Kerala

കാറിന്റെ ഡിക്കിയിൽ നിന്നും 80 കിലോ കഞ്ചാവ് പിടികൂടി

കൊച്ചി∙ എറണാകുളം ജില്ലയിൽ വീണ്ടും വൻ കഞ്ചാവുവേട്ട. കിഴക്കമ്പലം ഊരാക്കാട് കഴിഞ്ഞയാഴ്ച രണ്ടു കിലോ കഞ്ചാവുമായി പിടിയിലായവരിൽനിന്നു ലഭിച്ച വിവരം പിന്തുടർന്നതാണ് കഞ്ചാവുവേട്ടയ്ക്കു വഴിതുറന്നത്. ഇവർക്കു കഞ്ചാവു നൽകിയ സംഘത്തെ തിരഞ്ഞ പൊലീസിനു ലഭിച്ചത് 80 കിലോ കഞ്ചാവ്. ആലുവ കോമ്പാറയിൽ നിർത്തിയിട്ട കാറിന്റെ ഡിക്കിയിൽനിന്ന് പായ്ക്കറ്റുകളാക്കി വിതരണത്തിന് എത്തിച്ച നിലയിലാണ് ഇതു പിടികൂടിയത്. സംഭവത്തിൽ നാലു പേരെ പൊലീസ് അറസ്റ്റു ചെയ്തു.

ആലുവ നൊച്ചിമ കുടിയമറ്റം വീട്ടിൽ കബീർ (38), എടത്തല അൽ അമീൻ ഭാഗത്ത് മുരിങ്ങാശ്ശേരി വീട്ടിൽ നജീബ് (35), വരാപ്പുഴ വെളുത്തേപ്പിള്ളി വീട്ടിൽ മനു ബാബു (31), വടുതല അരൂക്കുറ്റി ചെത്തിപ്പറമ്പത്ത് വീട്ടിൽ, ഇപ്പോൾ വരാപ്പുഴ വൈ സിറ്റി ബാറിനു സമീപം താമസിക്കുന്ന മനീഷ് (25),  എന്നിവരെയാണ് പിടികൂടിയത്. ഊരാക്കാട് കേസിൽ രണ്ടു പേരെ കൂടി പൊലീസ് അറസ്റ്റു ചെയ്തു. സൗത്ത് കളമശേരി പുള്ളിപറമ്പിൽ വീട്ടിൽ ജിലു (38), കളമശേരി ഗ്ലാസ് കോളനി ഭാഗത്ത് തേരോത്ത് വീട്ടിൽ പ്രസന്നൻ (44) എന്നിവരെയാണ് തടിയിട്ടപറമ്പ് പൊലീസ് അറസ്റ്റു ചെയ്തത്.

 

പൊലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നു ചെറിയാൻ ജോസഫിന്‍റെ വീട്ടിൽ തടിയിട്ടപറമ്പ് പൊലീസ് നടത്തിയ റെയ്ഡിലാണ് പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് തൂക്കാനുപയോഗിക്കുന്ന ഇലക്ട്രോണിക് ഡിജിറ്റൽ ത്രാസും കണ്ടെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽനിന്ന് ഉയർന്ന അളവിലുള്ള കഞ്ചാവ് കൊച്ചിയിൽ എത്തിയിട്ടുണ്ടെന്നു വിവരം ലഭിച്ചു.

 

ഇതോടെ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. സംഭവത്തിൽ ചേലക്കാട്ടിൽ വീട്ടിൽ ചെറിയാൻ ജോസഫ്, മുറിയങ്കോട്ട് വീട്ടിൽ വൈശാഖ്, പുതിയവീട്ടിൽ ഷാജഹാൻ, ആലയ്ക്കാപ്പിള്ളി വീട്ടിൽ സുമൽ വർഗീസ്, വെളുത്തമണ്ണുങ്കൽ വീട്ടിൽ വർഗീസ് എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

 

ജില്ലയിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളിൽ അബ്ക്കാരി നിയമം, ലഹരി വസ്തു നിരോധന നിയമം, തുടങ്ങി പത്തോളം കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ ജിലു. പ്രസന്നനെതിരെ കൊലപാതക ശ്രമം, ആക്രമണ കേസ്,  ആയുധ നിയമം,  കവർച്ച, അബ്ക്കാരി നിയമം, ലഹരി വസ്തു നിരോധന നിയമം, സ്‌ഫോടക വസ്തു നിരോധന നിയമം എന്നിവയടക്കം 16 കേസുകൾ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിലവിലുണ്ടെന്നു പൊലീസ് പറഞ്ഞു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top