Politics

വയനാട് ഉപതെരഞ്ഞെടുപ്പ് :യു ഡി എഫിന്റെ അന്ത്യത്തിന്റെ ആരംഭം കുറിക്കും:മൂന്നാം തുടർ ഭരണത്തിനരികെയെത്തിയെന്നു സിപിഎം

രാഹുല്‍ ഗാന്ധിയുടെ റായ്ബറേലിയില്‍ മത്സരിക്കാനുള്ള തീരുമാനം കേരളത്തിലെ കോണ്‍ഗ്രസ്സിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കാന്‍ പോകുന്നത്.
സോണിയ ഗാന്ധി കുത്തകയാക്കി വച്ച റായ്ബറേലിയില്‍ സമാജ് വാദി പാര്‍ട്ടിയുടെ കൂടി ശക്തമായ പിന്തുണ ഉള്ളതിനാല്‍ രാഹുല്‍ ഗാന്ധിക്ക് വിജയം ഉറപ്പാണ്. അത്തരമൊരു സാഹചര്യത്തില്‍ വയനാട് ഉപേക്ഷിച്ച്‌ റായ്ബറേലിയില്‍ നില്‍ക്കാനാണ് രാഹുല്‍ ഗാന്ധി താല്‍പ്പര്യപ്പെടുക. ഇത് വയനാട്ടില്‍ ഒരു ഉപതിരഞ്ഞെടുപ്പിലേക്കാണ് കാര്യങ്ങള്‍ എത്തിക്കുക. വയനാട് പോലെ ഉപതിരഞ്ഞെടുപ്പിനെ നേരിടാനുള്ള ധൈര്യം റായ് ബറേലിയില്‍ കോണ്‍ഗ്രസ്സിന് ഉണ്ടാവില്ലന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. മാത്രമല്ല ഹിന്ദി ഹൃദയഭൂമിയില്‍ നഷ്ടപ്പെട്ട സ്വാധീനം തിരിച്ചു പിടിക്കാന്‍ റായ്ബറേലിയില്‍ സീറ്റ് നിലനിര്‍ത്തേണ്ടത് കോണ്‍ഗ്രസ്സിന് അനിവാര്യവുമാണ്.

ഇവിടെയാണ് യു.ഡി.എഫ് ഇനി യഥാര്‍ത്ഥ പ്രതിസന്ധി നേരിടാന്‍ പോകുന്നത്.വയനാട് ;കോഴിക്കോട് ഇവയിൽ ഏതെങ്കിലും ഒരു മണ്ഡലകൂടി എന്നാണ് ലോക്‌സഭാ സീറ്റ് വിഭജന കാലത്ത്  മുസ്ലീംലീഗ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധിക്കു വേണ്ടി വിട്ടുവീഴ്ച ചെയ്താണ് രാജ്യസഭ സീറ്റെന്ന ഓഫറിന് ലീഗ് വഴങ്ങിയത് . രാഹുല്‍ ഗാന്ധി റായ്ബറേലിയിലേക്ക് കൂട് മാറുന്നതോടെ മുന്‍ നിലപാടില്‍ നിന്നും ലീഗും പിന്നോട്ട് പോകാനാണ് സാധ്യത.

ലീഗിന് ശക്തമായ സ്വാധീനമുള്ള മണ്ഡലങ്ങള്‍ ഉള്‍പ്പെട്ടതു കൊണ്ടാണ് വയനാടിനു വേണ്ടി ലീഗ് പിടിമുറുക്കുന്നത്. രാഹുല്‍ ഗാന്ധി മത്സരിക്കുന്നതു കൊണ്ടു മാത്രമാണ് വയനാടിനു വേണ്ടി അവകാശവാദം ഉന്നയിക്കാത്തതെന്ന് പലവട്ടം ലീഗ് നേതാക്കള്‍ വ്യക്തമാക്കിയിട്ടുള്ളതുമാണ്. ഇക്കാര്യം തന്നെയാണ് അണികളോടും ലീഗ് നേതൃത്വം വിശദീകരിച്ചിരുന്നത്. ഇക്കാരണത്താല്‍ തന്നെ രാഹുല്‍ വയനാട് സീറ്റ് ഒഴിഞ്ഞാല്‍ ലീഗിനും മുന്‍ നിലപാട് പുനപരിശോധിക്കേണ്ടതായി വരും. യുവ നേതാക്കളെ മൂന്നാം സീറ്റിലേക്ക് പരിഗണിക്കണമെന്ന ആവശ്യം യൂത്ത് ലീഗും ശക്തമായി തന്നെയാണ് ഉയര്‍ത്തിയിരിക്കുന്നത്. രാഹുല്‍ രാജിവച്ചാല്‍ ഈ വാദം കൂടുതല്‍ ശക്തിപ്പെടാനാണ് സാധ്യത. ഒഴിവു വരുന്ന രാജ്യസഭ സീറ്റു വേണ്ട വയനാട് സീറ്റ് മതിയെന്ന് ലീഗ് ശഠിച്ചാല്‍ കോണ്‍ഗ്രസ്സ് ശരിക്കും വെട്ടിലായി പോകും.

