Education

പാലാ അൽഫോൻസാ കോളേജിൽ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജനുവരി 26 ന് 10 മണി മുതൽ നടത്തുന്ന മെഗാ അലുമിനി മീറ്റിനുള്ള ഒരുക്കങ്ങൾ തുടങ്ങി

കോട്ടയം :പാലാ :പാലാ അൽഫോൻസാ കോളേജിൽ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജനുവരി 26 ന് 10 മണി മുതൽ നടത്തുന്ന മെഗാ അലുമിനി മീറ്റിനുള്ള ഒരുക്കങ്ങൾ തുടങ്ങി .

അറുപത് വർഷം മുൻപ് ഒരു വനിതാ കോളേജ് എന്ന ആശയം ഏറെ വെല്ലുവിളികളെ അതിജീവിച്ച് ഭാഗ്യസ്മരണാർഹനായ സെബാസ്റ്റ്യൻ വയലിൽ പിതാവ് മുന്നോട്ടു വയ്ക്കുമ്പോൾ ലോകം നേരിടാനിടയുള്ള വെല്ലുവിളികൾക്ക് ക്രിയാത്മകമായ ഉത്തരം നല്കാൻ കഴിയുന്ന അനേകായിരം വനിതകളെയും അദ്ദേഹം സ്വപനം കണ്ടിരിക്കും. ജീവിതത്തിനായി കൊളുത്തിവയ്ക്കപ്പെട്ട ദീപം എന്നത് അൽഫോൻസാ കോളേജിനെ സംബന്ധിച്ച് ഒരു ആപ്തവാക്യത്തേക്കാളുപരി ഒരു ജീവിതചര്യയാണ് എന്നതിന് അറുപത് വർഷക്കാലമായി നാടിനും സമൂഹത്തിനും ഈ കലാലയം നല്കിക്കൊണ്ടിരിക്കുന്ന സംഭാവനകൾ സാക്ഷ്യം നല്കുന്നു.അക്കാദമിക ,കലാകായിക സാമൂഹിക രാഷ്ട്രീയ മേഖലകളിലെ മികവിൻ്റെ പകരം വയ്ക്കാനില്ലാത്ത അടയാളമായി അൽഫോൻസ കോളേജ് മാറിയതിനു പിന്നിൽ ഉയർത്തിപ്പിടിക്കുന്ന ആശയങ്ങളോടുള്ള വിശ്വസ്തതയും വിദ്യാർത്ഥി സമൂഹത്തോട് പുലർത്തുന്ന ഉത്തരവദിത്വവും ആണെന്ന് നിസംശയം പറയാം.

1964ൽ 400 വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ കലാലയത്തിൽ ഇന്ന് പതിമൂന്ന് ബിരുദ കോഴ്സുകളിലും ഏഴ് ബിരുദാനന്തര കോഴ്സുകളിലുമായി 1500 വിദ്യാർത്ഥികൾ പഠിക്കുന്നു.അഭിവന്ദ്യ മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ , മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ‘ ജേക്കബ് മുരിക്കൻ എന്നിവരുടെ പൈതൃക പരിപാലനയിൽ വളർന്ന ഈ കലാലയത്തെ ഏറിയ കാലവും നയിച്ചിട്ടുള്ളത് അൽഫോൻസായുടെ തന്നെ മക്കളാണ് . ഇവിടെ സേവനം അനുഷ്ഠിച്ചിട്ടുള്ളവരും ഇപ്പോൾ സേവനം ചെയ്യുന്നവരുമായ അധ്യാപകരിൽ ഭൂരിഭാഗവും അൽഫോൻസിയൻസ് ആണ് എന്നതും ശ്രദ്ധേയമാണ്.

