കാഞ്ഞിരപ്പള്ളി: യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി ചേനപ്പാടി ഭാഗത്ത് പൈക്കാട്ട് വീട്ടിൽ സച്ചു സത്യൻ (25) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തും ചേർന്ന് പതിമൂന്നാം തീയതി രാത്രി 8: 30 മണിയോടുകൂടി കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിനെ വിഴിക്കത്തോട് ഭാഗത്ത് വച്ച് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. രാത്രിയിൽ യുവാവും സുഹൃത്തുക്കളും ചേർന്ന് മകരവിളക്കിനോടനുബന്ധിച്ച് വിഴിക്കത്തോട് ഭാഗത്തെ ഹോട്ടലിന് മുന്‍വശം അലങ്കാര പണികൾ ചെയ്തുകൊണ്ടിരിക്കുന്ന സമയം സ്കൂട്ടറിൽ എത്തിയ ആക്രമികൾ യുവാവിന്റെ സുഹൃത്തിനെ മര്‍ദ്ദിക്കുകയായിരുന്നു.
ഇത് തടഞ്ഞ യുവാവിനെ ഇവർ സംഘം ചേർന്ന് കയ്യിൽ കരുതിയിരുന്ന സ്റ്റീലിന്റെ കമ്പി കൊണ്ട് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു. പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശക്തമായ തിരച്ചിലിനൊടുവിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ പിടികൂടുകയായിരുന്നു.
ഇയാള്‍ എരുമേലി സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്. ഓ ഫൈസൽ, എസ്.ഐ ജിൻസൺ ഡൊമിനിക്ക്, എ.എസ്.ഐ അനീഷ്, സി.പി.ഓ മാരായ ശ്രീരാജ്, പീറ്റർ, അഭിലാഷ്, വിമൽ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.