ഇടതുപക്ഷത്തെ രണ്ടാം കക്ഷിയായ സി.പി.ഐയ്ക്ക് നാല് സീറ്റുകള്‍ സി.പി.എം വിട്ടു നല്‍കിയപ്പോള്‍ കാലങ്ങളായി ലീഗിനെ രണ്ട് സീറ്റുകളില്‍ ഒതുക്കുന്ന നിലപാടാണ് കോണ്‍ഗ്രസ്സ് സ്വീകരിച്ചിരിക്കുന്നത്. ഇതും ലീഗിനെ അലട്ടുന്ന പ്രധാന പ്രശ്‌നമാണ്. ഇടതുപക്ഷത്തായിരുന്നു എങ്കില്‍ കൂടുതല്‍ പരിഗണന കിട്ടുമായിരുന്നു എന്ന ചിന്ത ലീഗിലെ പ്രമുഖ നേതാക്കള്‍ക്കിടയിലും വ്യാപകമാണ്. അവരത് തുറന്നു പറയുന്നില്ലെന്നു മാത്രം.

കഴിഞ്ഞ തവണ നേടിയ സീറ്റുകളില്‍ എത്ര എണ്ണം നഷ്ടപ്പെട്ടാലും പ്രതിരോധത്തില്‍ ആകാന്‍ പോകുന്നത് കോണ്‍ഗ്രസ്സാണ്. അപ്പോഴാണ് ലീഗിന് മുന്നിലും വഴങ്ങാന്‍ കോണ്‍ഗ്രസ്സ് നിര്‍ബന്ധിക്കപ്പെടുക. മൂന്നാം സീറ്റെന്ന പേരില്‍ വയനാട് ലീഗിന് നല്‍കുന്ന സാഹചര്യമുണ്ടായാല്‍ അത് കോണ്‍ഗ്രസ്സിലും വലിയ പൊട്ടിത്തെറിക്ക് കാരണമാകും. റായ്ബറേലിയില്‍ നിന്നും വയനാട്ടില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന രാഹുല്‍ ഗാന്ധി റായ്ബറേലിയിലെ പദവി രാജിവച്ചാല്‍ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് വിജയിക്കാനുള്ള സാധ്യത വളരെ കുറവാണ്. അതുകൊണ്ടു തന്നെയാണ് റായ്ബറേലി രാഹുല്‍ നിലനിര്‍ത്തുമെന്ന് രാഷ്ട്രീയ നിരീക്ഷകരും പറയുന്നത്.

എന്നാല്‍ വയനാടിനെ രാഹുല്‍ കൈവിട്ടാല്‍ അതിനും യു.ഡി.എഫിന് വലിയ വില നല്‍കേണ്ടി വരും. വയനാട്ടുകാരെ വഞ്ചിച്ചു എന്ന പഴി രാഹുലിനും യു.ഡി.എഫിനും കേള്‍ക്കേണ്ടിയും വരും. ഉപതിരഞ്ഞെടുപ്പില്‍ ഏറ്റവും അധികം സ്വാധീനം ചെലുത്താന്‍ പോകുന്ന പ്രചരണവും ഇതു തന്നെ ആയിരിക്കും.