സാമൂഹിക ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും ഒരു അൽഫോൻസിയൻ സാന്നിധ്യം കണ്ടെത്താനാവും എന്നത് ഏറെ അഭിമാനാർഹമായ നേട്ടമാണ്. ഷൈനി വിത്സൺ, പ്രീജാ ശ്രീ ധരൻ, സിനി ജോസ് എന്നിവരിലൂടെ മൂന്ന് ഒളിമ്പ്യന്മാരെയും ഷൈനി, പ്രീജാ, പത്മിനി തോമസ് എന്നിവരിലൂടെ മൂന്ന് അർജുന അവാർഡ് ജേതാക്കളെയും രാജ്യത്തിന് സമ്മാനിക്കാൻ കഴിഞ്ഞ ഏക കലാലയമെന്ന അഭിമാനം അൽഫോൻസയ്ക്കുമാത്രം സ്വന്തമാണ്.സുമി, സൗമി, സോണി, സോമി എന്നിങ്ങനെ ജലറാണികളും കേരളത്തിൻ്റെ സുവർണ്ണ കുമാരി കെ.എം. സെലിൻ , സിനി ജോസ്, രശ്മി ബോസ്, പ്രസീത പ്രസന്നൻ, കെ.എസ്. ബിജിമോൾ, ആർ. ശ്രീകല, ആശ സെബാസ്റ്റ്യൻ എന്നിവരും ഉൾപ്പെടുന്ന അൽഫോൻസിയൻ കായിക നിര രാജ്യത്തിൻ്റെ കായിക മേഖലക്ക് നല്കുന്ന സംഭാവന പ്രശംസാവഹമാണ്. നിസ്തുലമായ ഈ നേട്ടങ്ങൾക്ക് മികച്ച സംഭാവനകൾക്കുള്ള കേരള സർക്കാരിൻ്റെ ജി.വി.രാജ അവാർഡ് കോളേജിനെ തേടിയെത്തിയത് ജൂബിലിയെ കൂടുതൽ വർണ്ണാഭമാക്കുന്നു.

കായികമേഖലയിലെന്ന പോലെ കലയിലും സാഹിത്യത്തിലും അൽഫോൻസയുടെ മിടുക്കികളുണ്ട്. ആഷാ ജയിംസ് ഐ എ എസ്, ആനീസ് മാത്യു ഐ എ എസ്, സുനിത ജേക്കബ് ഐ എ എസ്, സി.എച്ച്. ഹണി ഐ എ എസ്, ബി. സന്ധ്യ ഐ പി സ് എന്നിങ്ങനെ നീളുന്നു ഭരണത്തലപ്പത്തെ അൽഫോൻസിയൻ ടച്ച്. യുവ ശാസ്ത്രജ്ഞ ഡോ. ലിജി മോൾ ജയിംസ്, ഗായിക റിമി ടോമി, നടി മിയ എന്നിങ്ങനെ കലാരംഗത്തെയും ശാസ്ത്രലോകത്തെയും സജീവ സാന്നിധ്യനിര നീളുന്നു .

അക്കാദമിക് മേഖലയിലെ അൽഫോൻസ കോളേജിൻ്റെ പകരം വയ്ക്കാനില്ലാത്ത മികവിന് ഇക്കുറിയും കേരളം സാക്ഷ്യം വഹിച്ചു. ഇകഴിഞ്ഞ എം ജി യൂണിവേഴ്‌സിറ്റി ഡിഗ്രി പരീക്ഷയിൽ36 റാങ്കുകളും 99 A+ ഗ്രേഡുകളും 110 A ഗ്രേഡുകളും ഡയമണ്ട് ജൂബിലി വർഷത്തെ വജ്രശോഭിതമാക്കി അൽഫോൻസയുടെ മിടുക്കികൾ.

സാമൂഹിക പ്രതിബദ്ധതയുള്ള, കാലാനുസൃതമായ മാറ്റങ്ങളിലേക്ക് സമൂഹത്തെ നയിക്കാൻ പ്രാപ്തിയുള്ള ഒരു യുവ തലമുറയെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തെ മുന്നിൽ കണ്ട് പ്രവർത്തിക്കുന്ന ഒരു ഉന്നത വിദ്യാഭാസ സ്ഥാപനം എന്ന നിലയിൽ, സാമൂഹിക-വ്യക്തി ജീവിതത്തിൻ്റെ നാനാവിധ തലങ്ങളിലും തനതായ ഒരു മുദ്ര പതിപ്പിക്കാൻ കഴിഞ്ഞു എന്നത് കോളേജിൻ്റെ വജ്ര ശോഭയെ കൂടുതൽ തെളിവുള്ളതാക്കുന്നു . സാമൂഹികവും സാമ്പത്തികവും ലിംഗപരവുമായ അസമത്വങ്ങൾ നിലനിന്നിരുന്ന , പുതിയ ഭാവങ്ങളിൽ ഇന്നും നിലനിൽക്കുന്ന, ഇന്നിൻ്റെ സാമൂഹിക അന്തരീക്ഷത്തിന് ക്രൈസ്തവ മൂല്യങ്ങളിൽ അടിസ്ഥാനമുറപ്പിക്കുന്ന വിശ്വമാനവികതയുടെ പുതിയ ഭാഷ പരിചയപ്പെടുത്തുന്നതിൽ ഈ കലാലയം വഹിക്കുന്ന പങ്ക് നിസ്സാരമല്ല.

