലാസ്റ്റേഴ്‌സ്…
17 പോയിന്റുമായാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് ഒന്നാം സ്ഥാനം കൈവരിച്ചിരിക്കുന്നത്. കടുത്ത ആരാധകർക്ക് പോലും വിശ്വസിക്കാനാവാത്ത കളിമികവാണ് ഐ എസ് എൽ എട്ടാം സീസണിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് പുറത്തിറിക്കിയിരിക്കുന്നത്.