മറ്റൊരു മണ്ഡലത്തില്‍കൂടി മത്സരിക്കുന്നുണ്ടെന്ന് വയനാട്ടിലെ ജനങ്ങളെ അറിയിച്ചുകൊണ്ട് രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ തിരഞ്ഞെടുപ്പിനെ നേരിടാമായിരുന്നുവെന്നാണ് വയനാട്ടിലെ ഇടതു സ്ഥാനാര്‍ഥി ആനി രാജ ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്. ഇക്കാര്യം മറച്ചുവച്ചത് വയനാട്ടിലെ വോട്ടര്‍മാരോട് ചെയ്ത നീതികേടാണെന്നും രാഷ്ട്രീയ ധാര്‍മികതയ്ക്ക് ചേരാത്തതാണെന്നും, ആനി രാജ തുറന്നടിച്ചിട്ടുണ്ട്.വയനാട്ടില്‍ പരാജയപ്പെട്ടാലും ആനിരാജ തന്നെ ആയിരിക്കും ഉപതിരഞ്ഞെടുപ്പു വന്നാല്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയെന്നാണ് സി.പി.ഐ കേന്ദ്രങ്ങളും സൂചന നല്‍കുന്നത്. വോട്ടിങ്ങ് ശതമാനത്തില്‍ വലിയ വര്‍ദ്ധനവ് ഇത്തവണ ആനി രാജയ്ക്ക് ഉണ്ടാകുമെന്ന വിലയിരുത്തലും നേതൃത്വത്തിനുണ്ട്. ഉപതിരഞ്ഞെടുപ്പ് വന്നാല്‍ അത് അടിച്ചേല്‍പ്പിച്ചതിന്റെ പരിപൂര്‍ണ്ണ ഉത്തരവാദിത്വം എന്തായാലും യു.ഡി.എഫിനു തന്നെ ആയിരിക്കും. അതാകട്ടെ വ്യക്തവുമാണ്.

2019-ല്‍ ഒരു സീറ്റില്‍ മാത്രം വിജയിച്ച ഇടതുപക്ഷം 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിന്‍ 99 സീറ്റുകള്‍ നേടി തുടര്‍ ഭരണം സാധ്യമാക്കിയ സാഹചര്യത്തില്‍ ഇടതുപക്ഷം കൂടുതല്‍ ലോകസഭ സീറ്റുകള്‍ നേടിയാല്‍ പിന്നെ യു.ഡി.എഫില്‍ നില്‍ക്കാന്‍ മുസ്ലിം ലീഗിനും ബുദ്ധിമുട്ടാകും. അത്തരമൊരു ഘട്ടത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് ലീഗിലെ പ്രബല വിഭാഗം ഇടതുപക്ഷത്ത് എത്തിയാലും അത്ഭുതപ്പെടാനില്ല. ലീഗിനെ സംബന്ധിച്ച്‌ ഭരണം ഇല്ലാതെ ഇനിയും മുന്നോട്ടു പോകാന്‍ കഴിയുകയില്ല. ലോകസഭ തിരഞ്ഞെടുപ്പില്‍ ഈ പ്രതികൂല സാഹചര്യത്തിലും ഇടതുപക്ഷം സീറ്റുകള്‍ വര്‍ദ്ധിപ്പിച്ചാല്‍ മൂന്നാമതും കേരളം ഭരിക്കാനുള്ള വാതിലാണ് ഇടതുപക്ഷത്തിനു മുന്നില്‍ തുറക്കപ്പെടുക. ഇത് കൃത്യമായി അറിയുന്ന ലീഗിലെ ഒരു വിഭാഗം അതിന് അനുസരിച്ചുള്ള നിലപാട് സ്വീകരിച്ചാല്‍ ലീഗില്‍ പിളര്‍പ്പ് ഉറപ്പാണ്. യു.ഡി.എഫിന്റെ അസ്തമയവും അവിടെയാണ് തുടങ്ങുക.

ലീഗിനെ പിളർത്തി ഒരു കഷണത്തെ കൂടെ കൂട്ടി മൂന്നാം തുടര്ഭരണം നേടുക എന്നതാണ് പിണറായി വിജയൻറെ നിലപാട് അതുകൊണ്ടു തന്നെ അത് സിപിഎം ന്റെയും നിലപാടാണ് .പിണറായിയുടെ ഇംഗിതങ്ങളെ കവച്ചു വയ്ക്കാൻ ഇപ്പോൾ സിപിഎം ൽ ആരുമില്ല .സെക്രട്ടറിയേറ്റ് മെമ്പർമാരിൽ പിണറായിയുടെ മുമ്പിൽ ഇരുന്നു സംസാരിക്കുന്നവർ ആരും തന്നെയില്ല നിന്ന് കൊണ്ടാണ് സംസാരിക്കുന്നതെന്നാണ് പിന്നാമ്പുറ വാർത്തകൾ .ലീഗിലെ കുഞ്ഞാലിക്കുട്ടി വിഭാഗം എന്നും സിപിഎം ന്റെ ബി ടീം ആയാണ് പ്രവർത്തിക്കുന്നതെന്ന് ലീഗിൽ തന്നെ ആരോപണമുണ്ട് .

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top