പൂർവ്വവിദ്യാർഥി സമ്മേളനത്തിന്റെയും അതോടനുബന്ധിച്ച് നടത്തുന്ന വിപണനമേളയുടെയും സംഘടനാസമിതി യോഗം കോളേജിൽ ചേരുകയുണ്ടായി . കോളേജ് പ്രിൻസിപ്പാൾ റവ.ഡോ.ഷാജി ജോൺ വൈസ് പ്രിൻസിപ്പൽമാരായ ഡോ.സിസ്റ്റർ മിനിമോൾ മാത്യു, ഡോ.സിസ്റ്റർ മഞ്ചു എലിസബത്ത് കുരുവിള, ബർസാർ റവ.ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ , അലുമിനി അസോസിയേഷൻ പ്രസിഡണ്ട് ഡോ. ആൻസി ജോസഫ് പ്രൊഫ. ഡോ.ഷൈനി ജോസ് എന്നിവരുടെ നേതൃത്വത്തിൽ പരിപാടികളുടെ ആസൂത്രണവും വിവിധ കമ്മിറ്റികളുടെ രൂപീകരണവും നടത്തി.

ഡോ. ബി.സന്ധ്യ ഐ പി എസ് ഉദ്ഘാടനം നിർവഹിക്കും . മുൻകാല അധ്യാപകരെയും അതോടൊപ്പം 1964 മുതൽ വിവിധ വർഷങ്ങളിൽ ഉണ്ടായിരുന്ന കോളേജ് യൂണിയൻ ചെയർപേഴ്സൺസ് , സാമൂഹിക ഔദ്യോഗിക തലങ്ങളിൽ നേട്ടങ്ങൾ കൈവരിച്ചവർ ,ആദ്യ ബാച്ചിലെ വിദ്യാർത്ഥികൾ എന്നിവരെയും ആദരിക്കുവാനായി തീരുമാനിക്കുകയുണ്ടായി.അന്നേദിവസം പൂർവ്വ വിദ്യാർത്ഥികൾക്കായി വിവിധ കലാ മത്സരങ്ങളും ഉണ്ടായിരിക്കുന്നതാണ് .

കൂടാതെ ഭക്ഷ്യമേള , കരകൗശല വസ്തുക്കൾ , തുണിത്തരങ്ങൾ എന്നിവയുടെ പ്രദർശനവും വിൽപ്പനയും ഇതിനോടൊപ്പം നടത്തുന്നതാണ് .പൂർവ വിദ്യാർത്ഥികളോടൊപ്പം തന്നെ പൊതുജനങ്ങൾക്കും പ്രദർശന വിപണനമേളകളിൽ പങ്കെടുക്കാവുന്നതാണ് . തങ്ങളുടെ മുൻ അധ്യാപകരോടൊപ്പം പൂർവ്വവിദ്യാർത്ഥികൾ അതാത് ക്ലാസ്സ്മുറികളിൽ ഒത്തുകൂടുന്ന ഓർമ്മച്ചെപ്പ് എന്ന പ്രത്യേക പരിപാടിയും മത്സരവും അന്നേദിവസം കോളേജിൽ നടത്തപ്പെടുന്നതാണ്.

കോളേജ് പ്രിൻസിപ്പാൾ റവ.ഡോ.ഷാജി ജോൺ വൈസ് പ്രിൻസിപ്പൽ ഡോ.സിസ്റ്റർ മിനിമോൾ മാത്യു,അലുമിനി അസോസിയേഷൻ പ്രസിഡണ്ട് ഡോ. ആൻസി ജോസഫ്അലുമ്നി അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗങ്ങൾപ്രൊഫ. ഡോ.ഷൈനി ജോസ് ,ഡോ. മിനു ജോയി , റ്റീന ജെയിംസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top