India

വെടി നിർത്തണമെന്ന് അറബ് രാഷ്ട്രങ്ങൾ;വെടി തുടരുമെന്ന് അമേരിക്ക ;വെടി നിർത്തിയാൽ ഹമാസ് വീണ്ടും സംഘടിക്കുമെന്ന് അമേരിക്ക

അമ്മാന്‍: ഗാസയില്‍ അടിയന്തര വെടിര്‍ത്തല്‍ വേണമെന്ന അറബ് രാഷ്ട്രങ്ങളുടെ ആവശ്യം തള്ളി അമേരിക്ക. ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ ശനിയാഴ്ച അറബ് വിദേശകാര്യ മന്ത്രിമാരുമായുള്ള ചര്‍ച്ചയിലാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ആവശ്യം തള്ളിയത്.വെടിനിര്‍ത്തല്‍ ഹമാസിന് വീണ്ടും സംഘടിക്കാന്‍ സഹായിക്കുമെന്നും ഇത് വിപരീത ഫലമുണ്ടാക്കുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി വ്യക്തമാക്കി. അതേ സമയം ഗാസയിലെ സാധരണക്കാര്‍ക്കുള്ള മാനുഷിക പിന്തുണ നല്‍കുന്നതിനാണ് അമേരിക്ക സജ്ജമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജോര്‍ദാന്‍, സൗദി, യുഎഇ, ഖത്തര്‍, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് ആന്റണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തിയത്. ജോര്‍ദാന്‍,ഈജിപ്ത് വിദേശകാര്യ മന്ത്രിമാരാണ് അടിയന്തര വെടിനിര്‍ത്തല്‍ അനിവാര്യമാണെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ ഈ നടപടി ഹമാസിനെ വീണ്ടും സംഘടിക്കുന്നതിനും ഇസ്രയേലിനെതിരെ വീണ്ടും ആക്രമണം നടത്താന്‍ അവരെ സഹായിക്കുകയും ചെയ്യുമെന്ന് ബ്ലിങ്കന്‍ പറഞ്ഞു.

ഹമാസിനെ എന്നെന്നേക്കുമായി ഇല്ലാതാക്കാനുള്ള ഇസ്രായേലിന്റെ ആവശ്യത്തില്‍ യുഎസ് ഭരണകൂടത്തിന്റെ പിന്തുണ യോഗത്തില്‍ ബ്ലിങ്കന്‍ പങ്കുവെക്കുകയും ചെയ്തു.

വെടിനിര്‍ത്തല്‍ ആവശ്യം തള്ളിയതിന് പിന്നാലെ നയതന്ത്ര നീക്കങ്ങളുടെ ഭാഗമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഇന്ന് തുര്‍ക്കിയിലേക്ക് പോകും. ഇതിനിടെ ഇസ്രയേല്‍ സൈന്യം ഗാസയിലെ അധിനിവേശം കൂടുതല്‍ ശക്തമാക്കി.

ഗാസസിറ്റി പൂര്‍ണമായും വളഞ്ഞെന്ന് പ്രഖ്യാപിച്ച ഇസ്രയേല്‍ സൈന്യം വടക്കന്‍ഗാസക്കാര്‍ക്ക് തെക്കന്‍മേഖലയിലേക്ക് ഒഴിഞ്ഞുപോകാന്‍ ശനിയാഴ്ച മൂന്നുമണിക്കൂര്‍ സുരക്ഷിത ഇടനാഴിയൊരുക്കിയിട്ടുണ്ടെന്ന് അവകാശപ്പെട്ടു. എന്നാല്‍ ആളുകളെ ഹമാസ് തടഞ്ഞുവെച്ചിരിക്കുകയാണെന്നും ഇസ്രയേല്‍ ആരോപിച്ചു.

ഇതിനിടെ 15 ലക്ഷത്തോളം ഗാസക്കാര്‍ കുടിയൊഴിപ്പിക്കപ്പെട്ടതായി ഐക്യരാഷ്ട്ര സഭ അറിയിച്ചു. ഇതില്‍ 7.1 ലക്ഷം ആളുകള്‍ യുഎന്‍ ഏജന്‍സികള്‍ നടത്തുന്ന ക്യാമ്പുകളില്‍ അഭയംപ്രാപിച്ചിട്ടുണ്ടെന്നും അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top